Home | Articles | 

Editorial
Posted On: 26/12/19 12:04
ബുക്ക് ഓഫ് ട്രൂത് സന്ദേശങ്ങളെ വിമർശിക്കുന്നവർക്കുള്ള മറുപടി

 

ഈയടുത്ത കാലത്തായി വാട്‍സ് ആപ്പിൽ  ഒരു സന്ദേശം വായിക്കാനിടയായി.   AD രണ്ടാം നൂറ്റാണ്ടിന്റെ  പകുതിയിൽ ഫ്രിജിയയിലെ  മൊന്താനൂസ്   എന്നയാൾ തുടങ്ങിവച്ച മൊന്താനിസം  എന്ന  തെറ്റായ വീക്ഷണത്തെക്കുറിച്ചും അതിൽ ദൈവശാസ്ത്രജ്ഞനായിരുന്ന തെർത്തുല്യൻ  പോലും  വീണുപോയതിനെക്കുറിച്ചും  പരാമർശിച്ചതിനുശേഷം  ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടടുക്കുന്ന കാലഘട്ടത്തിലും  മൊന്താനിസം  തലപൊക്കിത്തുടങ്ങിയിരിക്കുന്നു എന്ന്  പറഞ്ഞുകൊണ്ടാണ് സുദീർഘമായ ഈ ലേഖനം ആരംഭിക്കുന്നത്. മൊന്താനൂസിന്റെ  പ്രധാന പ്രബോധനം  അന്ത്യകാലം അടുത്തിരിക്കുന്നു എന്നതായിരുന്നു.അത് വിളംബരം ചെയ്യാൻ  അയക്കപ്പെട്ട പ്രവാചകൻ ആണ്  താനെന്ന് അദ്ദേഹം അവകാശപ്പെട്ടുവെന്നും ക്രിസ്തുവിന്റെ രണ്ടാം വരവിനു മുന്നോടിയായി  നിരന്തരം ഉപവാസവും പ്രാർത്ഥനയും വഴി ഒരുങ്ങണമെന്നും പ്രവൃത്തികളിൽ നിന്ന് വിട്ടുനിന്ന്  പ്രാർത്ഥനയ്ക്ക് മാത്രമായി സമയം കണ്ടെത്തി  പ്രാധാന്യം നൽകണമെന്നും  മൊന്താനൂസ്   നിർദേശിച്ചിരുന്നു എന്നുമാണ് എനിക്ക് ആ ലേഖനത്തിൽ നിന്ന് മനസിലായത്. 

തുടർന്നുള്ള ഭാഗങ്ങൾ മുഴുവനും  The  Book  of  Truth  എന്ന പുസ്തകത്തെക്കുറിച്ചും  അതിന്റെ മലയാളവിവർത്തനമായ സത്യഗ്രന്ഥത്തെക്കുറിച്ചുമാണ്. അയർലണ്ടിലെ ഒരു വീട്ടമ്മയായ 'ഡിവൈൻ  മരിയ' യ്ക്ക്  കിട്ടിയ സന്ദേശങ്ങൾ ആണ്  ഇവ എന്നും 2017  മാർച്ച് മുതൽ കേരളത്തിലെ  Divine Mercy  Fellowship  എന്ന സംഘടനയും ചില കരിസ്മാറ്റിക് പ്രവർത്തകരും രഹസ്യമായി ഈ  പുസ്തകം  വിതരണം ചെയ്തുതുടങ്ങിയിരിക്കുന്നു എന്നും  ലേഖനത്തിൽ പറയുന്നു.  ഈ പുസ്തകത്തിന്റെ പ്രധാന പ്രമേയങ്ങളായി ലേഖനത്തിൽ പറയുന്നത് താഴെപ്പറയുന്ന കാര്യങ്ങളാണ്.

- അന്ത്യകാലം അടുത്തു
-ക്രിസ്തുവിന്റെ രണ്ടാമത്തെ ആഗമനം അടുത്തു
- അതിനുമുന്നോടിയായി അന്തിക്രിസ്തു ലോകത്തിലേക്ക് വരും
- ഈ അന്തിക്രിസ്തുവിന്  വഴിയൊരുക്കാൻ വന്ന വ്യാജപ്രവാചകനാണ് ഫ്രാൻസിസ് പാപ്പാ.

തുടർന്ന്  Book  of  Truth  നൽകുന്ന ചില തെറ്റായ സന്ദേശങ്ങളിൽ ചിലത് എന്ന തലക്കെട്ടിനു കീഴെ 29  കാര്യങ്ങൾ അക്കമിട്ട് എഴുതിയിട്ടുണ്ട്. അവയിൽ പലതും തീർച്ചയായും ഗൗരവമായ ശ്രദ്ധ അർഹിക്കുന്ന വിഷയങ്ങൾ തന്നെയാണ്. അവയിലേക്ക് കടക്കുന്നതിനു മുൻപായി  ആമുഖമായി ചില കാര്യങ്ങളിൽ    ചൂണ്ടിക്കാണിക്കട്ടെ. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ മൊന്താനിസം  എന്ന പാഷാണ്ഡത തലപൊക്കി എന്ന് സൂചിപ്പിക്കുന്ന ലേഖനകർത്താവ് അതിനെക്കുറിച്ചു കൂടുതലൊന്നും പറയുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ പകുതി എന്ന് പറയുമ്പോൾ  ഏതാണ്ട് 1925  മുതൽ 1975   വരെ എന്ന് നമുക്ക് കണക്കിലെടുക്കാം. അക്കാലത്തെ ഒരു  സംഭവങ്ങളെക്കുറിച്ചും  പറയാതെ ലേഖനകർത്താവ്   ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ (കൃത്യമായി പറഞ്ഞാൽ 2010  മുതൽ)  സംഭവിച്ച കാര്യങ്ങളെക്കുറിച്ചാണ് വിശദീകരിക്കുന്നത്.  നമ്മൾ പരാമർശിക്കുന്ന  വിഷയവുമായി ബന്ധപ്പെട്ട്  ഇരുപതാം നൂറ്റാണ്ടിന്റെ  പകുതിയോടെ സംഭവിച്ചിട്ടുള്ള ചില കാര്യങ്ങൾ നമുക്ക് ഓർത്തെടുക്കാം.

