Home | Articles | 

Editorial
Posted On: 07/01/20 09:40
'തെറ്റായ പ്രബോധനങ്ങൾ വഴി കേരള സഭ കടുത്ത വിശ്വാസ പ്രതിസന്ധിയിലേക്ക്'? എന്ന ഡോക്ടർ അനീഷ് ജോൺ എഴുതിയ പോസ്റ്റിന് വിശദീകരണം. ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ്

 

'തെറ്റായ പ്രബോധനങ്ങൾ വഴി കേരള സഭ കടുത്ത വിശ്വാസ പ്രതിസന്ധിയിലേക്ക്'? എന്ന ഡോക്ടർ അനീഷ് ജോൺ എഴുതിയ പോസ്റ്റിന് വിശദീകരണം.
ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ്

 

CCC 907 - "അൽമായർക്ക് തങ്ങളുടെ അറിവും സാമർത്ഥ്യവും പ്രാധാന്യവുമനുസരിച്ച് സഭയുടെ നൻമയെ സംബന്ധിക്കുന്ന കാര്യങ്ങളിൽ തങ്ങളുടെ അഭിപ്രായം വന്ദ്യരായ അജപാലകരോട് പറയുവാൻ അവകാശമുണ്ട്‌. ചിലപ്പോൾ അത് കടമയുമായിത്തീരാം. വിശ്വാസത്തിന്റെയും സൻമാർഗ്ഗത്തിന്റെയും സമഗ്രതയെ ഉചിതമാം വിധം മാനിച്ചുകൊണ്ടും തങ്ങളുടെ അജപാലകരോട് ബഹുമാനം പുലർത്തിക്കൊണ്ടും പൊതുനൻമയും വ്യക്തികളുടെ മഹത്വവും പരിഗണിച്ചു കൊണ്ടും മറ്റ് ക്രൈസ്തവ വിശ്വാസികളോട് തങ്ങളുടെ അഭിപ്രായം തുറന്നു പറയുവാൻ അൽമായർക്ക് അവകാശം ഉണ്ട് ".

 

എന്റെ സ്നേഹിതനായ ഡോക്ടർ അനീഷ് ജോൺ 2020 ജനുവരി 1 ന് വാട്ട്സാപ്പിൽ നൽകിയ ഒരു പോസ്റ്റ് ഏറെ ചർച്ചകൾക്ക് കാരണമായിക്കൊണ്ടിരിക്കുന്നതായി അറിയുന്നു. ആ പോസ്റ്റ് ഡോക്ടർ അനീഷിന്റെ വ്യക്തിപരമായ താൽപര്യത്തിൽ നിന്ന് രൂപപ്പെട്ടതും അതേ സമയം ആവശ്യമായ ചില തിരുത്തലുകളും നിർദ്ദേശങ്ങളും ഞാൻ നൽകിയിട്ടുള്ളതും ആണ്. ആ പോസ്റ്റിൽ അദ്ദേഹം പരാമർശിച്ചിട്ടുള്ള വസ്തുതകൾ തികച്ചും സത്യമാണ്. അത് ഞാൻ പറഞ്ഞ് എഴുതിച്ചതാണ് എന്നു സൂചിപ്പിക്കുന്ന ചില പരാമർശങ്ങൾ കേൾക്കുകയുണ്ടായി. ആ പോസ്റ്റുമായി എനിക്കുള്ള ബന്ധം ഈ രീതിയിൽ ആണ് എന്ന് സൂചിപ്പിക്കുകയായിരുന്നു. അതുമായി ബന്ധപ്പെട്ട് ചില വിശദീകരണങ്ങൾ ആവശ്യമായ സാഹചര്യത്തിൽ അത് നൽകാൻ വേണ്ടിയാണ് ഞാൻ ഈ കുറിപ്പ് നൽകുന്നത്.

 

IHS മിനിസ്ട്രിയ്ക്ക് ദൈവം നൽകിയിരിക്കുന്ന അടിസ്ഥാന ദൗത്യം ഈശോയോട് ഉള്ള സ്നേഹത്തിലേക്ക് കടന്നു വന്നവരെ കത്തോലിക്കാ സഭയെക്കുറിച്ചും സഭാ പ്രബോധനങ്ങളെക്കുറിച്ചും ആഴത്തിൽ പഠിപ്പിക്കുക എന്നതും അതുവഴി സ്നേഹ പരിപൂർണ്ണതയ്ക്ക് ഒരുക്കുക എന്നതുമാണ്. അതുകൊണ്ട് തന്നെ കരിസ്മാറ്റിക് ധ്യാനങ്ങളിൽ പങ്കുചേരുന്നവർക്കും ധ്യാനശുശ്രൂഷകൾ നടത്തുന്നവർക്കും ആത്മീയ വളർച്ചയ്ക്ക് ഈ ശുശ്രൂഷകൾ ഏറെ സഹായകരമായിരുന്നു. നവീകരണ മേഖലയിൽ ഉള്ള അനേകർ ഈ ശുശ്രൂഷയിലൂടെ തിരുസഭാ സ്നേഹത്തിലേയ്ക്ക് വളർന്നിട്ടുണ്ട്. സ്നേഹ പരിപൂർണ്ണത എന്ന ലക്ഷ്യത്തിലേക്കും ചിലർക്ക് കടന്നു വരുവാൻ സാധിച്ചിട്ടുണ്ട്. മറ്റുള്ളവരെ മാനസാന്തരത്തിലേക്ക് ആഹ്വാനം ചെയ്യുന്ന ധ്യാന ശുശ്രൂഷകർക്കും മാനസാന്തരം ആവശ്യമുണ്ട് എന്ന സത്യം IHS മിനിസ്ട്രി ബോധ്യം നൽകാൻ ശ്രമിച്ചിരുന്നു.

 

കേരള കരിസ്മാറ്റിക് നവീകരണ മേഖല ഏറെ പെന്തക്കോസ്തൽ സ്വാധീനത്തിലാണ് എന്ന് കൃത്യമായ പഠനങ്ങളുടെ വെളിച്ചത്തിൽ IHS മിനിസ്ട്രി പ്രബോധിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 'കരിസ്മാറ്റിക് നവീകരണത്തിന്റെ ഭാവി?' എന്ന ഒരു ഗ്രന്ഥവും എഴുതി സഭയ്ക്ക് സമർപ്പിച്ചിരുന്നു. അതു കൂടാതെ കരിസ്മാറ്റിക് ചെയർമാൻ അഭിവന്ദ്യ ഐറേനിയൂസ് പിതാവിനോടും എന്റെ രൂപതാ സഹായമെത്രാനും കരിസ്മാറ്റിക് വൈസ് ചെയർമാനുമായ മാർ ജോസ് പുളിക്കലിനോടും ദൈവശാസ്ത്ര കമ്മീഷൻ ചെയർമാൻ ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കലിനോടും മീഡിയാ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പാംബ്ലാനിയോടും നവീകരണ മേഖലയിലെ ഇത്തരം പ്രശ്നങ്ങൾ പങ്കുവച്ചിരുന്നു. മല്പാൻ ഡോക്ടർ മാത്യു വെള്ളാനിക്കൽ, ഫാദർ ഡോക്ടർ ജയിംസ് കിളിയനാനിക്കൽ എന്നിവരുടെ ദൈവശാസ്ത്ര സഹായവും ഇക്കാര്യത്തിൽ ലഭിച്ചിരുന്നു. ഈ പോസ്റ്റുമായി ബന്ധപ്പെട്ട വിഷയവും അഭിവന്ദ്യ പാംബ്ലാനി പിതാവിനെ ഞാൻ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിഡിയോകളും അദ്ദേഹത്തിന് അയച്ചുകൊടുത്തിരുന്നു.

 

ഡോക്ടർ അനിഷ് ജോൺ പങ്കുവച്ച കാര്യങ്ങളും ഇതിൽ ഞാൻ പങ്കുവയ്ക്കാൻ പോകുന്ന കാര്യങ്ങളും തികച്ചും അടിസ്ഥാനം ഉള്ള വസ്തുതകൾ ആണ്. വളരെ ആലോചിക്കുകയും പ്രാർത്ഥിക്കുകയും പഠിക്കുകയും നിർദേശങ്ങൾ ആരായുകയും ചെയ്തതിനു ശേഷമാണ് ഇത്തരം ഒരു ശുശ്രൂഷയ്ക്ക് തുനിഞ്ഞത്. IHS മിനിസ്ട്രിയുടെ മറ്റു ശുശ്രൂഷകൾ പോലെ ഇതും മറ്റൊരു ശുശ്രൂഷയായിട്ടാണ് ഞങ്ങൾ പരിഗണിക്കുന്നത്. തിരുസ്സഭാ സത്യങ്ങൾക്ക് എതിരെ പഠനങ്ങൾ വരുമ്പോൾ അതിനെതിരെ ഗൗരവതരമായ നിലപാടുകൾ ആണ് വിശ്വാസസംരക്ഷകർ എല്ലാ കാലഘട്ടങ്ങളിലും സ്വീകരിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ കൂടിയാണ് ഇതിൽ പരാമർശിക്കുന്ന തെറ്റുകൾ വ്യാപിച്ചിരിക്കുന്നത് എന്നതിനാൽ സോഷ്യൽ മീഡിയയിൽ തന്നെ തെറ്റുതിരുത്തലുകളും അനിവാര്യമായിരിക്കുന്നു.

 

ഇതിൽ പരാമർശിച്ചിരിക്കുന്ന വ്യക്തികളിൽ ചിലർ ഏറെ പ്രഗൽഭരും അറിയപ്പെടുന്നവരും അഭിഷേകം ഉള്ളവരുമാണ് എന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് ഇത്തരം ഒരു നിലപാട് സ്വീകരിക്കുന്നത്. പ്രത്യക്ഷത്തിൽ ചില വ്യക്തിതാൽപര്യങ്ങൾ ആകും ഇതിന്റെ പുറകിൽ എന്നു തോന്നിയാലും തികച്ചും ദൈവസ്നേഹത്തിൽ നിന്നും സഭാസ്നേഹത്തിൽ നിന്നും ഉടലെടുത്ത നിലപാട് ആണ് ഇത് എന്ന് ഈ പoനങ്ങൾ ശരിയായി അറിയുമ്പോൾ മനസിലാകും.

 

ഇതിൽ പരാമർശിച്ചിരിക്കുന്ന വ്യക്തികൾ വഴി സഹായങ്ങൾ ലഭിച്ചിട്ടുള്ളവരും അവരെ സ്നേഹിക്കുന്നവരുമായവർക്ക് ഈ നിലപാട് വലിയ അസ്വസ്ഥതകൾ സൃഷ്ടിക്കും എന്നറിയാം. അത്തരം പ്രതികരണങ്ങൾ ലഭിക്കുന്നുമുണ്ട്. അവർ ശ്രദ്ധിക്കേണ്ടത് ഇതിൽ പറയുന്നത് വെറും ആരോപണങ്ങൾ ആണോ അതോ കൃത്യമായ തെളിവുകൾ ഉണ്ടോ എന്നതാണ്. ഇതാൽ പരാമർശിക്കുന്ന വ്യക്തികൾ അറിഞ്ഞുകൊണ്ടായിരിക്കില്ല തെറ്റുകൾ പഠിപ്പിക്കുന്നത്. എന്നാലും ഇതുവഴി സംഭവിക്കുന്നത്, വിശ്വാസികൾ അറിയാതെ തന്നെ തെറ്റായ പഠനങ്ങൾ സ്വീകരിക്കുക, ദൈവത്തെയും സഭയെയും തെറ്റായി മനസിലാക്കുക എന്നതാണ്. ഇവരോട് ഉള്ള ഒരടിമത്വ മനോഭാവത്തോടെ, മുൻവിധിയോടെ ഇത് വായിക്കാതെ നിഷ്പക്ഷമായി ഇത് ശ്രദ്ധിച്ചാൽ, ഇതിൽ നിന്ന് വ്യക്തമായ ചില സത്യങ്ങൾ ലഭിക്കും.

