Home | Articles | 

Editorial
Posted On: 16/04/20 11:49
വാഴ്ത്തപ്പെട്ട ആൻ കാതറിൻ കണ്ട യുഗാന്ത്യ ദർശനം

 

 മാര്‍ച്ച് 22, 1820

‘മനുഷ്യരുടെ അസംഖ്യങ്ങളായ പാപങ്ങളും, മാര്‍ഗ്ഗഭ്രംശങ്ങളിലൂടെയുള്ള തെറ്റുകളും ഞാന്‍ വളരെ വ്യക്തമായി കണ്ടു. യുക്തിക്കും സത്യത്തിനും എതിരായ, തങ്ങളുടെ പ്രവര്‍ത്തികളുടെ ഭോഷത്വവും ദുഷ്ടതയും ഞാന്‍ കണ്ടു. അവര്‍ക്കിടയില്‍ വൈദികരും ഉണ്ടായിരുന്നു. അവര്‍ സുബോധത്തിലേക്ക് തിരികെ വരുന്നതിനായി, ഞാന്‍ എന്‍റെ ക്ലേശങ്ങള്‍ സന്തോഷപൂര്‍വ്വം സഹിച്ചു.

 

ഏപ്രില്‍ 12, 1820

ഭീകര ദുരിതങ്ങളുടെ മറ്റൊരു ദര്‍ശനം എനിക്കുണ്ടായി. അനുവദിക്കുവാന്‍ പാടില്ലാത്ത ഒരു സൗജന്യം പുരോഹിതഗണം ആവശ്യപ്പെട്ടതായി എനിക്കു തോന്നുന്നു. കഠിന ദുഖത്താല്‍ കരഞ്ഞ അനേകം വയോധിക വൈദികരെ, പ്രത്യേകിച്ച് ഒരാളെ, ഞാന്‍ കണ്ടു. ചുരുക്കം ചില ചെറുപ്പക്കാരായവരും കരയുന്നുണ്ടായിരുന്നു. പക്ഷേ, മറ്റുള്ളവരും, ഉദാസീനരായിട്ടുള്ളവരും, ആവശ്യപ്പെട്ടത് ഉടന്‍തന്നെ ചെയ്തു. ആള്‍ക്കാര്‍ രണ്ടു വിഭാഗങ്ങളായി വിഭജിക്കപ്പെടുന്നതുപോലെ തോന്നി…

 

മേയ് 13, 1820

രണ്ട് പാപ്പമാർ തമ്മിലുളള സംസർഗ്ഗവും ഞാൻ കണ്ടു.
ഈ വ്യാജസഭയുടെ പരിണിതഫലങ്ങള്‍ എത്രമാത്രം ഉപദ്രവകരമായിരിക്കുമെന്ന് ഞാന്‍ കണ്ടു.
ഇതു വളര്‍ന്ന് വലുതാകുന്നത് ഞാന്‍ കണ്ടു; എല്ലാ വിധത്തിലുമുള്ള പാഷണ്ഢത (റോമോ)നഗരത്തിലേക്ക് വന്നു. പ്രാദേശിക പുരോഹിതഗണം ഉദാസീനമായി വളര്‍ന്നു. ഞാന്‍ വലിയ ഒരു അന്ധകാരം കണ്ടു….
ദര്‍ശനം എല്ലാ വശങ്ങളിലേക്കും പരക്കുന്നതായി തോന്നി. കത്തോലിക്കാ സമൂഹങ്ങള്‍ മുഴുവനും അടിച്ചമര്‍ത്തപ്പെടുകയും, ശല്യം ചെയ്യപ്പെടുകയും, നിയന്ത്രിക്കപ്പെടുകയും, തങ്ങളുടെ സ്വാതന്ത്ര്യത്തെ എടുത്തുകളയുകയും ചെയ്തു. അടച്ചുപൂട്ടപ്പെട്ട അനേകം ദൈവാലയങ്ങള്‍ ഞാന്‍ കണ്ടു. എല്ലായിടത്തും കഠിനമായ കഷ്ടതകള്‍, യുദ്ധങ്ങള്‍, രക്തച്ചൊരിച്ചിലുകള്‍. കാടത്തവും അജ്ഞതയും നിറഞ്ഞ ഒരു ജനക്കൂട്ടം ആക്രമണ നടപടിയെടുത്തു. പക്ഷേ അത് കൂടുതല്‍ നീണ്ടുനിന്നില്ല…
രഹസ്യ ഗ്രൂപ്പിനാല്‍ ഉരുത്തിരിഞ്ഞ പദ്ധതി പ്രകാരം, പത്രോസിന്‍റെ ദൈവാലയം അട്ടിമറിക്കപ്പെട്ടതായി ഞാന്‍ ഒരിക്കല്‍ക്കൂടി കണ്ടു. കൊടുങ്കാറ്റ് അതിന് നാശം വരുത്തിക്കൊണ്ടിരുന്നു. എന്നാല്‍, വേദന അതിന്‍റെ ഉച്ചിയിലെത്തിയപ്പോള്‍, സഹായം ലഭ്യമാക്കുന്നതായി ഞാന്‍ കണ്ടു. പരിശുദ്ധ കന്യാമറിയം ദൈവാലയത്തിന്‍റെ മേല്‍ ഇറങ്ങിവന്ന്, തന്‍റെ കച്ച അതിന്‍റെ മേല്‍ വിരിക്കുന്നത് ഞാന്‍ വീണ്ടും കണ്ടു.