- 1917 ലെ ഫാത്തിമാ ദർശനങ്ങളെ 1946 ൽ  സഭ  അംഗീകരിച്ചു.
- 1945 ൽ  ആംസ്റ്റർഡാമിൽ സർവജനപദങ്ങളുടെയും നാഥ എന്നപേരിൽ മാതാവിന്റെ പ്രത്യക്ഷീകരണം
- രണ്ടാം വത്തിക്കാൻ കൗൺസിൽ
- ഗരബന്ദാൽ  ദർശനങ്ങൾ
- 1973 ലെ അക്കിത്ത ദർശനങ്ങൾ
- 1973 ൽ തുടങ്ങിയ  ഫാദർ സ്‌റ്റെഫാനോ ഗോബിയുടെ  ദർശനങ്ങൾ
- 1884 ൽ  ലിയോ  പതിമൂന്നാമൻ പാപ്പാ എല്ലാ കത്തോലിക്കാ ദൈവാലയങ്ങളിലും എല്ലാ ദിവസങ്ങളിലും ചൊല്ലണം എന്ന് നിർദേശിച്ചിരുന്ന  മുഖ്യദൂതനായ വിശുദ്ധ മിഖായേലിനോടുള്ള പ്രാർത്ഥന  1960 കളോടെ
( കൃത്യമായി പറഞ്ഞാൽ രണ്ടാം വത്തിക്കാൻ കൗൺസിൽ നടക്കുന്ന സമയത്തുതന്നെ) ചൊല്ലാതായി.

ഇക്കാര്യങ്ങളെക്കുറിച്ചും ലേഖനകർത്താവ് എന്തെങ്കിലും സൂചിപ്പിച്ചിരുന്നുവെങ്കിൽ  നന്നായിരുന്നു എന്നു ചിന്തിക്കുകയാണ്. സ്ഥലപരിമിതിയോ സമയപരിമിതിയോ കൊണ്ടായിരിക്കാം അദ്ദേഹം  നേരെ ബുക്ക് ഓഫ് ട്രൂത്തിലേക്ക്  പ്രവേശിച്ചത് എന്ന് കരുതുന്നു.ലേഖനത്തിലെ, ഒറ്റനോട്ടത്തിൽ സംഭ്രമജനകമെന്നു തോന്നാവുന്ന പല  വെളിപ്പെടുത്തലുകളും  വായിച്ചപ്പോൾ അതിന്റെ നിജസ്ഥിതി  അറിയണമെന്നും അക്കാര്യങ്ങൾ മറ്റുള്ളവരെ അറിയിക്കണം എന്നുമുള്ള ശക്തമായ തോന്നൽ ഉണ്ടായതിന്റെ ഫലമാണ് ഈ  കുറിപ്പ്.

ആദ്യമേ തന്നെ Book  of  Truth  നൽകുന്ന  തെറ്റായ സന്ദേശങ്ങളിൽ ചിലത് എന്ന  തലക്കെട്ടിൽ  അക്കമിട്ടു നിരത്തിയിരിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച്.           

1. മിശിഹായുടെ രണ്ടാമത്തെ രണ്ടാമത്തെ ആഗമനം അടുത്തു.

               ഈ പ്രബോധനം തെറ്റാണെങ്കിൽ പോൾ ആറാമൻ  മാർപ്പാപ്പയ്ക്കും ജോൺ  പോൾ  രണ്ടാമൻ
              പാപ്പയ്ക്കും ഗുരുതരമായ തെറ്റ് പറ്റിയിരിക്കുന്നു എന്ന് പറയാതെ വയ്യ.  കാരണം അന്ത്യകാലത്തിന്റെ
              ചില അടയാളങ്ങൾ  ഇതാ പ്രത്യക്ഷമാകാൻ തുടങ്ങിയിരിക്കുന്നു എന്നും നമ്മൾ
              അന്ത്യകാലഘട്ടത്തിലാണ്   ജീവിക്കുന്നത് എന്നും  പരസ്യമായി പ്രസ്താവിച്ചത് വിശുദ്ധരായി സഭ
             ഈയടുത്ത കാലത്ത്   നാമകരണം ചെയ്ത ഈ മാർപ്പാപ്പാമാരാണ്. പാഷണ്ഡത പഠിപ്പിക്കുന്ന
             വ്യക്തികളെ ഫ്രാൻസിസ്  പാപ്പായുടെ  നേതൃത്വത്തിലുള്ള കത്തോലിക്കാ സഭ വിശുദ്ധരായി
             പ്രഖ്യാപിക്കും എന്നാണോ  ലേഖനകർത്താവ്  ഉദ്ദേശിക്കുന്നത്?

               കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥത്തിൽ  (CCC ) 673  മുതൽ 677  വരെയുള്ള ഖണ്ഡികകളിൽ
              പറയുന്നത്   കർത്താവിന്റെ ദ്വിതീയാഗമനം  ഏത്  നിമിഷവും സംഭവിച്ചേക്കാം എന്നാണ്.

             പല അപ്പസ്തോലന്മാരും ആദ്യകാലക്രിസ്തുശിഷ്യരും  യേശുവിന്റെ രണ്ടാം വരവ് ഉടനെ സംഭവിക്കും
             എന്ന്  ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു എന്നതിന്റെ സൂചനകൾ ബൈബിളിലെ ലേഖനങ്ങളിൽ
             തന്നെയുണ്ടല്ലോ. അവർ ഏതായാലും  പാഷാണ്ഡതയാവില്ലലോ പഠിപ്പിച്ചത്?

3.  മിശിഹായുടെ  രണ്ടാം വരവിനു മുൻപായി അന്തിക്രിസ്തു വരുമെന്ന്:

             ഇത് തെറ്റായ സന്ദേശമാണെന്ന്  ലേഖനകർത്താവിനു തോന്നുന്നുവെങ്കിൽ അദ്ദേഹത്തിന്റെ
            ക്രിസ്തീയവിശ്വാസത്തെ കുറിച്ച് എനിക്കൊന്നും പറയാനില്ല. മതപരമായ പരമവഞ്ചന
            അന്തിക്രിസ്തുവിന്റേതായിരിക്കും എന്നും  മനുഷ്യൻ ദൈവത്തിന്റെയും മാസം ധരിച്ചുവന്ന 
            അവിടുത്തെ മിശിഹായുടെയും സ്ഥാനത്ത്  തന്നെത്തന്നെ മഹത്വപ്പെടുത്തുന്ന  മിശിഹാവാദമാണ്
           അത്  എന്നും പറഞ്ഞത് മൊന്താനൂസോ  ബുക്ക് ഓഫ് ട്രൂത്തോ  അല്ല , KCBC  പ്രസിദ്ധീകരിച്ച
          കത്തോലിക്കാ  സഭയുടെ  മതബോധനഗ്രന്ഥത്തിന്റെ (CCC )  മലയാളവിവർത്തനത്തിന്റെ
          ഖണ്ഡിക  675 ലാണ്. അത് പ്രസിദ്ധീകരിച്ചത് 2005  ഡിസംബർ 3  നാണ്. വെളിപാട്‌  13 ൽ പറയുന്ന
         കടലിൽ നിന്ന് കയറിവരുന്ന മൃഗം അന്തിക്രിസ്തു (ശരിയായ പ്രയോഗം  എതിർക്രിസ്തു എന്നാണ് കേട്ടോ)
         ആണ്  എന്ന കാര്യത്തിൽ   ദൈവശാസ്ത്രജ്ഞന്മാർക്കൊന്നും  സംശയമില്ല. ഇത്  അവസാന
         മണിക്കൂറാണ്. അന്തിക്രിസ്തു  വരുന്നെന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ  എന്ന്   പറയുന്ന യോഹന്നാൻ
        ശ്ലീഹായും (1 യോഹ. 2:18) അന്തിക്രിസ്തു വരുമെന്നുതന്നെയാണ് സൂചിപ്പിക്കുന്നത്.ആ ദിവസത്തിനുമുൻപ്
          വിശ്വാസത്യാഗമുണ്ടാകുകയും നാശത്തിന്റെ സന്താനമായ അരാജകത്വത്തിന്റെ മനുഷ്യൻ
          പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു ( 1  തെസ.2:3) എന്ന് പറഞ്ഞുകൊണ്ട് കർത്താവിന്റെ
          ആഗമനത്തിന്റെ തൊട്ടുമുൻപായി  എതിർക്രിസ്തു പ്രത്യക്ഷപ്പെടും എന്ന് അർത്ഥ ശങ്കയ്ക്കിടയില്ലാത്ത
         വിധം  പൗലോസ്  അപ്പസ്തോലനും   പ്രസ്താവിച്ചിട്ടുണ്ടല്ലോ.  ദാനിയേൽ പ്രവാചകന്റെ പുസ്തകവും
         എതിർക്രിസ്തുവിന്റെ ആഗമനത്തെക്കുറിച്ചും അവന്റെ പ്രവർത്തനങ്ങളെക്കുറിച്ചും  വിവരിക്കുന്നുണ്ട്.
        ബാലപാഠങ്ങൾ പോലും  ഒരു ക്രിസ്ത്യാനിയെ പറഞ്ഞു പഠിപ്പിക്കേണ്ടി വരിക എന്ന് പറഞ്ഞാൽ  നമ്മുടെ
       വിശ്വാസം എവിടെ എത്തിനിൽക്കുന്നു എന്ന് ചിന്തിക്കുക.

4. അന്തിക്രിസ്തുവിന് വഴിയൊരുക്കാൻ വന്ന  വ്യാജപ്രവാചകൻ ആണ്  ഫ്രാൻസിസ് പാപ്പാ എന്ന്.

       ഫ്രാൻസിസ് പാപ്പയെയെന്നല്ല  ഏതൊരു വ്യക്തിയെയും വിലയിരുത്തുമ്പോൾ  മൊന്താനൂസിനെയോ
      മരിയ ഡിവൈൻ  മേഴ്‌സിയെയോ  അല്ല നാം മാനദണ്ഡമാക്കി എടുക്കേണ്ടത്.  ഫലത്തിൽ നിന്ന്
     വൃക്ഷത്തെ അറിയുക എന്നതാണ് സാമാന്യ യുക്തിയ്ക്ക് നിരക്കുന്നതും യേശുക്രിസ്തു നമ്മെ
     പഠിപ്പിച്ചുതന്നതുമായ മാർഗം.  ഉദാഹരണം  പറഞ്ഞാൽ  ഒരു കാലത്ത് കത്തോലിക്കാസഭ
     തള്ളിപ്പറയുകയും   സഭയെ തള്ളിപ്പറയുകയും ചെയ്ത  മാർട്ടിൻ ലൂഥർ  ഇന്ന് കത്തോലിക്കാ സഭയ്ക്ക്
    കൂടുതൽ സ്വീകാര്യനാകുന്നു.  യേശുക്രിസ്തുവിന്റെ കുരിശുമരണം മനുഷ്യന്റെ പാപമോചനത്തിന്
     വേണ്ടിയായിരുന്നില്ല എന്ന്  ഒരു പ്രമുഖ കത്തോലിക്കാ രാജ്യത്തെ മെത്രാൻ സമിതിയുടെ അധ്യക്ഷൻ
     പ്രസ്താവിക്കുന്നു.  പുതിയ ലോകക്രമവും വരാനിരിക്കുന്ന ആഗോളഭരണകൂടവുമായി  ബന്ധപ്പെട്ട
    വ്യക്തികൾ  കത്തോലിക്കാ സഭയിലടക്കം എല്ലാ മതസംഘടനകളിലും  നുഴഞ്ഞു
    കയറിക്കഴിഞ്ഞിരിക്കുന്നു.  സ്വവർഗ വിവാഹംഅത്ര വലിയ  തെറ്റൊന്നുമല്ല എന്ന് കരുതുകയും
    പഠിപ്പിക്കുകയും ചെയ്യുന്ന   കുറേപ്പേരെങ്കിലും സഭയിലുണ്ടെന്ന് നമുക്കറിയാം. സഭ കൂടുതൽ കൂടുതലായി
    ലോകത്തിനു   അനുരൂപപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന് മനസിലാക്കാൻ ഇതൊക്കെ പോരെ? സഭയും
   ലോകവും  ഒരുപോലെയാകുമ്പോൾ ആ ദിനങ്ങൾ വരും എന്ന  പ്രവചിച്ചത്  മോന്തനൂസിനും  ശേഷം നാലാം
    നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈജിപ്തിലെ വി. ആൻ്റണി ആണെന്നാണ് എന്റെ ഓർമ്മ.

    അതുകൊണ്ട്  ഫ്രാൻസിസ് പാപ്പയെ  മാത്രമല്ല, മരിയ ഡിവൈൻ  മെഴ്‌സിയെയും  ബുക്ക് ഓഫ്
    ട്രൂത്തിനെയും  ഫലത്തെ നോക്കി മാത്രം വിലയിരുത്തുക എന്നതാണ് യുക്തിസഹമായ വഴി.

6. രാഷ്ട്രീയപരമായ ന്യൂനതകളെ തെറ്റിദ്ധാരണകൾക്ക് ഇടയാക്കുന്നു.

