Home | Articles | 

Editorial
Posted On: 05/01/20 15:28
ദൈവസ്നേഹവും നിത്യനരകവും ഒന്നിച്ചു പോകുമോ?

 

ദൈവസ്നേഹവും നിത്യനരകവും ഒന്നിച്ചു പോകുമോ?
(ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ്)

ആദിമസഭ മുതൽ, സഭയിൽ ഏറെ ചർച്ചകൾക്ക് കാരണമായിത്തീർന്ന ഒരു വിഷയമാണ് ദൈവം സ്നേഹമായിരിക്കെ എന്തുകൊണ്ട് ഒരു നിത്യനരകം കൂടി ഉണ്ടായിരിക്കുന്നു എന്നത്. നിത്യനരകം ഉണ്ട് എന്ന് സഭ വിശ്വസിക്കാൻ കാരണം അന്ത്യവിധിക്ക് ശേഷമുള്ള മനുഷ്യാത്മാവിന്റെ അവസ്ഥയെക്കുറിച്ച് പറഞ്ഞപ്പോൾ,അതിൽ ഒരു കൂട്ടർ നിത്യശിക്ഷയിൽ ആയിരിക്കുമെന്ന് ഈശോ തന്നെ പറഞ്ഞിട്ടുണ്ട് എന്നതാണ് (മത്തായി 25:46). എ ഡി 543-ലെ കോൺസ്റ്റാൻറിനോപ്പിൾ കൗൺസിലിൽ, പിശാചുക്കൾക്കും തിന്മ പ്രവർത്തിക്കുന്നവർക്കുമായുള്ള നരകം നിത്യമല്ല എന്ന് പഠിപ്പിക്കുന്നവൻ ശപിക്കപ്പെട്ടവനാകട്ടെയെന്ന് പഠിപ്പിക്കുന്നുണ്ട്. CCC 1035-ലും നരക ശിക്ഷ നിത്യമാണ് എന്ന് ഉറപ്പിച്ചു പഠിപ്പിക്കുന്നുണ്ട്.
വിശുദ്ധ ഗ്രന്ഥവും സഭാപ്രബോധനവും പഠിപ്പിക്കുന്നത് ഇതായിരിക്കെ, ഇതിനോട് ചേർന്ന് ചിന്തിക്കാനെ ഒരു വിശ്വാസിക്ക്, (ആത്മാവിന്) 'അവകാശമുള്ളൂ'. അതിനു വിരുദ്ധമായി വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് താൻ സ്നേഹിക്കുന്നു എന്ന് പറയുന്ന ദൈവത്തെ എതിർക്കലാണ് എന്ന് ഓർമിക്കണം. തന്റെ വചനങ്ങൾ പാലിക്കുന്നവർ ആണ് തന്നെ സ്നേഹിക്കുന്നത് എന്ന് ഈശോ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്(യോഹ 14:23). അതുകൊണ്ടുതന്നെ ഈ സത്യത്തിനു വിരുദ്ധമായ ചിന്തകൾ വരുമ്പോൾ വിശുദ്ധ പൗലോസ് ചെയ്തത് നാമും ചെയ്യണം .2കോറി 10:5 "ദൈവത്തെപ്പറ്റിയുള്ള അറിവിനെതിരായ വാദമുഖങ്ങളെയും ഒൗദ്‌ധത്യപൂര്‍ണമായ എല്ലാ പ്രതിബന്‌ധങ്ങളെയും ഞങ്ങള്‍ തകര്‍ക്കുകയും ക്രിസ്‌തുവിനെ അനുകരിക്കേണ്ടതിന്‌ എല്ലാ ചിന്താഗതികളെയും കീഴ്‌പ്പെടുത്തുകയും ചെയ്യുന്നു".