 

ജൂലൈ, 1820
സഭയെക്കുറിച്ചുള്ള തീവ്രമായ ഉത്കണ്ഠയാലും, വിശ്വാസവഞ്ചകരാല്‍ ചുറ്റപ്പെട്ടും പരിശുദ്ധ പിതാവിനെ ഞാന്‍ കണ്ടു. തന്‍റെ ഏറ്റവും വലിയ ആവശ്യത്തിന്‍റെ നേരത്ത് ദര്‍ശനങ്ങളും പ്രത്യക്ഷപ്പെടലുകളും അദ്ദേഹത്തിനുണ്ടായിരുന്നു. അനേകം ഭക്തിയുള്ള ബിഷപ്പുമാരെ ഞാന്‍ കണ്ടു; പക്ഷേ, അവര്‍ ചഞ്ചലരും ബലഹീനരുമായിരുന്നു. അവരുടെ ഭീരുത്വം മിക്കപ്പോഴും മുന്നിട്ടുനിന്നു. അന്ധകാരം ചുറ്റും വ്യാപിക്കുന്നതും, ജനങ്ങള്‍ സത്യസഭയെ അന്വേഷിക്കാതിരിക്കുന്നതും ഞാന്‍ കണ്ടു.

 

ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍, 1820

കൂടുതല്‍ രക്തസാക്ഷികളെ ഞാന്‍ കാണുന്നു… ഇപ്പോഴല്ല… ഭാവിയില്‍… രഹസ്യ ഗ്രൂപ്പ്, സഭയെ നിഷ്ഠൂരം അട്ടിമറിക്കുന്നത് ഞാന്‍ കണ്ടു. സമുദ്രത്തില്‍ നിന്നും കയറിവരുന്ന ഒരു ഭീകര മൃഗത്തെ അവരുടെ സമീപം ഞാന്‍ കണ്ടു. ലോകമെമ്പാടുമുള്ള നല്ലവരും ഭക്തിതീഷ്ണതയുള്ളവരുമായ ആള്‍ക്കാരെ, പ്രത്യേകിച്ചും മതമേലധ്യക്ഷډാരെ, ശല്യം ചെയ്യുകയും അടിച്ചമര്‍ത്തുകയും ജയിലിലടയ്ക്കുകയും ചെയ്തു. അവര്‍ ഒരു ദിവസം രക്തസാക്ഷികളാവുമെന്ന തോന്നല്‍ എനിക്കുണ്ടായി.
സഭ ഏകദേശം പൂര്‍ണ്ണമായും നശിപ്പിക്കപ്പെടുകയും, ശ്രീകോവിലും, അള്‍ത്താരയും മാത്രം അവശേഷിച്ചപ്പോള്‍, നാശം വിതയ്ക്കുന്നവര്‍, മൃഗവുമൊന്നിച്ച് സഭയില്‍ പ്രവേശിക്കുന്നത് ഞാന്‍ കണ്ടു. അവിടെ അവര്‍ കുലീനയായ ഒരു സ്ത്രീയെ, ഒരു കുഞ്ഞുമായി നില്‍ക്കുന്നതുപോലെ, കണ്ടുമുട്ടി, കാരണം അവള്‍ മെല്ലെയായിരുന്നു നടന്നിരുന്നത്. ഈ കാഴ്ചയില്‍, ശത്രുക്കള്‍ ഭയചകിതരായി. മൃഗത്തിന് ഒരടിപോലും മുമ്പോട്ടുവയ്ക്കുവാന്‍ സാധിച്ചില്ല. അത്, ആ സ്ത്രീയെ കടിച്ചു കീറുമെന്നപോലെ, തന്‍റെ കഴുത്ത് സ്ത്രീയുടെ നേര്‍ക്ക് നീട്ടി. എന്നാല്‍ ആ സ്ത്രീ തിരിഞ്ഞ്, (അള്‍ത്താരയുടെ നേര്‍ക്കു) തല നിലത്തു മുട്ടിച്ച് സ്രാഷ്ടാംഗപ്രണാമം ചെയ്തു. അപ്പോള്‍ മൃഗം കടലിന്‍റെ നേര്‍ക്ക് പാഞ്ഞുപോകുന്നതും, ശത്രുക്കള്‍, ആശയക്കുഴപ്പം കൊണ്ട് പരക്കം പായുന്നതും ഞാന്‍ കണ്ടു. അപ്പോള്‍ അങ്ങകലെ, മാലാഖമാരുടെ ഒരു വലിയ ഗണം സമീപിക്കുന്നത് ഞാന്‍ കണ്ടു. ഏറ്റവും മുന്‍പില്‍, ഒരു വെള്ളക്കുതിരയുടെ പുറത്ത് ഒരു മനുഷ്യനെ ഞാന്‍ കണ്ടു. മോചിതരായ തടവുകാരെല്ലാവരും അവരോട് ചേര്‍ന്നു. എല്ലാ ശത്രുക്കളും പിടിക്കപ്പെട്ടു. സഭ ഉടനടി പുനര്‍നിര്‍മ്മിക്കപ്പെടുന്നതു ഞാന്‍ കണ്ടു. അവള്‍ മുമ്പത്തേക്കാളും കൂടുതല്‍ പ്രൗഢിയോടുകൂടിയവളായിരുന്നു.