          എതിർക്രിസ്തു എല്ലാ രാഷ്ട്രങ്ങളെയും  ഭരിക്കുകയും എല്ലാ ജനങ്ങളെയും കീഴ്‌പ്പെടുത്തുകയും
          ദൈവത്തിനെതിരെ ശബ്ദമുയർത്തുകയും ചെയ്യും എന്നാണ് ഒരിക്കലും തെറ്റാൻ  ഇടയില്ലാത്ത
          വിശുദ്ധഗ്രന്ഥം നമുക്ക് മുന്നറിയിപ്പ് തരുന്നത്.  അതുകൊണ്ടുതന്നെ രാഷ്ട്രീയമായ ഓരോ ചെറുചലനം
          പോലും    അവസാനകാലഘട്ടത്തിൽ  പ്രധാനപ്പെട്ടതാണ്.  ലേഖകൻ  ലോകരാഷ്ട്രീയത്തിൽ അനുദിനം
          സംഭവിച്ചു കൊണ്ടിരിക്കുന്ന  കാര്യങ്ങളെക്കുറിച്ചു കൂടുതൽ ശ്രദ്ധിക്കണം എന്നപേക്ഷിക്കുന്നു.
          പ്രത്യേകിച്ച് ഇസ്രയേലും പലസ്തീനുമായി ഒരു സമാധാനക്കരാർ ഉണ്ടാക്കാൻ  ട്രംപിന്റെ മരുമകന്റെ
         നേതൃത്വത്തിൽ  നടക്കുന്ന നീക്കങ്ങൾ.

7. വളരെപ്പെട്ടെന്നുതന്നെ ഈ ബുക്കിലെ സന്ദേശങ്ങൾ നിരോധിക്കപ്പെടുമെന്നും സഭാവിരോധമായി പ്രഖ്യാപിക്കുമെന്നും ഈ ബുക്കിൽ തന്നെ പറയുന്നുണ്ട്.

             അങ്ങനെ പറയുന്നത് ഒരു തെറ്റായ സന്ദേശമാണെന്നാണോ ലേഖകൻ പറയുന്നത്? എങ്കിൽ ഞാൻ
             അതിനെ സ്വാഗതം ചെയ്യുന്നു. കാരണം അങ്ങനെയെങ്കിൽ ഇത് കൂടുതൽ ആളുകളുടെ കൈകളിൽ
            എത്തിച്ചേരുമല്ലോ. നമുക്ക് കാത്തിരുന്ന്  കാണാം.

9. സഭയിൽ നിന്നും നടപടി ഉണ്ടാകുമ്പോൾ  സഭ പിളർക്കുമെന്നും ഈ സന്ദേശങ്ങളിൽ വിശ്വസിക്കുന്ന സമൂഹം യഥാർത്ഥ കത്തോലിക്കാ വിശ്വാസികളായി തുടരുമെന്നും വാദമുണ്ട്.

        സഭയിൽ നിന്ന് നടപടി ഉണ്ടാകുമ്പോൾ സഭ പിളർക്കും എന്ന സന്ദേശം ബുക്ക് ഓഫ് ട്രൂത്തിൽ
       കണ്ടതായി ഓർക്കുന്നില്ല. ഏത് ഭാഗത്താണെന്ന് പറഞ്ഞാൽ ഉപകാരമായിരുന്നു.  മുഴുവൻ സന്ദേശങ്ങളും
       വായിക്കാത്തതുകൊണ്ടു സംഭവിച്ച ആശയക്കുഴപ്പം ആവാനാണ് സാധ്യത.  ഇത്രയും പറഞ്ഞ സ്ഥിതിയ്ക്ക്
       ഒരു കാര്യം സൂചിപ്പിക്കേണ്ടതുണ്ട്.  യഥാർത്ഥ ക്രൈസ്തവവിശ്വാസത്തിൽ നിൽക്കുന്നവരും സഭയെ
       ലോകത്തിന് അനുരൂപരാക്കാൻ  ശ്രമിക്കുന്നവരും തമ്മിലുള്ള ഭിന്നത പല തലങ്ങളിലായി കൂടുതൽ
      കൂടുതൽ പ്രകടമായിക്കൊണ്ടിരിക്കുന്ന സമയമാണിത്.  സ്വാഭാവികമായും അങ്ങനെയൊരു
      സാഹചര്യത്തിൽ ബുക്ക് ഓഫ് ട്രൂത്ത് വായിച്ചിട്ടുള്ളവർ സത്യത്തിന്റെ വഴി തന്നെ തെരഞ്ഞെടുക്കും.
     കർത്താവിന്റെ രണ്ടാം വരവിനു മുൻപായി സഭയിൽ വലിയ വിശ്വാസത്യാഗം ഉണ്ടാകും എന്ന്  വിശുദ്ധ
    പൗലോസ് പറഞ്ഞത് നിറവേറുന്ന ഒരു കാലഘട്ടത്തിലാണ്  നാം  ജീവിക്കുന്നത് എന്നത് സത്യമാണ്.  സഭയും
     വ്യാജസഭയും തമ്മിലും സുവിശേഷവും വ്യാജസുവിശേഷവും തമ്മിലും   നേർക്കുനേർ നിൽക്കുന്ന ഒരു
    സാഹചര്യം  സംജാതമാകും എന്ന പറഞ്ഞത്  മരിയ ഡിവൈൻ  മേഴ്‌സിയല്ല.  എന്റെ ഓർമ്മ
    ശരിയാണെങ്കിൽ അത് പറഞ്ഞത്  പോൾ  ആറാമൻ  പാപ്പായോ  അല്ലെങ്കിൽ ജോൺ  പോൾ  രണ്ടാമൻ
    പാപ്പയോ ആണ്.

11. അന്ത്യകാലത്ത് സഭയെ നയിക്കാൻ  കരിസ്മാറ്റിക്പ്രവർത്തകരെയാണ്  ഏൽപ്പിച്ചിരിക്കുന്നത് എന്ന വാദം
     അനേകരെ ഇതിലേക്ക് ആകർഷിക്കുന്നു.

      ഇത് ശരിയാണെങ്കിൽ ഗുരുതരമായ ഒരു ആരോപണമാണല്ലോ.  എന്നാൽ സത്യാവസ്ഥ അതല്ല. ബുക്ക് ഓഫ്
     ട്രൂത്തിൽ ഒരിടത്തും  സഭയെ നയിക്കാനുള്ള ചുമതല കരിസ്മാറ്റിക്കുകാരെ ഏല്പിച്ചിട്ടില്ല.  കൃത്യമായ
     റെഫറൻസ് ഉണ്ടായിരുന്നെങ്കിൽ വായിച്ചുനോക്കാമായിരുന്നു.  എന്നാൽ അവസാനകാലഘട്ടത്തിൽ
     സഭയുടെ എല്ലാ തലങ്ങളിലും വിശ്വാസത്യാഗം വ്യാപകമാകുമ്പോൾ സത്യവിശ്വാസത്തിൽ
    അവശേഷിക്കുന്നവർക്ക് അവർ കരിസ്മാറ്റിക് ആണെകിലും അല്ലെങ്കിലും  അഭിഷിക്തർ ആണെങ്കിലും
    അല്ലെങ്കിലും  വലിയൊരു പങ്ക് വഹിക്കാനുണ്ടാകും എന്ന് ബുക്ക് ഓഫ് ട്രൂത്ത് ആവർത്തിച്ച് പറയുന്നുണ്ട്.