ദൈവശാസ്ത്രത്തിന് കത്തോലിക്കാസഭാ ആദ്ധ്യാത്മികതയിൽ ഒരു വലിയ പങ്കുണ്ട്. എന്നാൽ അത് സഭാപ്രബോധനങ്ങളെ സേവിക്കുക എന്നത് മാത്രമാണ്, അല്ലാതെ അതിനെ ഭരിക്കുവാൻ അല്ല. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ ഒരിക്കൽ പറയുകയുണ്ടായി കത്തോലിക്കാസഭാവിശ്വാസികൾ ദൈവശാസ്ത്രജ്ഞന്മാരുടെ അഭിപ്രായങ്ങളെയല്ല സഭയുടെ പ്രബോധനങ്ങളെയാണ് സ്വീകരിക്കേണ്ടത്. താൻ വിശ്വാസത്തിൽ കൂടി ഗ്രഹിച്ച കാര്യങ്ങളെ യുക്തിയിൽ കൂടി മനസിലാക്കാൻ ശ്രമിക്കുന്നതാണ് ദൈവശാസ്ത്രം എന്നിരിക്കെ, തിരുസഭാസത്യങ്ങൾ നിഷ്കളങ്കമായി വിശ്വസിക്കുന്ന വ്യക്തിക്ക് മാത്രമേ ഒരു യഥാർത്ഥ കത്തോലിക്കാ ദൈവശാസ്ത്രജ്ഞൻ ആകാൻ കഴിയൂ. അങ്ങനെ വരുമ്പോൾ നരകത്തിന്റെ യാഥാർത്ഥ്യം, അതിന്റെ നിത്യതാസ്വഭാവം ഇവ വിശ്വസിച്ചിട്ടില്ല, സഭയെ, ദൈവത്തെ നിരുപാധികം വിശ്വസിച്ചിട്ടില്ല എന്നതിൽ നിന്നാണ് ദൈവസ്നേഹവും നിത്യനരകവും ഒരുമിച്ച് പോവുകയില്ല എന്ന ചിന്ത വരുന്നതെന്ന് ഓർക്കണം.

 

ദൈവം സ്നേഹമായതുകൊണ്ട് അന്ത്യവിധിയോട് കൂടി ദൈവം നരകം ഒഴിവാക്കുമെന്ന് പഠിപ്പിച്ച് അതിന്റെ നിത്യതാസ്വഭാവം ഒഴിവാക്കാൻ ശ്രമിച്ച വ്യക്തിയാണ് സഭാപിതാവായ ഒരിജൻ. എന്നാൽ പിന്നീട് അദ്ദേഹം തന്റെ തെറ്റ് പിൻവലിച്ചു. നരകത്തെ സംബന്ധിച്ച് അതിന്റെ ഏറ്റവും വലിയ ഭീകരത അതിന്റെ നിത്യതാസ്വഭാവമാണ് എന്നതിനാൽ ദൈവത്തോട് സ്നേഹത്തിലും ജ്ഞാനത്തിലും ഐക്യപ്പെടാത്ത ഒരാൾക്ക് സ്നേഹത്തെക്കുറിച്ച് കുറച്ചൊക്കെ മെച്ചപ്പെട്ട ഒരു അവസ്ഥയിൽ നിന്ന് നോക്കുമ്പോൾ നിത്യനരകത്തെ ഉൾകൊള്ളാൻ കഴിയില്ല.

 

തന്റെ അറിവിനെയും തോന്നലുകളെയും വിശ്വാസമായും തന്റെ വൈകാരിക മേഖലയുടെ ഉദ്ദീപനത്തെ സ്നേഹമായും ഒക്കെ തെറ്റിദ്ധരിക്കുക മനുഷ്യസഹജമാണ്. ഇതിൽ നിന്ന് വളരെ വ്യത്യസ്തമാണ് ദൈവികപുണ്യമായ വിശ്വാസവും സ്നേഹവും എന്ന് മനസിലാകണമെങ്കിൽ ദൈവകൃപയാൽ ദൈവിക പുണ്യങ്ങളിൽ ജീവിക്കാൻ ഇടയാകണം. ദൈവിക പുണ്യങ്ങളിൽ നാം ആയിരിക്കുമ്പോൾ വിശുദ്ധ ബൈബിളിനെയും ഈശോയെയും സഭാപ്രബോധനങ്ങളെയും നാം ശരിയായി വ്യാഖ്യാനിക്കുവാൻ, മനസിലാക്കാൻ കഴിവുള്ളവർ ആകും. അല്ലെങ്കിൽ അവയെല്ലാം നമ്മുടെ തോന്നലിനും അനുഭവങ്ങൾക്കും അനുസൃതം നാം വ്യാഖ്യാനിക്കും.