 

ആഗസ്റ്റ് 10, 1820
പരിശുദ്ധ പിതാവ് കഠിനവ്യധയനുഭവിക്കുന്നത് ഞാന്‍ കാണുന്നു. മുന്‍പ് താമസിച്ചുകൊണ്ടിരുന്നതല്ലാത്ത മറ്റൊരു കൊട്ടാരത്തിലാണ് അദ്ദേഹം താമസിക്കുന്നത്. അദ്ദേഹം, തന്‍റെ സമീപത്ത് കുറച്ചു സുഹൃത്തുക്കളെ മാത്രമേ പ്രവേശിപ്പിച്ചുള്ളു. താന്‍ മരിക്കുന്നതിനു മുമ്പ്, പരിശുദ്ധ പിതാവ് വളരെയേറെ പരീക്ഷണങ്ങള്‍ സഹിക്കേണ്ടി വരുമെന്ന് ഞാന്‍ ഭയപ്പെടുന്നു. അന്ധകാരത്തിന്‍റെ വ്യാജ സഭ കൂടുതല്‍ വളരുന്നതായി ഞാന്‍ കാണുന്നു. അതിന് ജനങ്ങളുടെമേലുള്ള ഭയാനകമായ സ്വാധീനം ഞാന്‍ കാണുന്നു. നാം രാവും പകലും ദൈവത്തോട് കേണപേക്ഷിക്കേണ്ടവിധം, പരിശുദ്ധ പിതാവും സഭയും അത്രമാത്രം കഠിനമായ വേദനയിലാണ്.
സഭയ്ക്കും പാപ്പായ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് എന്നോട് പറയപ്പെട്ടു. അന്ധകാര സഭയുടെ നീങ്ങിപ്പോകലിനായി ജനങ്ങള്‍ തീവ്രമായി പ്രാര്‍ത്ഥിക്കണം.
കഴിഞ്ഞ രാത്രിയില്‍ ഞാന്‍ റോമിലേക്ക് നയിക്കപ്പെട്ടു. അവിടെ, പരിശുദ്ധ പിതാവ് ദുഖത്തില്‍ നിമഗ്നനായി, തന്‍റെ മേല്‍ ചുമത്തപ്പെടുന്ന അപകടകരമായ ആവശ്യങ്ങള്‍ ഒഴുവാക്കപ്പെടുവാനായി, ഇപ്പോഴും മറഞ്ഞിരിക്കുകയായിരുന്നു. അദ്ദേഹം ഇപ്പോഴും വളരെ ബലഹീനനും, ദുഖത്താലും, പ്രാര്‍ത്ഥനയാലും, കരുതലാലും വളരെ ക്ഷീണിതനാണ്. അദ്ദേഹത്തിനിപ്പോള്‍ വളരെക്കുറച്ചുപേരേ മാത്രമേ വിശ്വസിക്കുവാന്‍ പറ്റുന്നുള്ളു. അതുകൊണ്ടാണ് പ്രധാനമായും അദ്ദേഹം മറഞ്ഞിരിക്കുന്നത്. എന്നാലും, അദ്ദേഹത്തിന്‍റെ കൂടെ ഇപ്പോഴും, വളരെ ലാളിത്യവും ആത്മീയതയുമുള്ള ഒരു വയോധികനായ പുരോഹിതന്‍ ഉണ്ട്. ആ പുരോഹിതന്‍, പരിശുദ്ധ പിതാവിന്‍റെ സുഹൃത്താണ്. അദ്ദേഹത്തിന്‍റെ ലാളിത്യം കൊണ്ട്, അദ്ദേഹത്തെ നീക്കിക്കളയേണ്ട ആവശ്യമുണ്ടെന്ന് അവര്‍ വിചാരിച്ചില്ല. എന്നാല്‍, ഈ മനുഷ്യന്‍ ദൈവത്തില്‍ നിന്നും അനേകം കൃപകള്‍ സ്വീകരിക്കുന്നു. അദ്ദേഹം അനേകം കാര്യങ്ങള്‍ ശ്രദ്ധിക്കുകയും കാണുകയും ചെയ്യുകയും, അത് വിശ്വസ്തതയോടെ പരിശുദ്ധ പിതാവിനെ അറിയിക്കുകയും ചെയ്യുന്നു. തന്‍റെ അടുത്തുതന്നെ താമസിക്കുന്ന ഉന്നത പദവിയിലുള്ളവരുടെ മദ്ധ്യേ കാണപ്പെടുന്ന, വഞ്ചകരും തിډ പ്രവര്‍ത്തിക്കുന്നവരുമായ ശുശ്രൂഷകരെക്കുറിച്ച്, അദ്ദേഹം പ്രാര്‍ത്ഥിക്കുന്ന നേരത്ത്, അദ്ദേഹത്തെ അറിയിക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടിരുന്നു.