12. ആദ്യത്തെ വെളിപാട്   കിട്ടുന്നത്  2010  നവംബർ 8 നും  അവസാനത്തെ വെളിപാട് കിട്ടുന്നത് 2013  ആഗസ്ത്
      23 നുമാണ് എന്ന് ലേഖകൻ പറയുന്നു.

     ഇത് തികച്ചും തെറ്റായ  വസ്തുതയാണ്.  അവസാനത്തെ സന്ദേശം (വെളിപാടല്ല) കിട്ടിയത്  2015  മാർച്ച് 4 നാണ്. അതായത് ആകെയുള്ള 1330 സന്ദേശങ്ങളിൽ അവസാനത്തെ  445  എണ്ണം കിട്ടിയത്  ലേഖകൻ പറഞ്ഞ  തിയതിയ്ക്കുശേഷമാണ്.  ആ സന്ദേശങ്ങൾ വായിക്കാൻ കഴിയാതെ പോയതായിയിരിക്കും ലേഖനത്തിൽ ഇത്രയധികം വസ്തുതാപരമായ അബദ്ധങ്ങൾ കടന്നുകൂടാൻ  കാരണമെന്ന് ഞാൻ കരുതുന്നു. വളരെ പ്രധാനപ്പെട്ട പല സന്ദേശങ്ങളും  അവസാനഭാഗത്താണുള്ളത്  എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

15. രണ്ടാം വത്തിക്കാൻ കൗൺസിലിനെ അവർ തള്ളിക്കളയുന്നു..........റീത്തുകളുടെ വൈവിധ്യത, സാംസ്കാരിക നിരൂപണം, മതനിരപേക്ഷത, മതസൗഹാർദം എന്നിവയൊക്കെ എതിർക്കുന്നു.

     അങ്ങനെയൊരു പരാമർശം  ഈ പുസ്തകത്തിലുണ്ടോ? പുസ്തകം മുഴുവൻ മനസ്സിരുത്തി വായിച്ചിട്ടുള്ള ആരെങ്കിലും  അഭിപ്രായം പറയുമെന്ന് കരുതുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പല തീരുമാനങ്ങളും തങ്ങൾക്ക് യോജിക്കുന്ന രീതിയിൽ വ്യാഖ്യാനിച്ചുകൊണ്ട്  കത്തോലിക്കാസഭയിൽ വിജാതീയതയും  വിഗ്രഹാരാധന എന്ന് തന്നെ പറയാവുന്ന തരത്തിലുള്ള കാര്യങ്ങളും  കൊണ്ടുവരാൻ ശ്രമിക്കുകയും അതിൽ ഒരു പരിധി  വരെ വിജയിക്കുകയും ചെയ്ത ഒരു  ഫ്രീമേസൺ  കൂട്ടായ്മ സഭയിൽ
 കഴിഞ്ഞ അര നൂറ്റാണ്ടായി സജീവമാണ്. അതിന്റെ ദോഷഫലങ്ങൾ ഏറ്റവുമധികം അനുഭവിക്കുന്ന ഒന്നാണ് കേരളസഭ. തീർച്ചയായും അതിനെക്കുറിച്ചു ബുക്ക് ഓഫ് ട്രൂത്ത് പ്രശംസിച്ചുപറയുമെന്നു കരുതാൻ പറ്റില്ലല്ലോ.

ബുക്ക് ഓഫ് ട്രൂത്തിൽ റീത്തുകളുടെ വൈവിധ്യത്തെ എതിർക്കുന്ന ഭാഗം  ഏതെന്നു ചൂണ്ടിക്കാണിക്കാമോ?  ഞാൻ വായിച്ചുനോക്കിയിട്ട് അങ്ങനെയൊന്നും  കാണാൻ  കഴിഞ്ഞിട്ടില്ല. സാംസ്കാരിക നിരൂപണത്തെ ബുക്ക് ഓഫ് ട്രൂത്ത് എന്തിന് എതിർക്കണം? അത് സാംസ്കാരികനായകന്മാരുടെ പണിയല്ലേ?

മതനിരപേക്ഷത ഒരു രാഷ്ട്രീയ, സാമൂഹ്യ  സിദ്ധാന്തമാണ്. അതും കത്തോലിക്കാ സഭയും ആയി എന്ത് ബന്ധം?  മതനിരപേക്ഷസമൂഹത്തിൽ യേശുവിന്റെ  വെളിച്ചം പകർന്നുകൊടുക്കുക എന്നതാണ് സഭയുടെ  ധർമം. മതനിരപേക്ഷത കൂടിക്കൂടി വന്ന  ക്രിസ്തീയരാജ്യങ്ങളിൽ ക്രിസ്തീയവിശ്വാസം  തകർന്നു കൊണ്ടിരിക്കുകയാണെന്ന് നമുക്ക് മുൻപിൽ തന്നെ സാക്ഷ്യങ്ങളുണ്ട്.  ലേഖകന് പറ്റിയ അബദ്ധം മതനിരപേക്ഷതയും മതസൗഹാർദ്ദവും തമ്മിൽ തെറ്റിദ്ധരിച്ചതാണെന്നു കരുതുന്നു.

ഇനി മതസൗഹാർദം. മതസൗഹാർദത്തെ എതിർക്കുന്ന  ഏത് ഭാഗമാണ് ബുക്ക് ഓഫ് ട്രൂത്തിൽ ഉള്ളതെന്ന് പറഞ്ഞാൽ വായിച്ചുനോക്കി ബോധ്യപ്പെടാമായിരുന്നു. ഞാൻ നോക്കിയിട്ട്  കാണാത്തതുകൊണ്ടാണ്.  എത്രാം നമ്പർ സന്ദേശമാണെന്ന് പറഞ്ഞാൽ മതി.

16. ലോകാവസാനത്തിനു മുൻപ്  ബൈബിളിൽ നടക്കുമെന്ന് പറഞ്ഞ അടയാളങ്ങൾ ഇനി ലോകത്തിൽ നടക്കുമെന്ന് പറയുന്നു.

      അത് പൂർണ്ണമായും അംഗീകരിക്കുന്നു. ബുക്ക് ഓഫ് ട്രൂത്തിനെ അംഗീകരിക്കാത്തവർക്കും ഇക്കാര്യത്തിൽ സംശയമൊന്നുമില്ല.  സാധാരണ വിശ്വാസം മാത്രമുള്ള ഒരു ക്രിസ്ത്യാനിയുടെ വിശ്വാസമാണ് കർത്താവിന്റെ രണ്ടാം വരവിനു മുൻപു സംഭവിക്കേണ്ട കാര്യങ്ങൾ ഇപ്പോൾ ലോകത്തിൽ സംഭവിച്ചുതുടങ്ങി എന്ന്.