 

'ഗ്ലോറിയസ് ഗോസ്പൽ' എന്ന ഒരു 'നവീന സുവിശേഷം' പങ്കു വയ്ക്കുന്നവർ എന്ന് കരുതുന്നവർ ആണിവർ. എന്നാൽ ഈ പഠനങ്ങൾ കത്തോലിക്കാസഭയുടെ പഠനങ്ങൾ അല്ല. ഇത് പെന്തക്കോസ്തൽ പഠനങ്ങൾ അല്ല എന്ന് അവരും പറയുന്നുണ്ട്. അങ്ങനെ വരുമ്പോൾ പെന്തക്കുസ്താ സഹോദരങ്ങൾ വിശ്വസിക്കുന്നതും 'ഗ്ലോറിയസ് ഗോസ്പൽ' പ്രചാരകർ അവതരിപ്പിക്കുന്നതും കത്തോലിക്കാ വിശ്വാസവുമായി ചേർന്നു പോകുന്ന കാര്യമല്ല. അതുകൊണ്ട് തന്നെ ഈ രണ്ടു കൂട്ടരുടെയും പഠനങ്ങളിലെ അപാകതകൾ ചൂണ്ടിക്കാട്ടി ശരിയായ കത്തോലിക്കാ വിശ്വാസം അറിയിക്കുക എന്നതാണ് ഈ പോസ്റ്റ് വഴി ഉദ്ദേശിക്കുന്നത്. ഈ പോസ്റ്റ് വഴി ചിലർക്ക് ഉതപ്പാകും എന്ന് തോന്നിയാലും മറ്റനേകർക്ക് ഒരു കണ്ണു തുറക്കലിന് ഇത് കാരണമായിത്തീരും എന്ന് കരുതുന്നു.

 

ഡോക്ടർ അനീഷ് പോസ്റ്റിടാൻ എന്താണ് കാരണമെന്ന് അതിൽ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. അതേ സംഭവം തന്നെയാണ് ഇതുപോലെ ഗൗരവതരമായ ഒരു ശുശ്രൂഷയ്ക്ക് കാരണമായിത്തീർന്നതും. ഏതാനും ആഴ്ചകൾക്ക് മുൻപ് നടന്ന പാലാ കൺവൻഷനിൽ പങ്കെടുത്ത ഒരു സഹോദരി, വളരെ വ്യത്യസ്തമായ ഒരു പ്രബോധനം ആണ് ഇപ്രാവശ്യം കേട്ടത്, എല്ലാവരും സ്വർഗ്ഗത്തിൽ പോകും, അതിനാൽ നരകത്തെ മൈൻഡ് ചെയ്യേണ്ടതില്ല, പാപത്തെക്കുറിച്ചും കാര്യമായി ഗൗനിക്കേണ്ടതില്ല എന്നാണ് കൺവൻഷനിൽ കേട്ടത് എന്നു പറഞ്ഞു. മറ്റൊരു വ്യക്തിയും ഇതുതന്നെ പറഞ്ഞു. ഇത്രയും പറയുവാൻ തുടങ്ങിയോ എന്ന വിസ്മയത്തിൽ കൺവൻഷനിലെ ക്ലാസുകൾ കേട്ട, അതേ തുടർന്ന് നടത്തിയ വളരെ ദീർഘവും ഒരർത്ഥത്തിൽ ത്യാഗപൂർണ്ണവുമായ അന്വേഷണത്തിലും പഠനത്തിലും നിന്നാണ്, ഒരുപക്ഷെ ഭാരത സഭ, 2000 വർഷമായി അഭിമുഖീകരിച്ചിട്ടുള്ളതിലും വച്ച് വലിയ ഒരു അപകടത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരിയ്ക്കുകയാണ് എന്ന് മനസ്സിലായത്.

 

മാർത്തോമ്മാശ്ലീഹാ കൈമാറിയതും പിതാക്കൻമാർ വിശ്വസ്തതയോടെ കാത്തുസൂക്ഷിച്ചതും ഈ അടുത്ത നാളുകളിൽ ഫാദർ മാത്യു നായ്ക്കംപറമ്പിലച്ചനും, ഫാദർ ജോർജ് പനയ്‌ക്കലിനെയും ബ്രദർ ബെന്നി പുന്നത്തറയെയും പോലുള്ള വ്യക്തികൾ കഠിനമായി അദ്ധ്വാനിച്ച് കാത്തുസൂക്ഷിക്കാൻ ശ്രമിച്ചതുമായ വിശ്വാസമാണ് കുറച്ചു വർഷങ്ങളായി ചിലർ അലക്ഷ്യമായി കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്നത്. അതിന്റെ എല്ലാ പരിധിയും കടന്നുള്ള ഒരു നീക്കമാണ് 'ഗ്ലോറിയസ് ഗോസ്പൽ' പ്രചാരകരിൽ കണ്ടത് എന്നതുകൊണ്ടാണ് 'വലിയ വില' കൊടുത്തു തന്നെ ഈ പോസ്റ്റ് നൽകുന്നത്.

 

ഇത് വായിക്കുമ്പോൾ IHS മിനിസ്ട്രിയും ചില തെറ്റുകൾ വരുത്തുന്നുണ്ട് എന്ന് കണ്ടു പിടിച്ച് അതു തിരുത്താൻ പറയുകയല്ല പ്രഥമമായി ചെയ്യേണ്ടത്, (അതും ആകാം, ഉചിതമായി ചെയ്തു കൊള്ളുക) ഇതിൽ പറയുന്ന കാര്യങ്ങൾ സത്യമാണോ എന്ന് ശ്രദ്ധിക്കുകയാണ്. ഇതിൽ പറയുന്നത് സത്യമാണ് എങ്കിൽ ഈ അപകടത്തിൽ നിന്ന് സഭയെ സംരക്ഷിക്കുവാൻ നിങ്ങളുടെ ഭാഗത്ത് നിന്ന് എന്താണ് ചെയ്യേണ്ടത് എന്ന് പ്രാർത്ഥിക്കുകയും ചിന്തിക്കുകയും ചെയ്യുക. ചോദ്യം ചെയ്യപ്പെടാതെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്ന വചനശുശ്രൂഷകരുടെ പ്രബോധനങ്ങൾ, തക്കതായ രീതിയിൽ ചോദ്യം ചെയ്യുമ്പോൾ കൃത്യമായ പ്രബോധനം നൽകാൻ അവർ നിർബന്ധിതരായി തീരും എന്നത് നിസ്തർക്കമാണ്. എല്ലാവരും സ്വർഗ്ഗത്തിൽ പോകുമെങ്കിൽ, നരകമില്ലായെങ്കിൽ സഭാപ്രബോധനങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തതയോടെ അതു പഠിപ്പിക്കട്ടെ. അതല്ല, സ്വർഗ്ഗത്തിൽ എത്തുക ക്ലേശകരമാണ്, ഏതു സമയത്തും രക്ഷ നഷ്ടപ്പെടാൻ സാധ്യതയുണ്ട്, നരകം ഒരു യാഥാർത്ഥ്യമാണ് എന്നീ സഭാസത്യങ്ങളൊക്കെ വിശ്വസിക്കുന്നുണ്ടെങ്കിൽ അതു കൃത്യതയോടെ പഠിപ്പിക്കുകയും ചെയ്യട്ടെ.

 

പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ കരുണയുടെ വർഷം പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ദൈവകരുണയെക്കുറിച്ചുള്ള പ്രബോധനങ്ങൾ കേരളത്തിൽ ശക്തമായിരുന്നു. കരുണാവർഷ പ്രഖ്യാപനത്തോടെ അത് ശക്തിപ്പെട്ടു. 2019 അവസാനിച്ചപ്പോഴേക്കും അത് പരിധി വിട്ട് തെറ്റായ പഠനങ്ങളിലേയ്ക്ക് നീങ്ങുന്ന ഒരവസ്ഥയിൽ കേരള സഭയിൽ സംജാതമായിരിക്കുകയാണ്. ഡോക്ടർ അനീഷ് ജോൺ പങ്കുവച്ച യുട്യൂബ് ലിങ്കുകൾ നൽകുന്ന സൂചന അതാണ്.

 

ദൈവം സ്നേഹവും കരുണയും ആയിരിക്കുന്നതുകൊണ്ട് എല്ലാവരും സ്വർഗ്ഗത്തിൽ എത്തിച്ചേരും, അല്ലെങ്കിൽ സ്വർഗ്ഗത്തിൽ എല്ലാവരും എത്തിച്ചേർന്നിരിക്കുന്നു എന്നാണ് ഈ തെറ്റായ പഠനം പറഞ്ഞുവക്കുന്നത്. ദൈവകൃപയുമായി ബന്ധപ്പെട്ട ദൈവശാസ്ത്രമായിരുന്നു പ്രൊട്ടസ്റ്റൻറ് വിപ്ലവത്തിന് കാരണമായി തീർന്നത്. ഇതേ മേഖലയിൽ തന്നെയാണ് ഇന്നും തെറ്റ് പറ്റിയിരിക്കുന്നത്. സ്നേഹത്തെക്കുറിച്ചുള്ള തെറ്റായ ബോധ്യങ്ങൾ മൂലം ഈശോ വഴി വെളിപ്പെടുത്തപ്പെട്ട ഒരു യാഥാർത്ഥ്യമായ നിത്യനരകത്തെ അംഗീകരിക്കുവാൻ ഇവർക്ക് കഴിയുന്നില്ല.

 

ദൈവം കരുണയാണ്, എത്ര വലിയ തെറ്റ് എത്ര പ്രാവശ്യം ചെയ്താലും എത്ര ആത്മീയ ഉന്നതിയിൽ നിന്ന് ചെയ്താലും ശരിയായ അനുതാപം ഉണ്ടെങ്കിൽ ദൈവം ക്ഷമിക്കും എന്നത് ഉറപ്പാണ്. അതേസമയം പാപം ചെയ്തിട്ട് അനുതാപരഹിതമായ അവസ്ഥയിൽ ആണ് എങ്കിൽ ദൈവത്തിന്റെ കരുണയും കൃപയും ആത്മാവിന് ഉപകാരപ്പെടുകയില്ല. മനുഷ്യന്റെ സ്വതന്ത്ര മനസ്സ് അവന്റെ ആത്മരക്ഷയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കാട്ടാൻ, സഭാപിതാവായ വിശുദ്ധ അഗസ്റ്റിൻ ഉപയോഗിച്ച വാക്ക് സുപ്രസിദ്ധമാണല്ലോ. "നിന്നെ കൂടാതെ നിന്നെ സൃഷ്ടിച്ച ദൈവത്തിന് നിന്നെ കൂടാതെ നിന്നെ രക്ഷിക്കുവാൻ കഴിയില്ല".

 

ദൈവകരുണയെ തെറ്റിദ്ധരിച്ചു അനുതാപമില്ലാതെ ജീവിക്കുന്ന അവസ്ഥ ആദിമസഭയിലും ഉണ്ടായിരുന്നു. അവർക്ക് വിശുദ്ധ പൗലോസ് എഴുതി; ''അവിടുത്തെ നിസ്സീമമായ കരുണയും സഹിഷ്ണുതയും ക്ഷമയും നീ നിസ്സാരമാക്കുകയാണോ ചെയ്യുന്നത്. നിന്നെ അനുതാപത്തിലേക്ക് നയിക്കുകയാണ് ദൈവത്തിന്റെ കരുണയുടെ ലക്ഷ്യം എന്ന് നീ അറിയുന്നില്ലേ" (റോമാ 2:4). ഇപ്രകാരം അനുതപിക്കാതെ, മാരകപാപത്തിൽ ഒരു ആത്മാവ് മരിച്ചാൽ അത് ഉടനെ നരകത്തിൽ എത്തുന്നു, അവിടെ അത് നിത്യാഗ്നിയായ നരകപീഡനങ്ങൾ അനുഭവിക്കും എന്നാണ് സഭാപ്രബോധനം (CCC 1035).