 

ആഗസ്റ്റ് 10, 1820
കഴിഞ്ഞ രാത്രി ഞാന്‍ എങ്ങനെ റോമിലേക്ക് നയിക്കപ്പെട്ടു എന്നെനിക്കറിഞ്ഞുകൂടാ. എന്നാല്‍ ഞാന്‍ എന്നെത്തന്നെ, സെന്‍റ് മേരി മേജര്‍ പള്ളിയുടെ സമീപം ആയിരിക്കുന്നത് കണ്ടു. തീവ്ര വേദന അനുഭവിക്കുന്നവരും ആകുലരുമായ അനേകം പാവം ജനങ്ങളെ ഞാന്‍ കണ്ടു. കാരണം, പാപ്പായെ ഒരിടത്തും കാണുവാനില്ലായിരുന്നു. അതുകൂടാതെ, സിറ്റിയിലെ ഭീതിപ്പെടുത്തുന്ന അപവാദങ്ങളും അസ്വസ്തതകളും കാരണമായി. പള്ളിയുടെ വാതിലുകള്‍ തുറന്നു കിടക്കുമെന്ന് ഈ ജനങ്ങള്‍ പ്രതീക്ഷിച്ചില്ല. അവര്‍ക്ക് വെളിയില്‍ നിന്നു പ്രാര്‍ത്ഥിക്കണമെന്നേ ഉണ്ടായിരുന്നുള്ളു. ഒരു ഉള്‍പ്രേരണ, അവരെയോരോരുത്തരേയും അവിടെയെത്തിച്ചു. എന്നാല്‍, ഞാന്‍ പള്ളിക്കുള്ളിലായിരുന്നു. ഞാന്‍ വാതിലുകള്‍ തുറന്നു. വാതിലുകള്‍ തുറന്നതുമൂലം, ആശ്ചര്യത്തോടെയും ഭയത്തോടെയും അവര്‍ അകത്തേക്കു വന്നു. എനിക്കു തോന്നുന്നത്, ഞാന്‍ വാതിലിനു പിറകിലായിരുന്നെന്നും, അവര്‍ക്ക് എന്നെ കാണാന്‍ സാധിച്ചില്ലെന്നുമാണ്. പള്ളിയില്‍ ഒപ്പീസ് ഇല്ലായിരുന്നു. എന്നാല്‍ വിളക്ക് തെളിഞ്ഞുനിന്നു. ജനങ്ങള്‍ വളരെ സമാധാനത്തോടെ പ്രാര്‍ത്ഥിച്ചു.
അപ്പോള്‍ ദൈവമാതാവിന്‍റെ ഒരു ദര്‍ശനം ഞാന്‍ കണ്ടു. പീഠനം വളരെ കഠിനമായിരിക്കുമെന്ന് മാതാവ് പറഞ്ഞു. ജനങ്ങള്‍ ഉത്സാഹത്തോടെ, വിരിച്ചുപിടിച്ച കരങ്ങളോടുകൂടി, മൂന്നു സ്വര്‍ഗ്ഗസ്ഥനായ പിതാവേ ചൊല്ലുവാനുള്ള നേരത്തേക്കാണെങ്കില്‍ പോലും, പ്രാര്‍ത്ഥിക്കണമെന്ന് മാതാവ് പറഞ്ഞു. കുരിശില്‍ കിടന്നുകൊണ്ട് അവര്‍ക്കു വേണ്ടി അവളുടെ പ്രിയപുത്രന്‍ പ്രാര്‍ത്ഥിച്ചത് ഇങ്ങനെയായിരുന്നു. രാത്രി 12 മണിക്ക്, അവര്‍ ഉണര്‍ന്ന് ഈ വിധം പ്രാര്‍ത്ഥിക്കണം. അവര്‍ പള്ളിയില്‍ വന്നുകൊണ്ടിരിക്കണം. മറ്റെല്ലാറ്റിനെക്കാളും ഉപരിയായി, അന്ധകാരത്തിന്‍റെ സഭ റോം വിട്ടുപോകുവാനായി അവര്‍ പ്രാര്‍ത്ഥിക്കണം. എനിക്ക് വേദന ഉളവാക്കുന്ന അനേകം കാര്യങ്ങള്‍ പരിശുദ്ധ അമ്മ പറഞ്ഞു. അപ്പസ്തോലډാരേപ്പോലെ യോഗ്യതയോടും സ്വഭാവത്തോടും കൂടി, ഒരു വൈദികനെങ്കിലും രക്തരഹിത ബലി അര്‍പ്പിച്ചിരുന്നെങ്കില്‍, ആ വൈദികന്, വരുവാനിരിക്കുന്ന എല്ലാ ദുരന്തങ്ങളും മാറ്റിവിടുവാന്‍ സാധിക്കുമായിരുന്നെന്ന് പരിശുദ്ധ അമ്മ പറഞ്ഞു. എന്‍റെ അറിവില്‍, ദൈവാലയത്തിലുണ്ടായിരുന്ന ജനങ്ങള്‍, ഈ ദര്‍ശനം കണ്ടിട്ടില്ല. എന്നാല്‍, അവര്‍, അലൗകികമായ ഒരു ശക്തിയാല്‍ സ്പര്‍ശിക്കപ്പെട്ടിരിക്കണം. എന്തുകൊണ്ടെന്നാല്‍, അവരെല്ലാവരും കൈകള്‍ വിരിച്ചുപിടിച്ച് പ്രാര്‍ത്ഥിക്കണമെന്ന് പരിശുദ്ധ കന്യക പറഞ്ഞപ്പോള്‍, അവരെല്ലാവരും തങ്ങളുടെ കൈകള്‍ ഉയര്‍ത്തി. അവരെല്ലാവരും നല്ലവരും ഭക്തി തീഷ്ണതയുള്ളവരുമായിരുന്നു. എവിടെനിന്ന് സഹായവും മാര്‍ഗ്ഗനിര്‍ദ്ദേശവും തേടണമെന്ന് അവര്‍ അറിഞ്ഞിരുന്നില്ല. അവരുടെയിടയില്‍ വഞ്ചകരും ശത്രുക്കളും ഇല്ലായിരുന്നു. എന്നിട്ടും, അവര്‍ പരസ്പരം ഭയപ്പെട്ടിരുന്നു. അതിനാല്‍, സ്ഥിതിവിശേഷം എങ്ങനെയുള്ളതായിരുന്നെന്ന് ഊഹിക്കാവുന്നതേയുള്ളു.