ഇവിടെ ഒരു കാര്യം   കൂട്ടിച്ചേർക്കുന്നത് ആവശ്യമാണ്.  "അന്ത്യകാലത്തെക്കുറിച്ചും അതിന് മുന്നോടിയായി  വ്യാജ പ്രവാചകൻ  ലോകത്തെത്തിയിരിക്കുന്നുവെന്നും പ്രവചനം നടത്തുന്ന വൈദികരോ കരിസ്മാറ്റിക് പ്രവർത്തകരോ  ഉണ്ടെങ്കിൽ നിസംശയം പറയാം.  ഈയൊരു ബുക്കിന്റെ വെളിച്ചത്തിലാണ്  ഇവരുടെ സംശയം"  എന്നൊരു പ്രസ്താവന  ലേഖനത്തിൽ കണ്ടു. അത് ശുദ്ധ  മണ്ടത്തരമാണെന്നു വിനയപൂർവം സൂചിപ്പിക്കട്ടെ.  എന്റെ അനുഭവത്തിൽ അന്ത്യകാലത്തെക്കുറിച്ചും അതിനു മുന്നോടിയായി വ്യാജപ്രവാചകൻ  പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ചുമൊക്കെ പറയുകയും വിശ്വസിക്കുകയും ചെയ്യുന്നവർ ഭൂരിപക്ഷവും-  ഞാൻ ആവർത്തിക്കുന്നു ഭൂരിപക്ഷവും-  ബുക്ക് ഓഫ് ട്രൂത്തിനെ അംഗീകരിക്കാത്തവരോ അങ്ങനെയൊരു ബുക്കിനെക്കുറിച്ചുതന്നെ കേൾക്കാത്തവരോ ആണ്.

അവരെല്ലാവരും ബുക്ക് ഓഫ് ട്രൂത്തിനെക്കുറിച്ച് കേൾക്കുകയും അത് വായിക്കുകയും ചെയ്തിരുന്നുവെങ്കിൽ എന്ന ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ലേഖകനോടുള്ള അപേക്ഷ ദയവുചെയ്ത് ഇനിയാരോടെങ്കിലും ഇക്കാര്യം സംസാരിക്കുമ്പോൾ  ആദ്യമേ തന്നെ അവർ ബുക്ക് ഓഫ് ട്രൂത്ത് വായിച്ചിട്ടുണ്ടോ എന്ന് ചോദിക്കണം എന്നാണ്. എന്റെ അറിവിൽ കേരളത്തിൽ വളരെക്കുറച്ചുപേർ മാത്രമേ ഇതുവരെ  ഈ പുസ്തകം മുഴുവനായും വായിച്ചിട്ടുള്ളൂ.  അവിടുന്നും ഇവിടുന്നും  ഓരോ ഖണ്ഡിക വായിച്ച് അതിനെ വിമർശിക്കുന്നവരുടെ എണ്ണമായിരിക്കും അതിനേക്കാൾ കൂടുതൽ എന്നത് അതിശയോക്തിയല്ല.

17.  ഒരു വർഗത്തെ പ്രത്യേകം സ്നേഹിക്കുകയും മറ്റൊരു വർഗം മനുഷ്യരെ വെറുക്കുകയും ചെയ്യുന്ന വർഗീയ ദൈവമായാണ് അവർ പരി. ത്രിത്വത്തെ അവതരിപ്പിക്കുന്നത്.

ഗുരുതരമായ ആരോപണമാണിത്. ദയവുചെയ്ത് ഈ പരാമർശം ഏത്  സന്ദേശത്തിൽ അല്ലെങ്കിൽ ഏത് ഖണ്ഡികയിൽ ആണെന്ന് പറയൂ സഹോദരാ......  . യേശു ലോകത്തിലേക്ക് വന്നത് എല്ലാ മനുഷ്യരെയും രക്ഷിക്കാനായാണെന്നും  രണ്ടാം വരവിനു മുൻപായി  സത്യം അറിയാൻ എല്ലാവർക്കും  അവസരം ലഭിക്കും എന്നുമാണ് സഭയുടെ വിശ്വാസം.   ആരെയെങ്കിലും വെറുക്കുന്ന ഒരു ദൈവത്തെയല്ല സഭയോ ബുക്ക് ഓഫ് ട്രൂത്തോ  പരിചയപ്പെടുത്തുന്നത്.  കുരിശുയുദ്ധ പ്രാർത്ഥനകൾ  പലതും അവിശ്വാസികൾക്കും ക്രിസ്തുവിനെ തിരസ്കരിക്കുന്നവർക്കും വേണ്ടിയുള്ളതാണെന്ന് അറിയുമ്പോൾ ഈ ആരോപണം വ്യാജമാണെന്ന് തെളിയും.

19. കുരിശുയുദ്ധത്തെയും കുരിശുയുദ്ധപ്രാർത്ഥനയെയും അവർ കൂടുതൽ വിലമതിക്കുന്നു.

ഇത് ശരിയാണ്. ചെറിയൊരു തിരുത്ത് വേണമെന്ന്  മാത്രം. കുരിശുയുദ്ധം എന്നത് ലേഖകൻ  ചരിത്രത്തിൽ  വായിച്ചിട്ടുള്ള ക്രിസ്ത്യൻ- മുസ്ലിം യുദ്ധമല്ല. അവസാനകാലത്ത് ദൈവകല്പനകൾ കാക്കുന്നവരും യേശുവിനു സാക്ഷ്യം വഹിക്കുന്നവരുമായി  വെളിപാട് പുസ്തകം പന്ത്രണ്ടാം അധ്യായത്തിൽ വിവരിക്കപ്പെടുന്ന  സ്ത്രീയുടെ സന്താനങ്ങളിൽ  ശേഷിച്ചിരുന്നവരും  സാത്താനുമായി   ആത്മീയതലത്തിൽ നടക്കുന്ന യുദ്ധത്തിന്റെ  ഒരു ഭാഗമാണ്. കുരിശുയുദ്ധപ്രാർത്ഥനയെ  തീർച്ചയായും  വിലമതിക്കുന്നുണ്ട്. എന്നാൽ അതിനേക്കാളും കൂടുതൽ വിലമതിക്കുന്നത് വിശുദ്ധഗ്രന്ഥത്തെയും വിശുദ്ധരായ മാർപാപ്പാമാരുടെ ആത്മീയനേതൃത്വത്തിൽ സഭ നൂറ്റാണ്ടുകളിലൂടെ  രൂപപ്പെടുത്തി  സഭാമക്കളെ  പഠിപ്പിക്കുന്ന  പ്രബോധനങ്ങളെയുമാണ്.