 

നരകം, നിത്യനരകം ഇതേക്കുറിച്ചുള്ള ചിന്ത, അറിവ് നമുക്ക് ഭയം ഉളവാക്കും എന്നത് ഉറപ്പാണ്. എന്നാൽ ഇതേക്കുറിച്ചുള്ള വിശ്വാസം നമുക്ക് ദൈവത്തോട് അടുപ്പം ഉണ്ടാക്കും . ഇത്ര ഭയാനകമായ ഒന്നിൽ നിന്ന് എന്നെ രക്ഷിക്കുവാൻ വേണ്ടിയാണല്ലോ ദൈവം അതികഠോരമായ വേദന സഹിച്ചതെന്ന് ഓർത്ത് ദൈവത്തോട് വലിയ സ്നേഹം ഉണ്ടാകും. നിത്യ നരകത്തിൽ ഉള്ള വിശ്വാസം ദൈവസ്നേഹത്തിലേക്ക് തീക്ഷ്ണമായി മുന്നേറാനുള്ള ഒരു വഴിയാണ് എന്ന് വിശുദ്ധഅമ്മത്രേസ്യാ വ്യക്തമാക്കിയിട്ടുണ്ട്. നരകത്തിന്റെ തീയല്ല, മറിച്ച് അതിൽ നിന്ന് തന്നെ വലിച്ചു കയറ്റുന്ന രക്ഷകന്റെ സ്നേഹമാണ് 'വിശ്വാസികൾ ' അവിടെ കാണുന്നത്.(നരകം ഒരു തീ സമുദ്രമെന്നതിനേക്കാൾ ഉപരി ദൈവത്തോടും ദൈവത്തിൽ ഉള്ളവരോടുമുള്ള നിത്യമായ അകൽച്ചയാണെന്ന് സഭ പഠിപ്പിക്കുന്നു. സ്നേഹപരവേശം കൊണ്ട് നിറഞ്ഞ ആത്മാവ് സ്നേഹത്തോട് ബന്ധപ്പെടാൻ കഴിയാതെ നിത്യതയിൽ കഴിയേണ്ടി വരുന്നു).
നരകത്തെക്കുറിച്ച് പഠിപ്പിക്കുമ്പോൾ അതിന്റെ ആലങ്കാരികവർണന ഭയപ്പെടുത്തുന്ന രീതി കഴിവതും ഒഴിവാക്കി ആ യാഥാർത്ഥ്യത്തിൽ നിന്ന് രക്ഷിക്കുന്ന രക്ഷകന്റെ വലിയ സ്നേഹത്തെക്കുറിച്ച് പഠിപ്പിക്കാൻ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. ദൈവത്തോട് ഭയമുണ്ടാകും, അകൽച്ച ഉണ്ടാകും എന്ന ചിന്തയാൽ ഒരു സഭാപ്രബോധനം ഒഴിവാക്കുകയല്ല, ദൈവിക പുണ്യമായ വിശ്വാസം അവരിൽ ജനിക്കുവാൻ ആവശ്യമായത് ചെയ്തു കൊടുക്കുകയാണ് ശുശ്രൂഷകർ ചെയ്യേണ്ടത്.