 

സെപ്റ്റംബര്‍ 10, 1820.
വിശുദ്ധ പത്രോസിന്‍റെ ദൈവാലയം ഞാന്‍ കണ്ടു. മദ്ബഹയും പ്രധാന അള്‍ത്താരയുമൊഴികെ, മറ്റെല്ലാം നശിപ്പിക്കപ്പെട്ടിരുന്നു. ദൈവാലയത്തിലേക്ക് വി.മിഖായേല്‍, തന്‍റെ പടച്ചട്ട ധരിച്ച്, ഇറങ്ങി വന്നു നിന്നു. ദൈവാലയത്തിലേക്ക് പ്രവേശിക്കുവാന്‍ ശ്രമിച്ച അനേകം അയോഗ്യരായ ഇടയډാരെ, തന്‍റെ വാള്‍ കൊണ്ട് ഭീഷണിപ്പെടുത്തി. ഒപ്പീസ് നടത്തേണ്ട രീതിയില്‍ നടത്തുവാനായി, ദൈവാലയത്തിന്‍റെ നശിപ്പിക്കപ്പെട്ട ഭാഗം, കനം കുറഞ്ഞ തടികൊണ്ട് കൃത്യമായും വേലികെട്ടി. ലോകമെമ്പാടുനിന്നും, വൈദികരും അല്‍മായരും വന്ന്, കല്‍ഭിത്തികള്‍ പുനര്‍ നിര്‍മ്മിച്ചു, എന്തുകൊണ്ടെന്നാല്‍, നാശം വിതച്ചിരുന്നവര്‍ക്ക്, ഭാരമേറിയ അടിസ്ഥാനശില നീക്കുവാന്‍ സാധിച്ചിരുന്നില്ല. മുമ്പത്തെക്കാളും കൂടുതല്‍ പ്രൗഢിയോടെയുള്ള ദൈവാലയം പുനര്‍നിര്‍മ്മിക്കപ്പെടുന്നത് ഞാന്‍ കണ്ടു.

 

സെപ്റ്റംബര്‍ 12, 1820

എല്ലാ നിയമങ്ങള്‍ക്കും വിരുദ്ധമായി, പതിവില്ലാത്തൊരു ആലയം നിര്‍മ്മിക്കുന്നത് ഞാന്‍ കണ്ടു. നിര്‍മ്മാണപ്രവര്‍ത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കുവാന്‍ മാലാഖമാരില്ലായിരുന്നു. ആ ആലയത്തില്‍, ഉന്നതങ്ങളില്‍ നിന്ന് യോതൊന്നുമില്ലായിരുന്നു. വിഭാഗീയതയും അലങ്കോലവും മാത്രമാണുണ്ടായിരുന്നത്. അത് ഒരുപക്ഷേ, ഏറ്റവും പുതിയഫാഷന് അനുകരിക്കുന്ന മനുഷ്യനിര്‍മ്മിതമായ ആലയമായിരുന്നിരിക്കാം- മതവിരുദ്ധമായി നിര്‍മ്മിച്ച പുതിയ ആലയം – അതുപോലെ തന്നെ തോന്നിക്കുന്നു.