 

എങ്ങനെ രക്ഷ പ്രാപിക്കാം, എന്താണ് രക്ഷ എന്നതിൽ പ്രൊട്ടസ്റ്റൻറ്കാരും കത്തോലിക്കരും തമ്മിൽ വലിയ വ്യത്യാസം തന്നെ ഉണ്ട്. പ്രൊട്ടസ്റ്റന്റ്കാരെ സംബന്ധിച്ച് ഈശോയെ കർത്താവും രക്ഷകനുമായി സ്വീകരിക്കുന്നതാണ് രക്ഷക്കുള്ള വഴി എങ്കിൽ കത്തോലിക്കാവിശ്വാസികളെ സംബന്ധിച്ച് മാമ്മോദീസ എന്ന കൂദാശയാണ് രക്ഷയിലേക്കുള്ള കവാടം. പ്രൊട്ടസ്റ്റന്റുകാർ, ഈശോയെ കർത്താവായി സ്വീകരിച്ചു കഴിയുമ്പോൾ രക്ഷ പൂർത്തിയാക്കി സ്വർഗ്ഗത്തിൽ എത്തി എന്ന വിശ്വാസം കാത്തു സൂക്ഷിയ്ക്കുമ്പോൾ, കത്തോലിക്കരെ സംബന്ധിച്ച് മാമ്മോദീസയിലൂടെ രക്ഷയിലേക്ക് പ്രവേശിക്കുന്ന ഒരാത്മാവ് ജീവിതാന്ത്യം വരെ നീണ്ടു നിൽക്കുന്ന, ദൈവകൃപയോട് ഉള്ള ക്രിയാത്മകമായ സഹകരണം രക്ഷപ്രാപിക്കുന്നതിന് അവശ്യഘടകമാണ്. മറ്റൊരു വാക്കിൽ പറഞ്ഞാൽ സ്നേഹപരിപൂർണ്ണത പ്രാപിക്കുന്നതാണ് കത്തോലിക്കരെ സംബന്ധിച്ച് രക്ഷയ്ക്കുള്ള വഴി (പ്രത്യാശയിൽ രക്ഷ No:26, ബനഡിക്ട് പതിനാറാമൻ പാപ്പ). ഇത് പരിഗണിക്കുമ്പോൾ ഇന്ന് കേരള സഭയിൽ, എല്ലാവരും സ്വർഗ്ഗത്തിൽ പോകും, ആരും നിത്യനരകത്തിൽ പോകില്ല, എല്ലാവരും സ്വർഗ്ഗത്തിൽ പ്രവേശിച്ചു കഴിഞ്ഞു എന്നൊക്കെ അവതരിപ്പിക്കുന്ന പ്രബോധനങ്ങൾ ഒരു പരിധിവരെ പെന്തക്കോസ്ത് പഠനങ്ങൾ ആണ് എന്നത് വ്യക്തമാണ്. ഇവർ ''കത്തോലിക്കാ പാത്രത്തിൽ പെന്തക്കോസ്ത് ഭക്ഷണം വിളമ്പുന്നു എന്നു പറയാം''!.

 

കത്തോലിക്കാ സഭയുടെ തനതായ ആദ്ധ്യാത്മികത ഇനിയും പൂർണ്ണമായി എത്തിപ്പെടാത്ത നവീകരണ മേഖലയുമായി ബന്ധപ്പെട്ടാണ് സ്നേഹത്തിന്റെ പേരിൽ ഇത്തരം തെറ്റായ പ്രബോധനങ്ങൾ ഇപ്പോൾ കാര്യമായി പരന്നു കൊണ്ടിരിക്കുന്നത്. മുൻപ് ഞാൻ എഴുതിയിരുന്ന 'കരിസ്മാറ്റിക് നവീകരണത്തിന്റെ ഭാവി?' എന്ന ഗ്രന്ഥത്തിൽ ഈ വിഷയം സവിസ്തരം പ്രസ്താവിച്ചിരിക്കുന്നതാണ്. സഭാധികാരികൾക്കും വിശ്വാസികൾക്കും പ്രത്യക്ഷത്തിൽ മനസ്സിലാകാത്ത രീതിയിൽ, ഏതാണ്ട് വൈകാരികമായി മാത്രം സഭയെയും സഭാപ്രബോധനങ്ങളെയും സമീപിക്കുകയും പ്രഘോഷിക്കുകയും ചെയ്തുകൊണ്ടാണ് ചില ശുശ്രൂഷകർ 'സഭാസ്നേഹം' വെളിപ്പെടുത്തുന്നത് എന്നാണ് മനസ്സിലാകുന്നത്.

 

ഒന്നാമതായി പറയേണ്ടത്, ഈ ലിങ്കുകളിൽ പരാമർശിച്ചിരിക്കുന്ന അഞ്ചു പേരെയും ഒരുമിച്ച് ചേർത്തിരിക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ചാണ്‌. ഏതാണ്ട് രണ്ട് വിഷയങ്ങളിൽ ഇവർ ഒരുമിച്ച് ചേർന്ന് മുന്നോട്ടു നീങ്ങുകയാണ്. ഇവർ പറയുന്ന തെറ്റുകൾ ഒരു ഗൗരവമേറിയ കാര്യമായിരിക്കുന്നതുപോലെ ഇവർ ഒരു ഗ്രൂപ്പായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു എന്നതും വളരെ ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. ബഹുമാനപ്പെട്ട ബ്രദർ തോമസ് പോൾ ഒഴികെ മറ്റ് നാലുപേരും നവംബർ മാസത്തിൽ തിരുവല്ലയിൽ ഒരുമിച്ച് പ്രോഗ്രാം നടത്തിയിരുന്നു. അതിന് നേതൃത്വം നൽകിയത് പ്രധാനമായും പാസ്റ്റർ ഷിബു പിടീയേക്കൽ ആയിരുന്നു(ബ്രദർ സജിത്ത് കത്തോലിക്കാ സഭയിലേയ്ക്ക് വന്നതിന് ശേഷം നടത്തിയ ഈ പ്രോഗ്രാമിൽ ഫാദർ മൈക്കിൾ പനച്ചിക്കൽ, പാസ്റ്റർ ഷിബു പിടിയേക്കൽ, ബ്രദർ സജിത്ത് എന്നിവർ സ്റ്റേജിൽ ഒരുമിച്ചായിരിക്കുമ്പോൾ ഫാദർ മൈക്കിൾ പനച്ചിക്കലിന്റെ സാന്നിധ്യത്തിൽ ബ്രദർ സജിത്തും, പാസ്റ്റർ ഷിബു പിടീയേക്കലും കൂടി നരകം ഇല്ല, അവിടെ ആരും പോകില്ല എന്ന് തെളിയിക്കുന്ന വീഡിയോ ലഭ്യമാണ്. ഈ പ്രോഗ്രാമിൽ കത്തോലിക്കാ വിശ്വാസികളും കത്തോലിക്കാശുശ്രൂഷകരും ഒക്കെ ഉണ്ടായിരുന്നു. അവരുടെ സാന്നിധ്യത്തിൽ ആണ് ഈ തെറ്റ് സത്യമായി അവതരിപ്പിക്കപ്പെട്ടത്. ബ്രദർ സജിത്തും മറ്റും കത്തോലിക്കാ പ്രബോധനം ആണ് നൽകുന്നത് എന്ന് ധരിച്ച് സന്ന്യസ്തർ ഉൾപ്പെടെ അനേകം കത്തോലിക്കാവിശ്വാസികൾ അവരുടെ പ്രബോധനങ്ങൾ സ്വീകരിക്കുവാൻ പോകുന്നതിന്റെ പശ്ചാത്തലം കൂടി ഈ പോസ്റ്റ് ഇടുന്നതിന് ഒരു പ്രധാന കാരണമാണ്.

 

ഇവർ അഞ്ചുപേരും ഒന്നിച്ചു പങ്കു വയ്ക്കുന്ന രണ്ട് തെറ്റായ പ്രബോധനങ്ങൾ, അതിൽ ഒന്ന്; നിത്യരക്ഷ ദൈവത്തിന്റെ മാത്രം പ്രവൃത്തിയാണ്, മനുഷ്യന്റെ സൽപ്രവൃത്തികൾ അതിന് നിർബന്ധിത ഘടകമല്ല എന്നതാണ്. വാസ്തവത്തിൽ ഈ പാഷണ്ഡത ആദിമസഭയിലും ഉണ്ടായിരുന്നു. അതിനെ തകർക്കാനായിട്ടാണ് യാക്കോബ് ശ്ലീഹാ തന്റെ ലേഖനത്തിന്റെ രണ്ടാം അദ്ധ്യായത്തിൽ ശ്രമിച്ചിരിക്കുന്നത്. 2:24 ൽ പറയുന്നു " മനുഷ്യൻ വിശ്വാസം കൊണ്ട് മാത്രമല്ല പ്രവൃത്തികളാലുമാണ് നീതികരിക്കപ്പെടുന്നതെന്ന് നാമറിയുന്നു". വിശുദ്ധമത്തായി 25 ലെ അന്ത്യവിധിയെക്കുറിച്ചുള്ള പ്രബോധനത്തിൽ, അന്ത്യവിധി ദൈവത്തിന്റെ കരുണയുടെയും കൃപയുടെയും പ്രവൃത്തി എന്നതിനെക്കാൾ ഉപരി, ആ കൃപയാൽ മനുഷ്യൻ ചെയ്ത സൽപ്രവൃത്തികളുടെ അടിസ്ഥാനത്തിലാണ്. അവർ കരുണയായി തീർന്നതുകൊണ്ടാണ്. നല്ല സമറായക്കാരന്റെ ഉപമയിൽക്കൂടി കരുണയുടെ പൂർണ്ണത പ്രാപിക്കുന്നതിലൂടെയാണ് നിത്യജീവൻ നമുക്ക് സ്വന്തമായി തീരുന്നതെന്ന് ഈശോ വ്യക്തമാക്കിയിട്ടുണ്ട്. ദൈവത്തിന്റെ കരുണയെക്കുറിച്ച് വചനവിരുദ്ധമായി പറയുകയും മനുഷ്യൻ കരുണയായി മാറണം എന്നതിനെക്കുറിച്ച് ഏതാണ്ട് നിശബ്ദത പാലിക്കുകയും ചെയ്തിരിക്കുന്നത് ഇവരിൽ എല്ലാവരിലും പ്രകടമാകുന്ന വലിയ തെറ്റാണ്, ആത്മരക്ഷയെ നഷ്ടപ്പെടുത്താവുന്ന തെറ്റാണ്. പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രത്തിന്റെ ശക്തമായ ഇടപെടലാണ് എല്ലാവരിലും കാണുന്നത്. സൽപ്രവൃത്തി കൂടാതെ നിത്യരക്ഷപ്രാപിക്കാം എന്ന് ചിന്തിക്കുന്നത് പരിശുദ്ധാത്മാവിനെതിരായ പാപം ആണെന്ന് സഭ പഠിപ്പിക്കുന്നു. സഭയെക്കുറിച്ചും സഭാപ്രബോധനങ്ങളെക്കുറിച്ചും ആഴത്തിൽ പഠിക്കാൻ ശ്രമിക്കുന്ന വ്യക്തിയിൽ ഇത്തരം പഠനങ്ങൾ എങ്ങനെ കടന്നു വരുന്നു എന്ന് സ്വാഭാവികമായും തോന്നാവുന്നതാണ്. അതേക്കുറിച്ച് തുടർന്ന് മനസ്സിലാക്കാൻ ശ്രമിക്കാം.