20. അമിത മുസ്ലിം വിരോധവും  മറ്റു മതവിശ്വാസികൾ പിശാചിന്റെ മക്കളാണെന്നുള്ള സന്ദേശങ്ങളും.

    വളരെ ഗുരുതരമായ ആരോപണം തന്നെ. സമ്മതിക്കുന്നു. പക്ഷെ തെളിവ് എവിടെ? ബുക്ക് ഓഫ് ട്രൂത്ത് മുഴുവൻ വായിച്ചിട്ടും  ഇങ്ങനെയൊരു കാര്യം എന്റെ കണ്ണിൽ  പെട്ടിട്ടില്ല.  സഹോദരാ, ദയവുചെയ്ത് ഏത് സന്ദേശത്തിൽ, ഏത് ഖണ്ഡികയിൽ നിന്നാണ് താങ്കൾക്ക് ഈ  സംഭ്രമജനകമായ വാർത്ത കിട്ടിയതെന്ന് പറയാമോ?   പോട്ടേ,  വലിച്ചുനീട്ടി വ്യാഖ്യാനിച്ചാൽ പോലും ഇങ്ങനെയൊരു അർത്ഥം  വരാവുന്ന രീതിയിൽ ഉള്ള ഏതെങ്കിലും  വാചകം ബുക്ക് ഓഫ് ട്രൂത്തിൽ ഉണ്ടോ എന്ന് ആരെങ്കിലും പറയണേ.

21. മൂന്നാം ലോകമഹായുദ്ധ മുന്നറിയിപ്പ്.

തീർച്ചയായും ഉണ്ട്. മൂന്നാം ലോകമഹായുദ്ധം ഉടനെ വരാനിരിക്കുന്നു. എന്നല്ല വ്യക്തിപരമായി ഞാൻ ചിന്തിക്കുന്നത് അത് നാമെല്ലാം കരുതുന്നതിനേക്കാൾ  വളെരെ മുൻപേ സംഭവിക്കും എന്നാണ്.  അന്ത്യദിനത്തിനുമുന്പായി  നിങ്ങൾ യുദ്ധങ്ങളെപ്പറ്റി കേൾക്കുമെന്നും അവയെപ്പറ്റിയുള്ള കിംവദന്തികളും കേൾക്കുമെന്നും പറഞ്ഞ യേശുവിലാണ് എന്റെ വിശ്വാസം.  വെളിപാട് പുസ്തകത്തിലെ ആറാം അധ്യായത്തിലും   വാൾ കൊണ്ട്  ഭൂമിയിൽ വലിയ നാശം ഉണ്ടാകുമെന്ന് പറയുന്നുണ്ടല്ലോ.


22.. യുക്തിക്ക് നിരക്കാത്ത സന്ദേശങ്ങൾ  ഈ ബുക്കിലെ  മറ്റൊരു പ്രത്യേകതയാണ്.
        ഉദാ: സത്യം തകർന്ന് ഇല്ലാതാകും.

      സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് പ്രയോഗിക്കാനാണെങ്കിൽ ഇതുപോലുള്ള  നൂറുകണക്കിന് പ്രയോഗങ്ങൾ എല്ലാ പുസ്തകത്തിലും കിട്ടും.  കണ്ടിടത്തോളം ഇത് വിവർത്തനത്തിൽ വന്ന പിഴവാകാനാണ്  സാധ്യത.   റഫറൻസ് തന്നാൽ പരിശോധിച്ച് അഭിപ്രായം പറയാം.  പിന്നെ നാം ഇപ്പോൾ പരാമർശിക്കുന്ന ഈ ലേഖനത്തിലെ എല്ലാ വാദങ്ങളും  തികച്ചും യുക്തിഭദ്രമായിട്ടാണോ  അവതരിപ്പിച്ചിരിക്കുന്നതെന്ന് ഇതിനോടകം നിങ്ങൾക്ക്  ബോധ്യപ്പെട്ടിരിക്കുമല്ലോ.

23.ഇവരുടെയിടയിൽ നിന്ന് ധൈര്യപൂർവം സത്യം പറയുന്ന  ഒരാളെ ദൈവം തെരഞ്ഞെടുക്കും ഏന് ബുക്കിൽ പറയുന്നു.( അയാൾ കർദിനാൾ സാറയാണെന്ന് ഇവർ വാദിക്കുന്നുണ്ട്)

തീർച്ചയായും  സത്യത്തിൽ ധൈര്യപൂർവം  ഉറച്ചുനിൽക്കുന്നവരെ ദൈവം അന്ത്യകാലഘട്ടത്തിൽ  പ്രത്യേകമാം വിധം തെരഞ്ഞെടുത്ത് തനിക്കായി വേല ചെയ്യാൻ നിയോഗിക്കും. അത് സാറയാകാം. അബ്രാഹമാകാം. മോശയോ ഏലിയായോ ആകാം. ആ വിളി തനിക്ക് വരണമേയെന്ന് ഓരോരുത്തരും പ്രാർത്ഥിക്കട്ടെ.

27. വ്യാജപ്രവാചകന്റെ  ആത്യന്തിക ലക്‌ഷ്യം ഏകലോകമതമാണെന്ന് വിശ്വസിക്കുന്നു.......

അത് അങ്ങനെ തന്നെയാണ് ബൈബിളിൽ പറയുന്നത്. രണ്ടു വചനങ്ങൾ ശ്രദ്ധിക്കുക.

എതിർക്രിസ്തുവിനെക്കുറിച്ച്:   വിശുദ്ധരോട് പടപൊരുതി  അവരെ കീഴ്‌പ്പെടുത്താൻ അതിന് അനുവാദം നൽകി.  സകല ഗോത്രങ്ങളുടെയും ജനതയുടെയും ഭാഷകളുടെയും രാജ്യങ്ങളുടെയും മേൽ അതിന് അധികാരവും ലഭിച്ചു.  വധിക്കപ്പെട്ട കുഞ്ഞാടിന്റെ ജീവഗ്രന്ഥത്തിൽ, ലോകസ്ഥാപനം മുതൽ പേരെഴുതപ്പെടാത്തവരായി ഭൂമിയിൽ വസിക്കുന്ന സർവരും അതിനെ ആരാധിക്കും ( വെളി. 13:7-8).