അവിടെ അസാധാരണമായ വലിയ ഒരു ആലയം പണിതുകൊണ്ടിരിക്കുന്നത് വീണ്ടും ഞാന്‍ കണ്ടു. വിശുദ്ധമായതൊന്നും അതിലില്ലായിരുന്നു. ക്രിസ്തീയ പുരോഹിതരാല്‍ നയിക്കപ്പെട്ടതും, മാലാഖമാരും വിശുദ്ധരും മറ്റു ക്രിസ്ത്യാനികളും സഹകരിക്കുന്നതുമായ ഒരു പ്രസ്ഥാനം ദര്‍ശിക്കുമ്പോഴാണ് ഞാനിതുകണ്ടത്. എന്നാല്‍ അവിടെ (അസാധാരണമായ വലിയ ആലയത്തില്‍) എല്ലാ ജോലികളും യാന്ത്രികമായിട്ടായിരുന്നു ചെയ്തുകൊണ്ടിരുന്നത്. (അതായത്, കുറെ നിയമങ്ങളും ഫോര്‍മുലായുമനുസരിച്ച്.) മാനുഷിക ബുദ്ധിക്കനുസൃതമായിട്ടായിരുന്നു എല്ലാം ചെയ്തിരുന്നത്. എല്ലാത്തരം ആള്‍ക്കാരേയും, വസ്തുക്കളേയും, തത്വസംഹിതകളെയും, അഭിപ്രായങ്ങളേയും ഞാന്‍ കണ്ടു. അഭിമാനിക്കാവുന്നതും, പ്രാഗല്‍ഭ്യം തെളിയിക്കുന്നതും, അക്രമാസക്തമായതും അതിലുണ്ടായിരുന്നു. അവ വളരെ വിജയകരമായി തോന്നിച്ചു. ജോലിയില്‍ ഒരു മാലാഖയോ വിശുദ്ധനോ സഹായിക്കുവാന്‍ ഉള്ളതായി ഞാന്‍ കണ്ടില്ല. എന്നാല്‍, പിന്നില്‍ അങ്ങകലെയായി, കുന്തങ്ങള്‍ പിടിച്ചുനില്‍ക്കുന്ന ക്രൂരരായ ആള്‍ക്കാരുടെ ഇരിപ്പിടം ഞാന്‍ കണ്ടു. അവരില്‍, ഞാന്‍ കണ്ട, ചിരിക്കുന്ന ഒരു രൂപം പറഞ്ഞു. ‘നിങ്ങള്‍ക്ക് എത്രമാത്രം ബലവത്തായി നിര്‍മ്മിക്കുവാന്‍ സാധിക്കുമോ, അത്രമാത്രം ബലവത്തായി നിര്‍മ്മിക്കുക. ഞങ്ങള്‍ ഇത് നിലം പരിശാക്കും. ‘
പുതിയ ആലയത്തിലുള്ള അമ്പ്, കുന്തം തുടങ്ങിയ ഉപകരണങ്ങള്‍, ജീവനുള്ള ആലയത്തിനെതിരായി ഉപയോഗിക്കുവാനാണെന്ന് ഞാന്‍ കണ്ടു. എല്ലാവരും, എന്തെങ്കിലും വ്യത്യസ്തമായത് അകത്തേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുവന്നു… വടികള്‍, ദണ്ഡുകള്‍, കുഴലുകള്‍, ഗദകള്‍, പാവകള്‍, കണ്ണാടികള്‍, കാഹളങ്ങള്‍, കൊമ്പുകള്‍, ഉല, തുടങ്ങി എല്ലാത്തരം വസ്തുക്കളും. (സങ്കീര്‍ത്തിയുടെ )താഴെയുള്ള ഗുഹയില്‍, കുറെയാള്‍ക്കാര്‍, റൊട്ടിക്ക് കുഴച്ചെങ്കിലും, ഒന്നും ലഭിച്ചില്ല. അത് പൊന്തിവരുന്നില്ലായിരുന്നു. മേലങ്കി ധരിച്ച ആള്‍ക്കാര്‍, തീ കത്തിക്കുവാനായി, പീഠത്തിന്‍റെ നടയിലേക്ക് വിറക് കൊണ്ടുവന്നു. അവര്‍ കഠിനമായി പരിശ്രമിച്ച് ഊതുകയും വീശുകയും ചെയ്തെങ്കിലും, തീ കത്തിക്കുവാന്‍ സാധിച്ചില്ല. അവര്‍ക്ക് പുക മാത്രമാണ് ഉണ്ടാക്കുവാന്‍ സാധിച്ചത്. അപ്പോള്‍, മേല്‍ക്കൂരയില്‍ ഒരു ദ്വാരമുണ്ടാക്കി അതിലൂടെ ഒരു പൈപ്പ് ഇട്ടു. എന്നാല്‍, പുക മുകളിലേക്ക് പോയില്ല. അവിടം മുഴുവന്‍, കറുത്തതും, ശ്വാസതടസ്സമുണ്ടാകുന്നതുമായിത്തീര്‍ന്നു. കുറച്ചുപേര്‍, തങ്ങളുടെ കണ്ണുകളില്‍ നിന്നും കണ്ണീര്‍ ഒഴുകും വിധം, ശക്തമായി കൊമ്പ് ഊതി. ഈ ആലയത്തിലുണ്ടായിരുന്നവരെല്ലാം മണ്ണിന്‍റെ സ്വന്തമായിരുന്നു; മണ്ണിലേക്കുതന്നെ തിരിച്ചുപോയി. റോമിലുള്ള പുതിയതും വിശ്വാസത്തിനു നിരക്കാത്തതുമായ ആലയം പോലെ, മനുഷ്യന്‍റെ പ്രവര്‍ത്തിഫലം, ഏറ്റവും നൂതന ശൈലിയിലുള്ള ആലയം, മനുഷ്യന്‍റെ കണ്ടുപിടുത്തത്തിന്‍റെ ആലയം, എല്ലാം നശിച്ചു.

 

സെപ്റ്റംബര്‍ 27, 1820
ദുഖകരമായ കാര്യങ്ങള്‍ ഞാന്‍ കണ്ടു. ആലയത്തില്‍ അവര്‍ ചൂതുകളിക്കുകയും മദ്യപിക്കുകയും, സംസാരിക്കുകയും ചെയ്യുകയായിരുന്നു. അവര്‍ സ്ത്രീകളെ ലാളിക്കുകയുമായിരുന്നു. എല്ലാവിധ മ്ലേച്ഛതകളും അവര്‍ അവിടെ ചെയ്യുകയായിരുന്നു. പുരോഹിതന്‍ അവിടെ എല്ലാം തന്നെ അനുവദിച്ചു. വളരെ അനാദരവോടുകൂടി ദിവ്യബലിയര്‍പ്പിച്ചു. അവരില്‍ കുറച്ചുപേര്‍ ഇപ്പോഴും ദൈവഭക്തരായിരുന്നുവെന്ന് ഞാന്‍ കണ്ടു. കുറച്ചുപേര്‍ക്കുമാത്രമേ, കാര്യങ്ങളില്‍ ശരിയായ കാഴ്ചപ്പാടുണ്ടായിരുന്നുള്ളു. ആലയത്തിന്‍റെ പോര്‍ച്ചിനു കീഴെ, കുറെ യഹൂദരും (എതിര്‍ക്രിസ്തുവിനെ സ്വീകരിക്കുന്ന യഹൂദര്‍. ജോണ്‍. 5: 43)നില്‍ക്കുന്നത് ഞാന്‍ കണ്ടു. ഇവയെല്ലാം എനിക്കു വളരെയേറെ വേദനയുളവാക്കി.