 

വിശുദ്ധ മത്തായി സുവിശേഷം പതിനെട്ടാം അദ്ധ്യായത്തിലെ പതിനായിരം താലന്തിന്റെയും നൂറു ദനാറയുടെയും ഉപമയിൽ മനുഷ്യന്റെ ആത്മരക്ഷാവഴി വ്യക്തമാണ്. ദൈവം മനുഷ്യന് തന്റെ കൃപ സൗജന്യമായി നൽകുന്നു. അനന്തനന്മ സ്വരൂപനായ ദൈവത്തിനെതിരെയുള്ള ഒരു ലഘുപാപത്തിന് പോലും ഏറ്റവും വിശുദ്ധനായ ഒരു വ്യക്തി നോക്കിയാലും പരിഹാരം ചെയ്യുവാൻ സാധ്യമല്ല. അങ്ങനെയിരിക്കെ ദൈവം മനുഷ്യന്റെ സകലപാപങ്ങളും സൗജന്യമായി അവനിൽ നിന്ന് നീക്കം ചെയ്യുന്നു. എന്നാൽ അതിന് പ്രതിസ്നേഹമെന്നോണം ഒരു കാര്യം ആവശ്യപ്പെടുന്നു. അവൻ അവന്റെ സഹോദരനോട് പൂർണ്ണതയിൽ കരുണ കാണിക്കണം, ഹൃദയത്തിൽ നിന്ന് ആ കരുണ വരണം. (വിശുദ്ധ മത്തായി 18:35) അല്ലാത്തപക്ഷം ദൈവം നൽകിയ സൗജന്യക്ഷമ അവന് ഉപകാരപ്പെടുകയില്ല. CCC 2008 ൽ കൃപയോട് സഹകരിച്ച് തന്റെ ആത്മരക്ഷയ്ക്കു വേണ്ടി മനുഷ്യൻ പ്രവൃത്തിക്കേണ്ടതിനെക്കുറിച്ച് പറയുമ്പോൾ ഇപ്രകാരം പഠിപ്പിക്കുന്നു. "ദൈവത്തിന്റെ പിതൃസഹജമായ ഒന്നാമത്തെ പ്രവൃത്തി അവിടുത്തെ പ്രചോദനമാണ്. അതിനോട് സഹകരിച്ചു കൊണ്ട് മനുഷ്യന്റെ സ്വതന്ത്ര്യമായ പ്രവർത്തനമാണ് രണ്ടാമത്തേത്". എല്ലാം പൂർത്തിയായി എന്ന് ഈശോ പറഞ്ഞതുപോലെ, തന്റെ ഭാഗത്തുനിന്ന് ചെയ്യേണ്ടതെല്ലാം പൂർത്തിയായി എന്ന് മനുഷ്യന് പറയാൻ പറ്റുന്നിടത്താണ് അവന്റെ ആത്മരക്ഷ.

 

ഫിലി 2:12 " ........പൂർവ്വാധികം ഭയത്തോടും വിറയലോടും കൂടി നിങ്ങളുടെ സ്വന്തം രക്ഷയ്ക്ക് വേണ്ടി അധ്യാനിക്കുവിൻ". ഈശോയുടെ പ്രവൃത്തിയുടെ പൂർത്തീകരണം വഴി എല്ലാവരും രക്ഷിക്കപ്പെട്ടിട്ടും ഈശോയെ കർത്താവും രക്ഷകനുമായി സ്വീകരിച്ചിട്ടും മാമ്മോദീസയും സ്ഥൈര്യലേപനവും വിശുദ്ധ കുർബ്ബാനയും വഴി സ്വർഗ്ഗത്തിൽ എത്തിയിട്ടും എന്തിനാണ് പിന്നീട് അദ്ധ്വാനിക്കേണ്ടത്?. എന്തിനാണ് ഇത്രമാത്രം ഭയവും വിറയലും ഉണ്ടാകേണ്ടത്? കത്തോലിക്കാ ആദ്ധ്യാത്മികതയിലെ രണ്ട് ഘടകങ്ങളായ വിശ്വാസവും ധാർമ്മികതയും എന്നതിലെ ധാർമ്മികമേഖലയെ ഈ പഠനം ഏതാണ്ട് അവഗണിച്ചിരിക്കുന്നു.

 

ഇവരുടെ പ്രബോധനങ്ങളിൽകൂടി വരുന്ന സന്ദേശങ്ങളിൽ നിന്ന് ലഭിക്കുന്ന ഒരു അടിസ്ഥാന കാഴ്ചപ്പാട് തന്റെ ആത്മരക്ഷയ്ക്ക് വേണ്ടി മനുഷ്യൻ ഇനി കാര്യമായി ഒന്നും ചെയ്യേണ്ടതില്ല എന്നാണ്. ഈശോയെ അറിഞ്ഞനാൾ മുതൽ മരണം വരെയും ഓരോ നിമിഷവും ഉപരി വിശുദ്ധീകരണത്തിനായി അദ്ധ്വാനിച്ച വിശുദ്ധരെയും ദൈവ ഐക്യത്തിന് പൂർണ്ണ വിശുദ്ധീകരണം ആവശ്യമുണ്ട് എന്നതിനാൽ ശുദ്ധീകരണ സ്ഥലം ഉണ്ട് എന്ന് പഠിപ്പിക്കുന്ന സഭാപ്രബോധനത്തെയും അവഗണിച്ചു കൊണ്ടുള്ള ഈ പഠനങ്ങൾ തികച്ചും സഭാവിരുദ്ധവും ആത്മരക്ഷയ്ക്ക് വലിയ അപകടവുമാണ്. ആത്മരക്ഷാപ്രവർത്തനത്തിന്റെ ആവശ്യകതയെയും ഇത് തള്ളിക്കളയുന്നു (ഭൂമിയിൽ ക്രമസമാധാനത്തിനായി ധാർമ്മികത പാലിക്കുക, ഭൂമിയിൽ വച്ച് ദൈവാനുഭവം പ്രാപിക്കാനായി ശുദ്ധീകരണം നടത്തുക, ഈശോയുടെ സ്വഭാവം അനുകരിക്കാനായി സുകൃതങ്ങൾ അനുഷ്ഠിക്കുക എന്നതിൽ കവിഞ്ഞ് നിത്യരക്ഷ പ്രാപിക്കാൻ ഇതനിവാര്യമാണെന്ന് ഇവർ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നില്ല).

 

ഇതിൽ ബ്രദർ തോമസ് പോൾ ഒഴികെ മറ്റ് നാല് പേരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നരകത്തിൽ ആരും എത്തിച്ചേരില്ല എന്ന കാഴ്ചപ്പാട് നൽകുകയാണ്. ബ്രദർ തോമസ് പോൾ ആകട്ടെ, കത്തോലിക്കാസഭയിൽ കൂദാശകൾ സ്വീകരിച്ചവർക്ക് നരകമില്ല എന്ന പഠനമാണ് നൽകുന്നത്. അതും തെറ്റാണ്.

 

Youcat-ൽ ബനഡിക്റ്റ് പാപ്പ യുടെ ഒരു പ്രബോധനം ചേർത്തിരിക്കുന്നത് ഇപ്രകാരമാണ്. "നാമെല്ലാവരും പറുദീസയിൽ ആയിരിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും നമ്മുടെ കാലത്ത് അല്പം മാത്രം പറയുന്ന നരകം ഉണ്ടെന്നും തന്റെ സ്നേഹത്തിനെതിരെ ഹൃദയം അടയ്ക്കുന്ന എല്ലാവർക്കും അത് ശാശ്വതമായിരിക്കുമെന്നും നമ്മളോട് പറയാൻ വേണ്ടി ഈശോ വന്നു".

 

ഇതിൽ പറഞ്ഞിരിക്കുന്ന ഓരോ വാക്കുകളും പ്രധാനപ്പെട്ടതാണ്. ഒന്നാമതായി നാമെല്ലാവരും സ്വർഗ്ഗത്തിൽ പോകണമെന്നാണ് ദൈവത്തിന്റെ ആഗ്രഹം. എന്നാൽ ദൈവസ്നേഹത്തിനെതിരെ ഹൃദയം അടയ്ക്കുന്നവർക്ക് നരകത്തിൽ പോകേണ്ടിവരും, ആ നരകമാകട്ടെ നിത്യമാണ് താനും. അടുത്ത രണ്ട് പ്രതിപാദനം നമ്മുടെ ചർച്ചയുമായി ബന്ധപ്പെട്ടതാണ്. 'നമ്മുടെ കാലത്ത് അല്പം മാത്രം പറയുന്ന നരകം'. അതായത് ഈ കാലഘട്ടങ്ങളിൽ നരകത്തെക്കുറിച്ച് ആരുംതന്നെ പറയുന്നില്ല. അപ്രകാരം ഒരു അവസ്ഥ മൂലം വിശ്വാസികൾ അനേകരും നരകത്തെക്കുറിച്ച് അജ്ഞരും അതുകൊണ്ടുതന്നെ കൂടുതൽ പാപ പ്രവർത്തികളിൽ മുഴുകുന്നവരുമായിരിക്കെ, അവരെ നവീകരിക്കാൻ വേണ്ടി എത്തിയവർ, കൂടുതൽ ആധികാരികമായി നരകം ഇല്ല എന്ന തെറ്റിദ്ധാരണ നൽകുന്ന പഠനങ്ങൾ നിരത്തുന്നത് തികച്ചും നിർഭാഗ്യകരമായിരിക്കുന്നു. നരകം കത്തോലിക്കാ വിശ്വാസപ്രമാണത്തിന്റെ ഭാഗമല്ലെങ്കിലും കത്തോലിക്കാ പ്രബോധനത്തിന്റെ ഭാഗമാണ്. വിശ്വാസ പ്രമാണത്തിൽ പുണ്യവാൻമാരുടെ ഐക്യത്തിൽ ഞാൻ വിശ്വസിക്കുന്നവെന്ന് പറയുമ്പോൾ പുന്നാവാൻമാർ അല്ലാത്തവരുമായി എനിക്ക് ഐക്യമില്ല, ഐക്യമുണ്ടാകില്ല, അങ്ങനെയല്ലാത്ത ഒരു കൂട്ടർ കൂടി ഉണ്ട് എന്നൊക്കെ അർത്ഥമാക്കുന്നുണ്ട്. നരകം എന്ന യാഥാർത്ഥ്യത്തെ ഇല്ല എന്ന് പറയാൻ ശ്രമിക്കുന്നവരെ, ഇല്ല എന്നോ ഉണ്ട് എന്നോ പറയുന്നതിൽ നിസ്സംഗത കാട്ടുന്നവരെ തിരുത്തുവാൻ വേണ്ടിയാണ് ബനഡിക്ട് പാപ്പ ഈ പ്രബോധനം നൽകിയത്.

 

 

ഈശോയുടെ മനുഷ്യാവതാരത്തിൻറെ ഒരു ലക്ഷ്യം തന്നെ നരകം ഉണ്ട് എന്ന് ബോധ്യപ്പെടുത്താൻ കൂടിയാണ് എന്ന് പാപ്പ വ്യക്തമാക്കുന്നു.(മത്തായി13:40-41; 25:41; 5:22; 5:29,30; 10:28;. മർക്കോസ് 9:44,47,48; വെളിപാട് 20:13-15 etc...)