 

നിത്യനരകം എന്നത് ഒരു യാഥാർത്ഥ്യം ആയത് കൊണ്ട് അതെക്കുറിച്ച്‌ ഒരു തരം ഭയവും ഉണ്ടാവുക സ്വാഭാവികമാണ്. അധ:പതിച്ച മനുഷ്യപ്രകൃതിക്ക് ഭയം ഒരുതരം ഔഷധമാണ്. സ്നേഹം നിന്നെ നിർബന്ധിക്കുന്നില്ലെങ്കിൽ ഭയം നിന്നെ നിർബന്ധിക്കട്ടെ എന്ന് ഇതേക്കുറിച്ച് വിശുദ്ധ അമ്മത്രേസ്യാ പറയുന്നുണ്ട്. ഭയം ഒഴിവാക്കാൻ വേണ്ടി നരകം, നിത്യനരകം, പാപം ഇവയെ ഒഴിവാക്കുകയോ ലഘൂകരിക്കുകയോ അല്ല ചെയ്യേണ്ടത്,മറിച്ച് വിശുദ്ധർ ആകാൻ പ്രചോദിപ്പിക്കുകയും അതിനുള്ള വഴികാട്ടുകയുമാണ്. കാരണം വിശുദ്ധി വന്നു കഴിയുമ്പോൾ ഭയം തന്നെ മാറും. മറിച്ചു പറഞ്ഞാൽ ദൈവമോ വിശ്വാസ സത്യങ്ങളോ അല്ല നമ്മെ ഭയപ്പെടുത്തുന്നത്, നമ്മുടെ പാപമാണ്. പാപം ദൈവത്തെക്കുറിച്ചുള്ള അജ്ഞത, തെറ്റിദ്ധാരണ നമ്മിൽ സൃഷ്ടിക്കുന്നു. എന്നാൽ വിശുദ്ധിയിൽ പ്രവേശിക്കുമ്പോൾ ദൈവം സ്നേഹം മാത്രമാണ് എന്നും അവിടുത്തെ ആരും(എത്ര വലിയ പാപിയും) ഭയപ്പെടേണ്ടതില്ലായിരുന്നു എന്നും മനസ്സിലാകും. ദൈവത്തോട് ചേർന്ന വ്യക്തിക്ക് നരകം എന്ന ഭയമാണുണ്ടാകുന്നത്? (വിശുദ്ധി നേടി) ദൈവത്തോട് ഐക്യപ്പെട്ടിരിക്കുന്നവർക്ക് ഇനിമേൽ ശിക്ഷാവിധിയില്ല (നരകം ഇല്ല, നരകഭീതിയില്ല) എന്ന് റോമ 8:1 നാം മനസിലാക്കണം.

 

ദൈവം സ്നേഹമാണ് എന്ന് നാം പണിപ്പെട്ട് തെളിയിക്കേണ്ടതില്ല. ദൈവം സ്നേഹമാണ്. അത് വിശ്വസിച്ചതിനുശേഷം അവിടുന്ന് ചെയ്തതെല്ലാം, ചെയ്യുന്നതെല്ലാം സ്നേഹമാണ് എന്നുകൂടി വിശ്വസിച്ചാൽ മതി. നിത്യനരകം എന്ന യാഥാർത്ഥ്യവും അവിടുത്തെ സ്നേഹവുമായി തന്നെ നാം ബന്ധപ്പെടുത്തി കാണണം. നമ്മുടെ സ്വാഭാവിക സ്നേഹം വച്ച് ദൈവസ്നേഹത്തെ അളക്കാൻ ശ്രമിക്കാതെ, വിശുദ്ധിയിൽ ദൈവത്തോട് ഐക്യപ്പെട്ട് ആ സ്നേഹത്തിലായിട്ട് അവിടുത്തെ പദ്ധതികളെ നോക്കിക്കാണണം. അപ്പോൾ സകലതും, നരകം ഉൾപ്പെടെ ദൈവസ്നേഹവുമായി ബന്ധപ്പെട്ടാണിരിക്കുന്നത് എന്ന് നാം തിരിച്ചറിയും. വിശുദ്ധ മത്തായി 5:8 നാം ഏറെ ഗൗരവത്തോടെ കാണണം. ഈ ലോകത്തിൽ വച്ച് തന്നെ ദൈവത്തെ കാണാനുള്ള സാധ്യത,വഴി ഈശോ പറഞ്ഞു തരികയാണ്. ഹൃദയവിശുദ്ധി പാലിക്കുക. ഹൃദയ വിശുദ്ധി വരുമ്പോൾ ദൈവത്തെ നാം കാണും, സ്നേഹമായി കാണും. സകലതും ദൈവസ്നേഹത്തിന്റെ വ്യാപാരങ്ങളായി തിരിച്ചറിയും. യുക്തിക്ക് നിരക്കുന്ന സ്നേഹവാനായ ഒരു ദൈവത്തെ ഉണ്ടാക്കാൻ ശ്രമിക്കാതെ, ഹൃദയ വിശുദ്ധിയിൽ; സ്നേഹമായ ദൈവത്തെ അറിയണം.