 

ഒക്ടോബര്‍ 1, 1820
സഭ, വളരെ വലിയ അപകടത്തിലാണ്. പാപ്പാ, റോം വിട്ടുപോകാതിരിക്കുവാനായി നമുക്ക് പ്രാര്‍ത്ഥിക്കണം. അദ്ദേഹം പോയാല്‍, അസംഖ്യം തിډകള്‍ ഫലമണിയും. തന്നില്‍ നിന്നും എന്തോ അവരിപ്പോള്‍ ആവശ്യപ്പെടുന്നു. പ്രൊട്ടസ്റ്റന്‍റ് തത്വവും, സ്കിമാറ്റിക് ഗ്രീക്കിന്‍റെ തത്വങ്ങളും എല്ലായിടത്തും വ്യാപിക്കുവാനിരിക്കുന്നു. ഈ സ്ഥലത്ത് (റോമില്‍), കത്തോലിക്കാ സഭ, വളരെ വിദഗ്ധമായി അട്ടിമറിക്കപ്പെടുന്നതായി ഞാന്‍ കാണുന്നു. വഞ്ചിക്കപ്പെടാത്തതായി നൂറു വൈദികര്‍പ്പോലും അവശേഷിക്കുന്നില്ല. അവരെല്ലാവരും, പുരോഹിതഗണം പോലും, നാശത്തിനായി പ്രവര്‍ത്തിക്കുന്നു. വലിയ ഒരു നാശം അടുത്തെത്തിയിരിക്കുന്നു.
ആ ദിവസങ്ങളില്‍ വിശ്വാസം വളരെ താണുപോവുകയും, കുറച്ചു സ്ഥലങ്ങളില്‍ മാത്രം സംരക്ഷിക്കപ്പെടുകയും ചെയ്യും.
ഞാന്‍ മിക്കപ്പോഴുംന്ന റോമില്‍ കാണുന്ന ആ കൊച്ചു കറുത്ത മനുഷ്യനുവേണ്ടി ജോലിചെയ്യുന്ന അനേകം പേരുണ്ട്. തങ്ങളുടെ ഉദ്ദേശ്യം എന്താണെന്ന് അവര്‍ വ്യക്തമായി അറിയുന്നില്ല. പുതിയ അന്ധകാരത്തിന്‍റെ സഭയിലും അവന് ഏജന്‍റുമാരുണ്ട്. പാപ്പാ റോം വിടുകയാണെങ്കില്‍ സഭയുടെ ശത്രുക്കള്‍ക്ക് മേല്‍ക്കോയ്മ ലഭിക്കും. കൊച്ചു കറുത്ത മനുഷ്യന്‍ തങ്ങളുടെ തന്നെ രാജ്യത്ത് അനേകം മോഷണങ്ങള്‍ നടത്തുന്നതും, കാര്യങ്ങള്‍ പൊതുവേ തെറ്റായി അവതരിപ്പിക്കുന്നതും ഞാന്‍ കാണുന്നു. കഷ്ടിച്ച് 100 വിശ്വസ്ത പുരോഹിതര്‍ അവശേഷിക്കും വിധം, മതം അവിടെ വളരെ വിദഗ്ധമായി അട്ടിമറിക്കപ്പെടുകയും അമര്‍ച്ചചെയ്യപ്പെടുകയും ചെയ്യപ്പെട്ടിരിക്കുന്നു. എങ്ങനെയെന്നെനിക്കറിഞ്ഞുകൂടാ… അന്ധകാരവും മൂടല്‍മഞ്ഞും വര്‍ദ്ധിച്ചുവരുന്നത് ഞാന്‍ കാണുന്നു…. എല്ലാം വേഗം പുനര്‍ നിര്‍മ്മിക്കേണ്ടിയിരിക്കുന്നു, കാരണം, എല്ലാവരും, പുരോഹിതര്‍ പോലും, നശിപ്പിക്കുവാന്‍ അദ്ധ്വാനിക്കുന്നു. നാശം അടുത്തിരിക്കുന്നു. തങ്ങളുടെ കൂടെയുണ്ടായിരുന്ന തെറ്റുകാരെ നഷ്ടപ്പെട്ട, സഭയുടെ 2 ശത്രുക്കള്‍, തങ്ങളുടെ പാതയില്‍ തടസ്സമായി നില്‍ക്കുന്ന ഭക്തരും ജ്ഞാനികളുമായ ആള്‍ക്കാരെ നശിപ്പിക്കുവാന്‍ ഉറച്ച തീരുമാനമെടുത്തിരിക്കുന്നു.

 

ഒക്ടോബര്‍ 4, 1820.