 

ബ്രദർ സജിത്ത് ജോസഫിന്റെ പഠനങ്ങൾ:-

പെന്തക്കോസ്തൽ സഭ വിട്ട് കത്തോലിക്കാ സഭയിലേക്ക് കടന്നുവരാൻ അദ്ദേഹം കാട്ടിയ തീക്ഷ്ണത തികച്ചും അഭിനന്ദനം അർഹിക്കുന്നതാണ്. അർഹമായ പരിഗണന അദ്ദേഹത്തിന് സഭാതലത്തിൽ നിന്ന് ലഭിക്കുക തന്നെ വേണം. അതേസമയം അദ്ദേഹവുമായി ബന്ധപ്പെട്ട് ഗൗരവമേറിയ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നു. ബ്രദർ സജിത്ത് പറയുന്നതനുസരിച്ച് ഏഴുവർഷമായി ഇദ്ദേഹം സഭയെക്കുറിച്ച് പഠിക്കുകയാണ്. ഇതിൽ ഏതാനും വർഷമായി പഠിപ്പിക്കുന്നത് കത്തോലിക്കാ പ്രബോധനങ്ങൾ ആണ്. ഈ പശ്ചാത്തലത്തിൽ വേണം 2018 മെയ്, ജൂൺ, ഡിസംബർ മാസങ്ങളിൽ, നരകം ഇല്ല എന്ന് സ്ഥാപിക്കാനായി അദ്ദേഹം നടത്തുന്ന പ്രഭാഷണങ്ങൾ മനസ്സിലാക്കുവാൻ. അതിൽ നിന്നാണ് അദ്ദേഹത്തിന്റെ പഠനങ്ങൾ എടുത്തിരിക്കുന്നത്. അദ്ദേഹം ഇപ്പോഴും ഈ പഠനങ്ങൾ പിന്തുടരുന്നു എന്ന സൂചന നൽകുന്ന ചില കാര്യങ്ങൾ.

 

a) കത്തോലിക്കാ സഭയിലേയ്ക്ക് വന്നതിന് ശേഷം 20l9 നവംബർ അവസാനം തിരുവല്ലയിൽ കൂടിയ പ്രോഗ്രാമിൽ നരകമില്ല എന്നു സ്ഥാപിക്കാൻ ശ്രമിച്ചു.
b)ഈശോ എല്ലാം പൂർത്തിയാക്കി എന്ന പഠനം. മനുഷ്യന്റെ ഭാഗത്തുനിന്ന് രക്ഷയ്ക്കു വേണ്ടി സൽപ്രവൃത്തിക്കൂടി വേണമെന്ന് പഠിപ്പിക്കാതിരിക്കുന്നത്. എല്ലാവരും രക്ഷപ്പെട്ടു കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി നരകം വേണ്ടല്ലോ. 
c) ഇത്ര വലിയ അപകടം നിറഞ്ഞ ക്ലാസ് ഇപ്പോഴും അദ്ദേഹം Youtube-ൽ നിന്ന് മാറ്റിയിട്ടില്ല.
d) ഏതാനും ദിവസം മുമ്പ് ഫാദർ മൈക്കിൾ പനച്ചിക്കൽ നരകത്തിൽ ആരും പോവുകയില്ല എന്ന് താൻ വിശ്വസിക്കുന്നതായി ബ്രദർ സജിത്തിന്റെ സാന്നിധ്യത്തിൽ, അദ്ദേഹത്തിന്റെ സെന്ററിൽ വച്ച് പറഞ്ഞപ്പോൾ അദ്ദേഹം അതിനെക്കുറിച്ച് അച്ഛനോട് വ്യക്തത ആവശ്യപ്പെടാതിരുന്നത്. കാരണം, ഈ തെറ്റായ പ്രബോധനം അനേകർ ലോകത്തിന്റെ പല ഭാഗത്തായിരുന്ന് കേട്ടുകൊണ്ടിരിക്കുകയാണല്ലോ.

 

 

ഇദ്ദേഹം കത്തോലിക്കാസഭ ഏക സഭയാണ് എന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ, ഈശോ ഏക രക്ഷകൻ എന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ടാണ് തന്റെ ശുശ്രൂഷയ്ക്ക് എത്തുന്നവരോട്, നിങ്ങൾ ഏത് സഭയിലാണോ, സമുദായത്തിലാണോ അവിടെ തന്നെ നിന്നാൽ മതി എന്ന് പറയുന്നത്?. ഈശോ എല്ലാവരെയും രക്ഷിച്ചു കഴിഞ്ഞു, എല്ലാവരും സ്വർഗ്ഗത്തിൽ പോകും/എത്തി എന്ന തെറ്റായ വിശ്വാസത്തിന്റെ ഭാഗമല്ലേ ഇതും?. ഈശോയിലേക്ക്, കത്തോലിക്കാ സഭയിലേക്ക്, സ്നേഹപരിപൂർണ്ണതയിലേക്ക് ലക്ഷ്യം വയ്ക്കുന്നില്ല എന്നതിനാൽ ഈ ശുശ്രൂഷ സഭാത്മകം എന്ന് പറയാൻ പറ്റില്ല, വലിയ അപകടം സഭയ്ക്ക് സൃഷ്ടിക്കുകയും ചെയ്യും. തന്റെ തെറ്റായ ബോധ്യങ്ങളെക്കുറിച്ച്, അത് കർത്താവ് പഠിപ്പിച്ചു എന്ന് അദ്ദേഹം പറയുന്നത് കൂടുതൽ ഗൗരവമായ വീഴ്ചയാണ്(നരകം എന്ന് തലക്കെട്ട് ഉള്ള ഇദ്ദേഹത്തിന്റെ മൂന്നു വിഡീയോകൾ യുട്യൂബിൽ ലഭ്യമാണ്. നരകത്തെക്കുറിച്ച് കൂടുതൽ അറിവ് ലഭിക്കും എന്നു കരുതി അത് കേൾക്കുമ്പോൾ ഏതാണ്ട് 5 മണിക്കൂർ നീണ്ടുനിൽക്കുന്ന നരകമില്ല എന്നു സ്ഥാപിക്കാനായി ഇദ്ദേഹം നടത്തുന്ന അനേകം പഠനങ്ങൾ ആണ് ലഭിക്കുന്നത്. ഈ തെറ്റ് അദ്ദേഹം തിരുത്തിയിരുന്നെങ്കിൽ, ശരിയായ കത്തോലിക്കാ വിശ്വാസത്തിലേയ്ക്ക് വന്നിരുന്നെങ്കിൽ ഈ വിഡീയോകൾ നീക്കം ചെയ്യുമായിരുന്നുവെന്ന് ഞാൻ കരുതുന്നു. അദ്ദേഹം കത്തോലിക്കാസഭയിൽ എത്തി എന്നറിഞ്ഞ് കൂടുതൽ ക്ലാസ്സുകൾ കേൾക്കാനാഗ്രഹിച്ച് കത്തോലിക്കാ വിശ്വാസികൾ യുടൂബ് സന്ദർശിക്കുമ്പോൾ ഇതുപോലെയുള്ള തെറ്റായ പഠനങ്ങൾ നൽകുന്ന ക്ലാസുകൾ ആണ് അവിടെയുള്ളത്. നരകമെന്ന തീകുണ്ഡത്തെക്കുറിച്ചുള്ള പ്രതീകത്തെയാണ് ഇദ്ദേഹം തള്ളിക്കളഞ്ഞിരുന്നത് എങ്കിൽ ഇതിൽ തെറ്റില്ലായിരുന്നു. സഭയും ഇപ്പോൾ ത്രിത്വൈക ദൈവത്തിൽ നിന്നും ദൈവത്തോടൊപ്പം ഉള്ളവരിൽ നിന്നുമുള്ള നിത്യമായ വേർപാടിന്റെ അവസ്ഥയായിട്ടാണ് നരകത്തെ അവതരിപ്പിക്കുന്നത്. വാസ്തവത്തിൽ 'തീയ്ക്കകത്ത് ' കിടക്കുന്നതിനെക്കാൾ ഭയാനകമാണ് സ്നേഹപരവേശത്തോടെ എന്നാൽ ഒരിക്കലും ആ സ്നേഹം കിട്ടാതെ ആയിരിക്കുന്ന അവസ്ഥ).

 

ബ്രദർ തോമസ് പോളിന്റെ പഠനങ്ങൾ:-

ഇദ്ദേഹം ഉളളിൽ ഒരു ഗൂഢ ഉദ്ദേശ്യവുമില്ലാത്ത വ്യക്തിയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. മറ്റ് സഭാപ്രബോധനങ്ങൾ കൃത്യമായി പഠിപ്പിക്കാൻ ശ്രമിക്കുമ്പോഴും ഒന്നോ രണ്ടോ പ്രബോധനങ്ങളിൽ തെറ്റാം എന്ന സാധ്യത എല്ലാ വിശ്വാസികൾക്കും ഉണ്ട്. പാഷണ്ഡതകൾ എപ്പോഴും ഇങ്ങനെയാണല്ലോ വരാറുള്ളത്. മാമ്മോദീസ എന്ന കൂദാശയെക്കുറിച്ചും പരിശുദ്ധ കുർബ്ബാനയെക്കുറിച്ചും നന്നായി പറയാൻ ശ്രമിച്ച് അത് സഭാപ്രബോധനങ്ങളെ അതി ലംഘിച്ചു പോയിരിക്കുന്നു. മാമ്മോദീസ പാപത്തിന് പോലും മായ്ക്കാൻ സാധിക്കാത്ത ഒരു മുദ്ര ആത്മാവിൽ പതിക്കുന്നുണ്ട് എന്ന് സഭ പഠിപ്പിക്കുന്നുണ്ട് (CCC 1272). ഇത് പറഞ്ഞിട്ട്, ഇത് സ്വർഗ്ഗം ഉറപ്പായതിന്റെ തെളിവായി അവതരിപ്പിച്ചത് പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രം മറ്റൊരു രീതിയിൽ കടന്നു വന്നതു പോലെയായി. അതുകൊണ്ട്തന്നെ മാമ്മോദീസയും പരിശുദ്ധ കുർബ്ബാനയും ഒക്കെ സ്വീകരിച്ച വ്യക്തി മറ്റൊരു മതത്തിൽ ചെന്നുചേർന്നാലും മാരക പാപം ചെയ്തിട്ട് അനുതപിക്കാതിരുന്നാലും അവർക്ക് നിത്യരക്ഷ ലഭിക്കും എന്ന കാഴ്ചപ്പാട് വിശ്വാസികൾക്ക് ലഭിക്കുന്നു.(അപ്രകാരം ഒരു കാഴ്ചപ്പാട് ഉണ്ടാകും എന്ന് ഇദ്ദേഹത്തിന്റെ ക്ലാസ്സ് കേട്ട ഒരു മുതിർന്ന സുവിശേഷ പ്രഘോഷകൻ പറയുകയുണ്ടായി). CCC 1274 കൂടി ഇദ്ദേഹം സശ്രദ്ധം വായിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യേണ്ടതായിരുന്നു.
''മാമ്മോദീസയുടെ ഉത്തരവാദിത്വങ്ങളോട് വിശ്വസ്തത പുലർത്തിക്കൊണ്ട് (അതായത് ഒരു വിശുദ്ധ ജീവിതം നയിച്ചുകൊണ്ട്, നവ സഹസ്രാബ്ദത്തിലേക്ക് No:32 വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ) അവസാനം വരെ "ആ മുദ്ര സൂക്ഷിക്കുന്ന" വിശ്വസ്തനായ ക്രൈസ്തവന് വിശ്വാസത്തിന്റെ അടയാളത്താൽ മുദ്രിതനായി മാമ്മോദീസയിലെ വിശ്വാസത്തോടെ വിശ്വാസത്തിന്റെ പൂർത്തികരണമായ (അതായത് സ്നേഹത്തിന്റെ) അനുഗ്രഹീത ദൈവദർശനത്തിന്റെ പ്രതീക്ഷയിൽ, പുനരുത്ഥാനത്തിന്റെ പ്രത്യാശയിൽ ഈ ജീവിതത്തിൽ നിന്ന് പിരിഞ്ഞു പോകാൻ കഴിയും". മാമ്മോദീസയിലെ മുദ്ര സ്വീകരിച്ച എല്ലാവരും അതുകൊണ്ട് മാത്രം നിത്യരക്ഷ നേടുകയില്ല എന്നത് ഇവിടെ വ്യക്തമായി പഠിപ്പിക്കുന്നു.