വ്യാജപ്രവാചകനെക്കുറിച്ച്:   അത് ആദ്യത്തെ മൃഗത്തിന്റെ ( എതിർക്രിസ്തു) എല്ലാ അധികാരവും  അതിന്റെ മുൻപിൽ പ്രയോഗിച്ചു. മാരകമായ മുറിവ് സുഖപ്പെട്ട ആദ്യത്തെ മൃഗത്തെ ആരാധിക്കാൻ അത് ഭൂമിയെയും ഭൂവാസികളെയും  നിർബന്ധിച്ചു. ( വെളി.13:12).

ഇത് വായിച്ചിട്ട് നിങ്ങൾക്ക് എന്ത് തോന്നുന്നു? വ്യാജപ്രവാചകന്റെ ആത്യന്തികലക്ഷ്യം മറ്റെന്തെങ്കിലുമാണോ?

28. പാപ്പായുടെ സന്ദേശങ്ങൾ വളച്ചൊടിച്ചു അവതരിപ്പിക്കലും ഇവരുടെ പ്രധാന ഹോബിയാണ്.

പ്രിയ സഹോദരാ, ഹോബിയുടെയൊക്കെ കാലം കഴിഞ്ഞെന്നെങ്കിലും ദയവുചെയ്ത് മനസിലാക്കുക. മനസുതിരിഞ്ഞ്, വിശുദ്ധജീവിതം നയിക്കാനും പ്രാർത്ഥനയിൽ മുന്നേറാനും  ജീവിതകടമകൾ സുവിശേഷവെളിച്ചത്തിൽ നിറവേറ്റികൊണ്ട് അവസാനയുദ്ധത്തിൽ പിടിച്ചുനിൽക്കാനുമുള്ള സമയം എത്തിക്കഴിഞ്ഞു. പിന്നെ ഏത് പാപ്പയുടെ സന്ദേശങ്ങൾ ആണ് വളച്ചൊടിക്കുന്നത്?  ഫ്രാൻസിസ് പാപ്പയുടെയോ  ബനഡിക്ട്  പാപ്പയുടെയോ?   ഒന്നുരണ്ടു ഉദാഹരണങ്ങൾ പറഞ്ഞാൽ കാര്യം പെട്ടെന്ന് മനസിലാകുമായിരുന്നു.  എനിക്ക് തോന്നുന്നത്  വളച്ചൊടിക്കപ്പെടാൻ പാകത്തിൽ ഒരു  വാക്കു പോലും ബനഡിക്ട് പാപ്പായുടെ  വായിൽ നിന്ന് പുറത്തുവന്നിട്ടില്ല. പറഞ്ഞതെല്ലാം അളന്നുതൂക്കിമുറിച്ച വാക്കുകളായിരുന്നു.

ഫ്രാൻസിസ് പാപ്പാ കൂടുതൽ സംസാരപ്രിയനായതുകൊണ്ടും  മാധ്യമങ്ങളുമായി  വളരെ അടുത്ത  ബന്ധം പുലർത്തുന്നതിനാലും  അദ്ദേശത്തിന്റെ വാക്കുകൾ കൂടുതലായി ലോകത്തിൽ കേൾക്കപ്പെടുന്നുണ്ട്. അതിൽ പലതും  ഒന്നിലധികം തരത്തിൽ വ്യാഖ്യാനിക്കാൻ സാധ്യതയുള്ളതാണെന്ന് ആരെങ്കിലും പറഞ്ഞാൽ അത് നിഷേധിക്കാൻ അല്പം ബുദ്ധിമുട്ടാണ്.  ഇതെഴുതുന്ന എനിക്കുപോലും പലപ്പോഴും ഇപ്പോഴത്തെ മാർപ്പാപ്പ പറയുന്ന ചില കാര്യങ്ങളുടെ അർഥം മനസിലാകുന്നില്ല.

29.  തങ്ങളുടെ സന്ദേശങ്ങൾക്ക് ജനശ്രദ്ധ  ആകർഷിക്കുവാൻ അവർ ദൈവവചനത്തെ വളച്ചൊടിച്ച് അവതരിപ്പിക്കുന്നു.

 മറ്റൊരു ഗുരുതരമായ ആരോപണം. ഇത്ര  ദീർഘമായ ലേഖനം  എഴുതുവാൻ മനസുവച്ച ലേഖകന്    ഇക്കാര്യത്തിൽ ഒന്നുരണ്ട് ഉദാഹരണങ്ങൾ കൂടി വയ്ക്കാമായിരുന്നു. എങ്കിൽ സഭാധികാരികൾക്ക്  അത് തക്കസമയത്ത് തിരുത്തിക്കൊടുക്കാമായിരുന്നല്ലോ.  ഇക്കാര്യം അറിഞ്ഞിട്ടും മൂടിവയ്ക്കുന്ന ലേഖകൻ ചെയ്യുന്നത് ശരിയാണോ? അതുകൊണ്ട്  ദൈവവചനത്തെ വളച്ചൊടിച്ച് അവതരിപ്പിക്കുന്ന  സംഭവങ്ങൾ എല്ലാം  തീർച്ചയായും  പരസ്യപ്പെടുത്തണം.  അത് ബുക്ക് ഓഫ് ട്രൂത്തിന്റെ പുറകെ നടക്കുന്നവരുടെ കാര്യത്തിൽ മാത്രമല്ല വേണ്ടത്.  വചനവിരുദ്ധമായി പ്രവർത്തിക്കുകയും സ്വന്തം താല്പര്യങ്ങൾക്കും ആവശ്യങ്ങൾക്കും  അനുസരിച്ചും സഭയെ ലോകത്തിന് അനുരൂപമാക്കാനും വേണ്ടി  വചനത്തെ വളച്ചൊടിക്കുകയും ചെയ്യുന്ന എല്ലാവരുടെയും  കാര്യങ്ങൾ പരസ്യപ്പെടുത്തുന്നത് നല്ലതാണ്.

 എല്ലാക്കാര്യങ്ങളും അക്കമിട്ട് മറുപടി തരുമ്പോൾ ഈ കുറിപ്പ് ഇനിയും ദീർഘിക്കുമെന്നതിനാൽ നിർത്തു ന്നു.. എല്ലാവരെയും യേശു സമൃദ്ധമായി അനുഗ്രഹിക്കട്ടെ

Myparish.net




Article URL:







Quick Links

ബുക്ക് ഓഫ് ട്രൂത് സന്ദേശങ്ങളെ വിമർശിക്കുന്നവർക്കുള്ള മറുപടി

ഈയടുത്ത കാലത്തായി വാട്‍സ് ആപ്പിൽ  ഒരു സന്ദേശം വായിക്കാനിടയായി.   AD രണ്ടാം നൂറ്റാണ്ടിന്റെ  പകുതിയിൽ ഫ്രിജിയയിലെ  മൊന്താനൂസ്   എന്നയാൾ തുടങ്ങിവച്ച മൊന്താനിസം&n... Continue reading