 

ദൈവം സ്നേഹമാണെങ്കിൽ എങ്ങനെ നരകമുണ്ടായിരിക്കാൻ കഴിയും.?
ദൈവം ആരെയും ശപിച്ചുതള്ളുന്നില്ല. മനുഷ്യൻ തന്നെയാണ് ദൈവത്തിന്റെ കരുണാപൂർണ്ണമായ സ്നേഹം നിരസിക്കുകയും ദൈവവുമായുള്ള ഐക്യത്തിൽനിന്ന് തന്നെത്തന്നെ ഒഴിവാക്കിക്കൊണ്ട്‌ പൂർണ്ണമനസോടെ നിത്യജീവനില്ലാതാക്കുകയും ചെയ്യുന്നത്‌. ഏറ്റവും മോശക്കാരനായ പാപിയുമായുള്ള ഐക്യവും ദൈവം ആഗ്രഹിക്കുന്നു. ഓരോ വ്യക്തിയും മാനസാന്തരപ്പെടണമെന്നും രക്ഷിക്കപ്പെടണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നുണ്ട്‌. എന്നാലും, ദൈവം മനുഷ്യനെ സ്വാതന്ത്ര്യമുള്ളവനായി സൃഷ്ടിച്ചു. അവന്റെ തീരുമാനങ്ങളെ ആദരിക്കുകയും ചെയ്യുന്നു. സ്നേഹിക്കുന്നതിനു നിർബന്ധിക്കാൻ ദൈവത്തിനുപോലും സാധ്യമല്ല. ഒരുവൻ സ്വർഗത്തിനുപകരം നരകം തിരഞ്ഞെടുക്കുമ്പോൾ സ്നേഹിക്കുന്നവനെന്ന നിലയിൽ അവിടുന്നു ശക്തിരഹിതനാണ്. " കാലവിളമ്പത്തെ കുറിച്ച്‌ ചിലർ വിചാരിക്കുന്നതുപോലെ കർത്താവ്‌ തന്റെ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ താമസം വരുത്തുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും അനുതപിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതുകൊണ്ട്‌ നിങ്ങളോടു ദീഘക്ഷമ കാണിക്കുന്നതാണ്.". (2 പത്രോസ്‌3:9). "എല്ലാവരും രക്ഷിക്കപ്പെടണം എന്നും സത്യം അറിയണമെന്നുമാണ് അവിടുന്ന് ആഗ്രഹിക്കുന്നത്‌". ( 1 തിമോത്തി 2:4)

(ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ്)
Article URL:Quick Links

ദൈവസ്നേഹവും നിത്യനരകവും ഒന്നിച്ചു പോകുമോ?

ദൈവസ്നേഹവും നിത്യനരകവും ഒന്നിച്ചു പോകുമോ? (ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ്) ആദിമസഭ മുതൽ, സഭയിൽ ഏറെ ചർച്ചകൾക്ക് കാരണമായിത്തീർന്ന ഒരു വിഷയമാണ് ദൈവം സ്നേഹമായിരിക്കെ എന്തുകൊണ്ട് ഒരു നിത്യനരകം കൂടി ഉണ... Continue reading