 

മറ്റൊന്ന് പരിശുദ്ധ കുർബ്ബാന സ്വീകരിക്കുന്നത് വഴി സ്വർഗ്ഗം ഉറപ്പാക്കി കഴിഞ്ഞു എന്ന കാഴ്ചപ്പാട് നൽകുന്നതാണ്. ആദ്യത്തെ പരിശുദ്ധ കുർബാന സ്വീകരണത്തിൽ അയോഗ്യതയോടെ സ്വീകരിച്ചതുകൊണ്ട് യൂദാസിൽ സാത്താൻ പ്രവേശിച്ചത് ഇവിടെ പരാമർശ വിഷയമാകണം. അയോഗ്യതയോടെ പരിശുദ്ധ കുർബ്ബാന സ്വീകരിച്ചാൽ അത് അപകടകരമാണ് എന്ന് എത്ര ശക്തമായിട്ടാണ് വിശുദ്ധപൗലോസ് പറയുന്നത് (1 കോറി 11). അതു വഴി നാശം വർധിപ്പിക്കുന്നു എന്ന് വിശുദ്ധ ജോൺ ക്രിസോസ്റ്റം പറയുന്നുണ്ട്. ട്രെന്റ് കൗൺസിൽ ഇതിനെതിരെ ശക്തമായ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത് (ശപിക്കപ്പെട്ടവനാകട്ടെ). സീറോ മലബാർ കുർബാന ക്രമത്തിൽ ആരാധിക്കാനായി ഈശോയെ ഉയർത്തുന്ന സമയത്ത് വിശ്വാസികൾ പ്രാർത്ഥിക്കുന്ന പ്രാർത്ഥനയിൽ സ്നേഹത്തോടെ ദിവ്യകാരുണ്യം സ്വീകരിക്കുന്നവർക്ക് നിത്യജീവൻ ലഭിക്കുമെന്ന് പറഞ്ഞിരിക്കുന്നതിൽ 'സ്നേഹത്തോടെ' എന്നത് അദ്ദേഹം ഒഴിവാക്കിയിരിക്കുകയാണ്. അതുപോലെ ദിവ്യകാരുണ്യസ്വീകരണ ശേഷം ഈ സ്വീകരണം ശിക്ഷാവിധിയ്ക്ക് കാരണമാകാതെ, എന്ന് പ്രാർത്ഥിക്കുന്നത് ശ്രദ്ധിക്കാതെ ബാക്കി പ്രാർത്ഥന ചൊല്ലുകയാണ്. അയോഗ്യതയോടെ ദിവ്യകാരുണ്യം സ്വീകരിയ്ക്കാനുള്ള സാധ്യതയും അപ്രകാരമുള്ള സ്വീകരണം നാശകാരണമാണെന്നിരിക്കെ അനുഗ്രഹകരമാകുമെന്ന് വിശ്വസിക്കാനുള്ള പ്രേരണയും ഈ പ്രബോധനത്തിൽ മറഞ്ഞു കിടക്കുന്നു. (റോമാ 8:1 വ്യാഖ്യാനിച്ച് ദിവ്യകാരുണ്യ സ്വീകരണം വഴി ഈശോയോട് ഐക്യപ്പെടുന്നതു കൊണ്ട് ഇനി ശിക്ഷാവിധിയില്ല എന്നു പഠിപ്പിക്കുന്നു. യോഗ്യതയോടെ ഭക്ഷിക്കേണ്ടതിനെക്കുറിച്ച് അതീവ ഗൗരവത്തോടെ പറയുന്നില്ല. അയോഗ്യതയോടെ ഭക്ഷിച്ചാൽ ഐക്യമുണ്ടാവുകയില്ല എന്നു മാത്രമല്ല അത് കടുത്ത ദൈവദ്രോഹമാവുകയും ചെയ്യും. ഇപ്രകാരം ദൈവത്തെ കഠിനമായി ദ്രോഹിക്കാനും നിത്യ ശിക്ഷയിൽ പതിക്കാനും ഈ പഠനം വഴിയൊരുക്കുന്നു).

 


സ്വർഗ്ഗം കിട്ടി കഴിഞ്ഞു എന്ന് പഠിപ്പിക്കുന്നതുകൊണ്ട് സ്നേഹപരിപൂർണ്ണത നേടി സ്വർഗ്ഗത്തിൽ എത്തിച്ചേരാനുള്ള വഴി പൂർണ്ണമായും അടച്ചു കളയുന്നു, ആത്മരക്ഷയെ തടസ്സപ്പെടുത്തുന്നു. നിത്യരക്ഷപ്രാപിക്കാനുള്ള വഴി സ്നേഹ പരിപൂർണ്ണത പ്രാപിക്കലാണ് എന്ന് ബോധ്യം കിട്ടാത്തതാണ് ഇദ്ദേഹത്തിന്റെ അടിസ്ഥാന പ്രശ്നമായി തോന്നുന്നത്. വിശുദ്ധ ഗ്രന്ഥത്തിന്റെ സന്ദേശം സ്നേഹമായ ദൈവത്തിന്റെ മക്കൾ സ്നേഹമായിത്തീരണം എന്നതാണ് (യോഹ 13:34, 1 കോറി 13). തിരുസ്സഭാ പ്രബോധനങ്ങളുടെയും ലക്ഷ്യവും സ്നേഹമായിത്തീരുക എന്നതാണ് (CCC ആമുഖം) . അങ്ങനെയിരിക്കെ, ഈ അടിസ്ഥാന സന്ദേശം ഉള്ളിൽ ലഭിക്കാതെ, ബോധ്യമാകാതെ വിശുദ്ധ ഗ്രന്ഥത്തെയും സഭാപ്രബോധനങ്ങളെയും വ്യഖ്യാനിയ്ക്കാൻ ശ്രമിയ്ക്കുന്നതാണ് ഇത്തരം അപകടത്തിന് കാരണം എന്ന് പറയാം. നിത്യരക്ഷപ്രാപിക്കുവാൻ സത്പ്രവൃത്തികളുടെ അനിവാര്യത പഠിപ്പിക്കാത്തത് നിരവധിയായ ദൈവശാസ്ത്ര പ്രശ്നങ്ങൾക്ക്, ആത്മനഷ്ടത്തിന് വഴിവയ്ക്കുന്നു. ഇവരുടെയൊക്കെ പ്രബോധനങ്ങൾ വഴി വിശുദ്ധ മത്തായി 25 ലെ അന്ത്യവിധിയെക്കുറിച്ചുള്ള ഭാഗം അപ്രസക്തമാണ് എന്ന് തോന്നിപ്പോകും.

 

ഫാദർ ഡാനിയേൽ പൂവണ്ണത്തിലിന്റെ പഠനങ്ങൾ:-

ഇദ്ദേഹം തന്നെ തന്റെ പ്രഭാഷണങ്ങളിൽ സൂചിപ്പിച്ചിട്ടുള്ളതുപോല, വൈദികനായി എങ്കിലും മാനസാന്തര അനുഭവത്തിലേക്ക് കടന്നുവന്നിട്ട് ഏതാനും വർഷങ്ങളേ ആയിട്ടുള്ളൂ. സഭയുടെ പ്രബോധനങ്ങൾക്ക് ഉപരി മറ്റുള്ളവരുടെ പഠനങ്ങളാണ് ആണ് പ്രബോധന വിഷയം ആകാറുള്ളത് എന്നത് കേൾവിക്കാർക്ക് വ്യക്തമാണ്. ബ്രദർ തോമസ് പോൾ ആണ് തന്നെ ആത്മീയമായി സഹായിക്കുന്നത് എന്ന് ഇദ്ദേഹം പറയുന്നുമുണ്ട്. അദ്ദേഹത്തിന്റെ മുൻകാല പലപഠനങ്ങളിലും സഭാവിരുദ്ധമായ പഠനങ്ങളുണ്ട്. അത് യുട്യൂബിൽ ലഭ്യമാണ്. താൻ മുൻപ് പഠിപ്പിച്ച കാര്യം 'വിവരക്കേടുകൾ' ഉള്ളതായിരുന്നു എന്ന് അദ്ദേഹം തന്നെ പലപ്രാവശ്യം പറഞ്ഞിട്ടുമുണ്ട്. എന്നാൽ തന്റെ തെറ്റായ പഠനങ്ങൾ അദ്ദേഹം യുട്യൂബിൽ നിന്ന് നീക്കം ചെയ്തതായി അറിവില്ല. അദ്ദേഹത്തെ സംബന്ധിച്ച് പ്രത്യാശജനകമായ ഒരു കാര്യമായി തോന്നുന്നത് തന്റെ പഠനങ്ങളിൽ തെറ്റുകളുണ്ടെന്ന് ബോധ്യമായാൽ അതു തിരുത്താൻ മനസ്സ് കാട്ടും എന്നതാണ്. അതുകൊണ്ടുതന്നെ പഠനങ്ങളിൽ ഇപ്പോൾ ഉള്ള തെറ്റുകളും മാറ്റും എന്ന പ്രത്യാശ നമുക്കുണ്ട്.

 

ക്രിസ്തുവിന്റെ രക്ഷാകർമ്മം വഴി എല്ലാവരും സ്വർഗ്ഗത്തിന് അവകാശികളായി എന്ന് പറയാം എന്നിരിക്കെ, ദൈവത്തിൻറെ ഭാഗത്ത് ചെയ്യേണ്ടത് ചെയ്തു കഴിഞ്ഞു എന്ന് പറഞ്ഞിട്ട് മനുഷ്യന്റെ ഭാഗത്തുനിന്ന് മരണംവരെ വിശ്വസ്തത പുലർത്തുന്ന സത്പ്രവർത്തിയുടെ സഹകരണം കൂടി പറയേണ്ടിയിരിക്കെ, അത് ഒഴിവാക്കുക വഴി പെന്തക്കോസ്തൽ പഠനം അവതരിപ്പിച്ചിരിക്കുകയാണ്. ഇതുവഴി വിശ്വാസികൾ സഭാപരമായ വിശ്വാസബോധ്യങ്ങളും ആധ്യാത്മിക അനുഷ്ഠാനങ്ങളും ഒഴിവാക്കാനും ലഘൂകരിക്കാനും ഇടയാവുകയും ആത്മനാശത്തിന് കാരണമാവുകയും ചെയ്യും. ഈ കൺവെൻഷനിൽ പങ്കെടുത്ത ചിലർ നരകം ഇല്ല, പാപം കുഴപ്പമില്ല, എല്ലാവരും സ്വർഗ്ഗത്തിൽ പോകും എന്ന സന്തോഷത്തിലാണ് എന്ന് അറിയാൻ കഴിഞ്ഞു. എല്ലാവരും പിതാവിന്റെ വലതു ഭാഗത്തു കയറി കഴിഞ്ഞു എങ്കിൽ വിശുദ്ധ സ്റ്റീഫൻ സ്വർഗ്ഗം കണ്ടപ്പോൾ തന്നെ അവിടെ കാണാതിരുന്നത് എന്തുകൊണ്ട്?

 

എഫേസൂസ് 2:6ൽ യേശുക്രിസ്തുവിനോടുകൂടെ അവിടുന്ന് നമ്മെ ഉയിർപ്പിച്ച് സ്വർഗ്ഗത്തിൽ അവനോട് കൂടെ ഇരുത്തുകയും ചെയ്തു. ഈ വചനം അക്ഷരംപ്രതി എടുത്താൽ എല്ലാവരും സ്വർഗ്ഗത്തിൽ കയറിക്കഴിഞ്ഞു എന്ന് തോന്നാം. മാമോദീസ എന്ന കൂദാശയോ, പരിശുദ്ധ കുർബാനയോ പോലും ആവശ്യമില്ല എന്നുതോന്നും. സ്വർഗ്ഗത്തിൽ കയറി കഴിഞ്ഞവർ പിന്നെ എന്തിനാണ് മാമ്മോദീസ സ്വീകരിക്കുന്നത്, കുമ്പസാരിക്കന്നത്, പരിശുദ്ധ കുർബാന സ്വീകരിക്കുന്നത്. സ്വർഗ്ഗത്തിൽ പോകാൻ ഇവയൊക്കെ ആവശ്യഘടകങ്ങൾ ആണ് എന്ന വചനങ്ങൾ ഉള്ളതുകൊണ്ടു തന്നെ. ഇതുപോലെതന്നെ, സ്വർഗ്ഗത്തിൽ പോകാൻ വിശുദ്ധി കൂടിയേ തീരൂ, സ്നേഹപൂർണ്ണത കൂടിയേ തീരൂ എന്ന് ധാരാളം വചനങ്ങളിൽ ഉണ്ട്, സഭയും അത് പഠിപ്പിക്കുന്നുണ്ട്. മാത്രവുമല്ല, മാമ്മോദീസയും വിശുദ്ധ കുർബാനയും സ്വീകരിച്ചാലും വിശുദ്ധി പ്രാപിച്ചില്ലെങ്കിൽ നരകത്തിൽ എത്തും എന്ന വചനങ്ങളും ഉണ്ട്‌. ഈശോയുടെ രക്ഷാകർമ്മത്തിന്റെ യോഗ്യതയാൽ നമുക്ക് സ്വർഗ്ഗത്തിൽ എത്താൻ ആവശ്യമായത് മുഴുവൻ ദൈവം ചെയ്തു കഴിഞ്ഞു, മാമ്മോദീസയിൽ കൂടി നാം ആ അനുഗ്രഹത്തിൽ പ്രവേശിച്ചു കഴിഞ്ഞു, യോഗ്യതാ പൂർവ്വമുള്ള പരിശുദ്ധ കുർബ്ബാന സ്വീകരണം വഴി ഈ ബന്ധം ദൃഢപ്പെടുത്തുന്നു. എന്നാൽ മരണശേഷം യഥാർത്ഥത്തിൽ പൂർണ്ണതയിൽ നാം സ്വർഗ്ഗത്തിൽ എത്തണമെങ്കിൽ മരണം വരെ നീണ്ടു നിൽക്കുന്ന ശുദ്ധീകരണവും വിശ്വസ്തതയും വേണം. വചനവ്യാഖ്യാനവും സഭയുടെ പ്രബോധനവുമായി ബന്ധപ്പെടുത്തി നല്ല ഒരു ക്ലാസ്സ് നൽകിയിരിക്കുന്ന ഇദ്ദേഹം ഈ വിഷയത്തിൽ സഭാപ്രബോധനത്തെയല്ല ആശ്രയിച്ചിരിക്കുന്നത്. പെന്തക്കോസ്തൽ ദൈവശാസ്ത്രം രൂപപ്പെട്ടിരിക്കുന്ന വചനഭാഗമാണിത് എന്നതുംകൂടി എടുത്തു പറയേണ്ടിയിരിക്കുന്നു. രക്ഷ ദൈവത്തിന്റെ സൗജന്യ ദാനമാണ് എന്ന് പറയാൻ വേണ്ടിയാണ് ഈ ഭാഗം, അതിന് മനുഷ്യന്റെ സൽപ്രവൃത്തി കൂടിയേ തീരൂ എന്നതിന് നാം ആശ്രയിക്കേണ്ടത് പ്രധാനമായും യാക്കോബ് രണ്ടാം അദ്ധ്യായത്തെയാണ്. കൃത്യമായി പറഞ്ഞാൽ 2:24.

 

ഈ അടുത്ത നാളുകളിൽ മാത്രമാണ് കത്തോലിക്കാസഭയാണ് സത്യസഭ എന്ന് അദ്ദേഹം പറഞ്ഞു തുടങ്ങിയതും, മതബോധനഗ്രന്ഥം ഉപയോഗിച്ചു തുടങ്ങിയതും. എന്നിരുന്നാലും ഇക്കാര്യത്തിൽ വലിയ ആധികാരികത ഉള്ളവനെ പോലെ സംസാരിക്കുന്നതുകൊണ്ട് തെറ്റുകൾ പഠിപ്പിക്കുന്നത് വിശ്വാസികൾ പെട്ടെന്ന് തന്നെ സ്വീകരിക്കാൻ ഇടയാകുന്നു. തലേ വർഷം ഒരു വൈദികൻ ഇതേ കൺവെൻഷനിൽ അന്ത്യവിധിയുടെ ചിത്രീകരണം കാട്ടി നരകത്തിലേക്ക് പോകുന്നതൊക്കെ കാണിച്ച് പഠിപ്പിച്ചു. പിറ്റേവർഷം മറ്റൊരു വൈദികൻ നരകത്തിൽ ആരും പോകില്ല എന്ന കാഴ്ചപ്പാടും അവതരിപ്പിച്ചു. വിശ്വാസികളുടെ ഒരവസ്ഥ.

 

കത്തോലിക്കാ സഭയുടെ ആദ്ധ്യാത്മികതയുടെ കൃത്യമായ അവതരണമോ അതിന്റെ പരിശീലനമോ ഈ പ്രബോധനങ്ങളിൽകൂടി ലഭ്യമാകുന്നില്ല. ദൈവം എത്രമാത്രം കരുണയാണെന്ന് ഒരാൾ വിശ്വസിക്കുന്നുണ്ടോ, പഠിപ്പിക്കുന്നുണ്ടോ അതിന് ആനുപാതികമായി അത് അറിഞ്ഞവർ കരുണ കാണിക്കണം. ഇപ്രകാരം കരുണയായിത്തീരണം എന്ന പ്രബോധനം നൽകപ്പെടുന്നില്ല എന്നത് അടിസ്ഥാനപരമായ പോരായ്മ ആണ്.

 

 

ഫാദർ മൈക്കിൾ പനച്ചിക്കലിന്റെ പഠനങ്ങൾ:-

തികച്ചും വ്യത്യസ്തമായ ഒരു പ്രബോധന രീതി വർഷങ്ങളായി കാത്തു സൂക്ഷിക്കുന്ന വൈദികനാണിദ്ദേഹം. ദൈവത്തിന്റെ കരുണയെ ആഴത്തിൽ വെളിപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ ശ്രദ്ധയിൽ ദൈവത്തിന്റെ നീതി നിശ്ചയം, പാപത്തിന്റെ പരിണിത ഫലങ്ങൾ, ആത്മരക്ഷയിൽ സൽപ്രവൃത്തികളുടെ അനിവാര്യത ഇവ പഠിപ്പിക്കുന്നതിൽ വേണ്ടത്ര ശ്രദ്ധ കാട്ടുന്നില്ല. ഇദ്ദേഹത്തിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുന്ന വിഢീയോയിൽ കഴിഞ്ഞ ദിവസം ചങ്ങനാശ്ശേരിയിൽ നടന്ന പ്രോഗ്രാമിൽ നാലു തെറ്റുകൾ തുടരെതുടരെ പറയുന്നത് കാണാം. ഒന്ന് ഇതുവരെ ആരും നരകത്തിൽ എത്തിയിട്ടില്ല എന്ന് ഉറപ്പ് പറയുന്നത്. രണ്ടാമതായി ആരെങ്കിലും നരകത്തിൽ പോകുന്നുണ്ടെങ്കിൽ അന്ത്യവിധിയിലെ പോകൂ എന്ന് പറയുന്നത്. ഇത് തനതുവിധിയെ നിഷേധിക്കുന്നു. മൂന്നാമതായി അന്ത്യവിധിയ്ക്ക് ശേഷം ആരും നരകത്തിൽ കാണും എന്ന് താൻ കരുതുന്നില്ല എന്ന് പറയുന്നത്. തന്റെ തോന്നലിനെയല്ല സഭാപ്രബോധനത്തെയാണ് വിശ്വാസികൾ അനുഗമിക്കേണ്ടത്. അന്ത്യവിധിയിൽ ഇടതുഭാഗത്ത് ആൾ ഉണ്ടാകും, അത് നിത്യമാണ് എന്ന് ഈശോ പറഞ്ഞു കഴിഞ്ഞതാണ്; അത് സഭ പഠിപ്പിക്കുന്നതുമാണ്. എന്നാൽ അത് ആരൊക്കെയാണ് എന്ന് പറയുന്നില്ല എന്ന് മാത്രം.

 

ഇദ്ദേഹത്തിന്റെ നാലാമത്തെ തെറ്റ് ദൈവം സ്നേഹമായിരിക്കെ ഒരാൾ പോലും നരകത്തിൽ കിടന്നാൽ ദൈവത്തിന് എങ്ങനെ സന്തോഷിക്കാൻ കഴിയും എന്ന് പറയുന്നതാണ്. (ദൈവം സ്നേഹമായിരിക്കെ പാപം ചെയ്ത മാലാഖമാരെ എന്തുകൊണ്ട് നിത്യമായി സ്വർഗ്ഗത്തിൽ നിന്ന് മാറ്റി നിർത്തിയിരിക്കുന്നു, എന്തുകൊണ്ട് അവരെ രക്ഷിക്കുന്നില്ല എന്നതിനെക്കുറിച്ച് എന്താണ് പറയാത്തത്. പിശാചുക്കളും മാനസാന്തരപ്പെട്ട് സ്വർഗ്ഗത്തിൽ പ്രവേശിക്കും എന്ന് വിശ്വസിക്കുന്നുണ്ടോ? സഭയെക്കുറിച്ചും എല്ലാ സഭാസത്യങ്ങളെക്കുറിച്ചും ഇപ്രകാരം സംശയം ചോദിക്കാവുന്നതാണ്. എന്നാൽ വഞ്ചിക്കാത്തവനും വഞ്ചിക്കപ്പെടാത്തവനുമായ ദൈവം അത് വെളിപ്പെടുത്തിയിരിക്കുന്നതിനാൽ നാം വിശ്വസിച്ചേ തീരൂ. ദൈവം സർവ്വശക്തനാണ് എന്ന് പറയുകയും അതേസമയം ദൈവത്തിന് ചിലരെക്കൂടാതെ സന്തോഷപൂർണ്ണതയിൽ ആയിരിക്കാൻ കഴിയില്ല എന്ന് പറയുകയും ചെയ്താൽ അതു വൈരുദ്ധ്യമല്ലേ?. നരകത്തിൽ പോകാൻ ആരും കാണില്ല എന്ന പ്രബോധനം കേൾക്കുമ്പോൾ പാപിയായ താനും അവിടെ പോകില്ല എന്ന് പാപിക്ക് തോന്നലുണ്ടായി മാനസാന്തരം വേണ്ട എന്ന് വയ്ക്കാനും പുണ്യത്തിൽ പ്രവേശിച്ചവർക്ക് പുണ്യപരിപുണ്ണതയ്ക്ക് വേണ്ടി അദ്ധ്വാനിക്കാതിരിക്കാനും അങ്ങനെ ആത്മരക്ഷ തടസ്സപ്പെടാനും ഇത്തരം പ്രബോധനങ്ങൾ വഴി ഒരുക്കുന്നു. വിശ്വസിച്ച ദൈവത്തെ ബുദ്ധിയിൽ മനസ്സിലാക്കാൻ ശ്രമിക്കാതെ, വിശ്വസിക്കാതെ ബുദ്ധിയിൽ മനസ്സിലാക്കാൻ ശ്രമിച്ചാൽ വലിയ അപകടം സൃഷ്ടിക്കും.

 

പാസ്റ്റർ ഷിബു പിടീയേക്കലിന്റെ പഠനങ്ങൾ :-

ഒരർത്ഥത്തിൽ ക്രിസ്തീയ വിശ്വാസവുമായി കാര്യമായ ഒരു ബന്ധവും ഇല്ലാത്തതാണ് ഇദ്ദേഹത്തിന്റെ പല പ്രബോധനങ്ങളും. (അതേസമയം ചില പഠനങ്ങൾ വളരെ ശ്രേഷ്ഠമാണുതാനും. ബ്രദർ തോമസ് പോളിന്റെയും ഫാദർ ഡാനിയേൽ പൂവണ്ണത്തിന്റെയും പഠനങ്ങൾ പ്രത്യേകിച്ച് ബ്രദർ തോമസ് പോളിന്റെ പഠനങ്ങൾ വളരെ ശ്രേഷ്ഠമാണ് എന്നതും ഏവർക്കും അറിവുള്ളതാണ്. അവരുടെ അഭിഷേകം, അവർ വഴി സഭയ്ക്ക് ഉണ്ടായ നന്മകൾ, ഇതൊക്കെ പൂർണ്ണമായി അംഗീകരിച്ചു കൊണ്ട് തന്നെയാണ് ഇവരുടെ 'പുതിയ കാൽവയ്പിന്റെ ' വലിയ അപകടങ്ങൾ ഗൗരവപൂർവ്വം ചൂണ്ടിക്കാട്ടുന്നത്. നരകത്തെ നൂറു ശതമാനവും എതിർക്കുന്ന ഇദ്ദേഹത്തിന്റെ പ്രബോധനം ഒട്ടുംതന്നെ മുഖവിലയ്ക്ക് എടുക്കേണ്ടതില്ല, ചർച്ചയ്ക്ക് പോലും എടുക്കേണ്ടതില്ല എന്ന് പറയാം. നിർഭാഗ്യവശാൽ ഇദ്ദേഹമാണ് തിരുവല്ലയിൽ നടന്ന പ്രോഗ്രാം നിയന്ത്രിച്ചത്. കത്തോലിക്കാ സഭയ്ക്കും സഭാപഠനങ്ങൾക്കും വലിയ അപകടം സൃഷ്ടിക്കുന്നതാണ് ഇദ്ദേഹത്തിന്റെ പ്രബോധനങ്ങൾ. അതിനെക്കാൾ വലിയ അപകടമാണ് നമ്മുടെ കത്തോലിക്കാ പ്രബോധകർക്ക് ഇദ്ദേഹവുമായുള്ള അടുത്ത ബന്ധം.

 

ഉപസംഹാരം

ഈ അഞ്ചു പേരുടെ കൂട്ടായ്മ വഴി, ഓരോരുത്തർക്കും മറ്റ് നാല് പേരുടെ അനുയായികളെ കൂടി തന്റെ പഠനങ്ങൾ പഠിപ്പിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. അങ്ങനെ തികച്ചും ക്രൈസ്തവവിരുദ്ധവും സഭാവിരുദ്ധവുമായ പഠനങ്ങൾ കേൾക്കുന്നതിനും സ്വീകരിക്കുന്നതിനും കത്തോലിക്കാശുശ്രൂഷകർ, പെന്തക്കോസ്തൽ വേദിയിൽ നിന്ന് വന്നിട്ടുള്ള ബ്രദർ സജിത്തിനെയും പാസ്റ്റർ ഷിബു പിടീയേക്കലിനെയും പരിചയപ്പെടുത്തി വിശ്വാസികൾക്ക് അപകടം സൃഷ്ടിച്ചിരിക്കുകയാണ്. കൂടുതൽ അറിയപ്പെടുന്നതിനും തന്റെ ആശയങ്ങൾ കൂടുതൽ പേരെ അറിയിക്കുന്നതിനും കാട്ടുന്ന ശ്രദ്ധയിൽ, 2000 വർഷമായ സഭാസത്യങ്ങളെയാണ് ഇവർബലി കൊടുക്കുന്നത്. സ്വർഗ്ഗത്തിന് സാധ്യതയുള്ള, വിശുദ്ധർ ആകാൻ സാധ്യതയുള്ള ആയിരങ്ങളെ ഇവർ വഴിതെറ്റിക്കുകയാണ്. വിശ്വാസത്യാഗത്തിന്റെ ഒരു ആധുനികമുഖമായിട്ട് ഇതിനെ കാണുന്നതിൽ തെറ്റില്ല. വിശ്വാസത്യാഗത്തിന് സാത്താൻ ഒരുക്കുന്ന ഒരു പ്രത്യേക കെണിയാണ് ഇതെന്നു പറയാം.

 

നിത്യരക്ഷ ഉറപ്പായി എന്ന് കരുതുന്നവർ ഒരു കാര്യം കൂടി ശ്രദ്ധിക്കട്ടെ. നരകമില്ല എന്ന് വരുത്തി തീർത്ത്, സ്വർഗ്ഗത്തിൽ പോകാം എന്ന ഉറപ്പിൽ ജീവിക്കുന്നവർ, സ്വർഗ്ഗത്തിൽ പോകുന്നവർ കുറവും നരകത്തിൽ പോവുന്നവർ കൂടുതലും എന്ന പ്രബോധനമാണ് ഈശോ നൽകിയിരിക്കുന്നത് എന്നുകൂടി അറിയുക. വിശുദ്ധ മത്തായി 5:22 വായിച്ചുകഴിഞ്ഞാൽ എന്തുതോന്നും? വിശുദ്ധമത്തായി 7:11-13 വായിച്ചു കഴിഞ്ഞാൽ എന്താണ് മനസ്സിലാകുന്നത്? ലൂക്ക 13:22 മുതലുള്ള വചനങ്ങളിലും രക്ഷ പ്രാപിക്കുന്നവർ ചുരുക്കം ആണ് എന്ന് ബോധ്യം ഈശോ നൽകുന്നു. ഇതാണ് സത്യം എന്നിരിക്കെ, പാപം ഉപേക്ഷിക്കാൻ, മാനസാന്തരപ്പെടാൻ, സ്നേഹ പരിപൂർണ്ണത പ്രാപിക്കാൻ തടസ്സം നിൽക്കുന്ന ഇത്തരം പ്രബോധനങ്ങൾ എത്ര കർശനമായി തടയപ്പെടേണ്ടതാണ്. കത്തോലിക്കാ സഭയിൽ അംഗമായി വിശുദ്ധ കുർബാന സ്വീകരിക്കുന്നു എന്നൊക്കെ കൊണ്ട് മാത്രം സ്വർഗ്ഗത്തിൽ പോകാം എന്ന് കരുതിയിരിക്കുന്നവർ, സഭയുടെ ഈ പ്രബോധനം ശ്രദ്ധിക്കട്ടെ. "സ്നേഹത്തിൽ നിലനിൽക്കാത്തവരും സഭയുടെ മടിത്തട്ടിൽ ആന്തരികമായി നിരസിക്കാതെ ബാഹ്യമാത്രമായി കഴിഞ്ഞുകൂടുന്നവരും, സഭയുടെ അംഗങ്ങൾ ആയതുകൊണ്ട് മാത്രം രക്ഷ പ്രാപിക്കുകയില്ല എന്ന് മാത്രമല്ല കഠിനമായ ശിക്ഷാവിധിക്ക് കാരണമായിത്തീരുകയും ചെയ്യും".( രണ്ടാം വത്തിക്കാൻ കൗൺസിൽ തിരുസഭ No. 14).

 


ഒരു വിശ്വാസി, ശുശ്രൂഷകൻ ചെയ്യുന്ന ധാർമിക പാപം അയാളിലും അയാളുടെ ചുറ്റുപാടുകളിലും ഒതുങ്ങും. എന്നാൽ ഒരു ശുശ്രൂഷകൻ വിശ്വാസ വിരുദ്ധമായി നൽകുന്ന പ്രബോധനങ്ങൾ കാലഘട്ടങ്ങളെ പോലും മറികടന്നു പോകും. ആദിമ സഭ മുതലുള്ള ഉള്ള പല പാഷണ്ഡതകളും ഇന്നും സഭയിൽ കടന്നുവരുന്നത് ഇതിനു തെളിവാണ്. സഭ പ്രബോധന കാര്യത്തിൽ അത്ര കാര്യമായി ശ്രദ്ധിക്കുന്ന തെളിവാണ് ആണ് ധാർമികമായി 'പൂർണമായി' അധപതിച്ച വ്യക്തികളെപ്പോലും കരുണയോടെ കാണുന്ന, സൂക്ഷിക്കുന്ന സഭ ഏതെങ്കിലുമൊരു വിശ്വാസത്തിൽ ബോധപൂർവ്വം നിഷേധം കാട്ടിയാൽ അവരെ സഭയിൽ നിന്ന് മാറ്റി നിർത്തുന്നത്. നിങ്ങളിൽ അധികം പേർ പ്രബോധകരാകാൻ തുനിയരുത് എന്ന യാക്കോബ്ശ്ലീഹായുടെ വാക്കുകളും അതിശക്തമാണ് (3:1). ഫരിസേയർ ധാർമ്മിക പാപങ്ങൾ ചെയ്തിട്ട് അതിനെ സൂക്ഷിക്കാനല്ല, അവരുടെ തെറ്റായ പ്രബോധനങ്ങളെ സൂക്ഷിക്കാനാണ് ഈശോ മുന്നറിയിപ്പ് കൊടുക്കുന്നത്.




Article URL:







Quick Links

'തെറ്റായ പ്രബോധനങ്ങൾ വഴി കേരള സഭ കടുത്ത വിശ്വാസ പ്രതിസന്ധിയിലേക്ക്'? എന്ന ഡോക്ടർ അനീഷ് ജോൺ എഴുതിയ പോസ്റ്റിന് വിശദീകരണം. ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ്

'തെറ്റായ പ്രബോധനങ്ങൾ വഴി കേരള സഭ കടുത്ത വിശ്വാസ പ്രതിസന്ധിയിലേക്ക്'? എന്ന ഡോക്ടർ അനീഷ് ജോൺ എഴുതിയ പോസ്റ്റിന് വിശദീകരണം. ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ്   CCC 907 - "അൽമായർക്ക് തങ്ങളുടെ അറ... Continue reading


ദൈവസ്നേഹവും നിത്യനരകവും ഒന്നിച്ചു പോകുമോ?

ദൈവസ്നേഹവും നിത്യനരകവും ഒന്നിച്ചു പോകുമോ? (ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ്) ആദിമസഭ മുതൽ, സഭയിൽ ഏറെ ചർച്ചകൾക്ക് കാരണമായിത്തീർന്ന ഒരു വിഷയമാണ് ദൈവം സ്നേഹമായിരിക്കെ എന്തുകൊണ്ട് ഒരു നിത്യനരകം കൂടി ഉണ... Continue reading


തെറ്റായ പ്രബോധനങ്ങൾ വഴി കേരളസഭ കടുത്ത വിശ്വാസ പ്രതിസന്ധിയിലേക്ക്?

തെറ്റായ പ്രബോധനങ്ങൾ വഴി കേരളസഭ കടുത്ത വിശ്വാസ പ്രതിസന്ധിയിലേക്ക്? നവീകരണ മേഖലയുമായി ബന്ധപ്പെട്ട്, തികഞ്ഞ കത്തോലിക്ക ആധ്യാത്മികതയുടെ അഭാവം അവിടെയുണ്ട് എന്ന ആരോപണം ശക്തമായി നിലനിൽക്കവേ, ഈ അടുത്തന... Continue reading