വിശുദ്ധ പത്രോസിന്‍റെ ദേവാലയം നശിച്ചു കിടക്കുന്നതും, ഈ നശിപ്പിക്കലില്‍ അനേകം പുരോഹിതര്‍ തന്നെ ഏര്‍പ്പെട്ടിരിക്കുന്നതും ഞാന്‍ കണ്ടു. അവരാരും, മറ്റുള്ളവരുടെ മുമ്പില്‍ വച്ച് തുറന്ന മനസ്സോടെ ഇതു ചെയ്യുവാന്‍ ആഗ്രഹിച്ചില്ല. തീവ്രദുഖത്താല്‍ ഞാന്‍, എന്‍റെ എല്ലാ ശക്തിയുമുപയോഗിച്ച്, കരുണക്കായി യേശുവിനോട് നിലവിളിച്ചപേക്ഷിച്ചു. അപ്പോള്‍ ഞാന്‍ സ്വര്‍ഗ്ഗീയ മണവാളനെ എന്‍റെ മുമ്പില്‍ കണ്ടു. അവനെന്നോട് വളരെനേരം സംസാരിച്ചു. ദേവാലയത്തിന്‍റെ ഒരു സ്ഥലത്തുനിന്നും മറ്റൊന്നിലേക്കുള്ള ഈ മാറ്റം, അവളുടെ പരിപൂര്‍ണ്ണ പതനമായി തോന്നിക്കുമെന്ന് അവന്‍ പറഞ്ഞു. എന്നാല്‍ അവള്‍ വീണ്ടും ഉയര്‍ത്തെണീല്‍ക്കും. ഒരു കത്തോലിക്കനേ അവശേഷിച്ചിട്ടുള്ളു എന്നിരുന്നാല്‍ പോലും, സഭ വീണ്ടും കീഴടക്കും, കാരണം, മാനുഷിക ബുദ്ധിയിലോ ഉപദേശത്തിലോ അവള്‍ ആശ്രയിക്കുന്നില്ല. വചനത്തിന്‍റെ ആദ്യത്തെ സ്വീകാര്യതപോലെ, ഒരു ക്രിസ്ത്യാനിപോലും അവശേഷിച്ചിരുന്നില്ല എന്നെനിക്ക് കാണിച്ചുതന്നു.

 

ഒക്ടോബര്‍ 7, 1820
വി. ഫ്രാന്‍സീസിനോടും, മറ്റേ വിശുദ്ധനോടും കൂടി ഞാന്‍ റോമിലൂടെ പോവുകയായിരുന്നപ്പോള്‍, അടിമുതല്‍ മുടിവരെ അഗ്നിജ്വാലയാല്‍ മൂടിയ ഒരു വലിയ കൊട്ടാരം ഞങ്ങള്‍ കണ്ടു. അതിലെ അന്തേവാസികള്‍ വെന്തുമരിക്കുമോ എന്ന് വളരെയേറെ ഭയപ്പെട്ടു. കാരണം, തീ കെടുത്തുവാനായി ആരും മുന്നോട്ടുവന്നില്ല. എന്നാലും, ഞങ്ങള്‍ അടുത്തുവന്നപ്പോള്‍, തീയുടെ ശക്തി കുറയുകയും, കറുത്തിരുണ്ട കെട്ടിടം ഞങ്ങള്‍ കാണുകയും ചെയ്തു. അഗ്നി ബാധിക്കാത്ത പ്രൗഢിയാര്‍ന്ന അനേകം മുറികളിലൂടെ ഞങ്ങള്‍ കടന്നുപോയി. അവസാനം ഞങ്ങള്‍ പോപ്പിന്‍റെ അടുത്തെത്തി. ഒരു വലിയ കസേരയില്‍ ഇരുട്ടില്‍ അദ്ദേഹം ഇരിക്കുകയായിരുന്നു. അദ്ദേഹം വളരെ ക്ഷീണിതനും അസ്വസ്തനുമായിരുന്നു. അദ്ദേഹത്തിന് നടക്കുവാന്‍ സാധിക്കുമായിരുന്നില്ല. ഉള്‍വൃത്തത്തിലുള്ള പുരോഹിതഗണം ആത്മാര്‍ത്ഥതയില്ലാത്തവരും, ഉത്സാഹം കുറഞ്ഞവരുമായി തോന്നിച്ചു. എനിക്കവരെ ഇഷ്ടപ്പെട്ടില്ല. ഉടനെ നിയമിക്കേണ്ട മെത്രാډാരേക്കുറിച്ച് ഞാന്‍ പോപ്പിനോട് പറഞ്ഞു. അദ്ദേഹം റോം വിട്ടുപോകരുതെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെ ചെയ്താല്‍ എല്ലാം അലങ്കോലമാകും. തിډ ഒഴിവാക്കാനാവാത്തതാണെന്നും, തന്നെക്കൂടാതെ മറ്റു പലതും രക്ഷിക്കുന്നതിനായി, താന്‍ അവിടം വിട്ടു പോകണമെന്നും അദ്ദേഹം വിചാരിച്ചു. റോം വിട്ടുപോകുവാനായി അദ്ദേഹം വളരെ താത്പര്യപ്പെട്ടു. അതിനായി അദ്ദേഹം നിര്‍ബന്ധപൂര്‍വ്വം പ്രേരിപ്പിക്കപ്പെട്ടു. പല വിധത്തിലും പോപ്പ് ഇപ്പോഴും ഈ ലോക കാര്യങ്ങളോട് ബന്ധിതനാണ്. സഭ പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ടപോലെയും ഒറ്റപ്പെട്ടപോലെയും ആണ്. എല്ലാവരും ഓടിപ്പോകുന്നതായി തോന്നുന്നു. എല്ലായിടത്തും വലിയ കഷ്ടതയും, വിദ്വേഷവും, രാജ്യദ്രോഹവും, വെറുപ്പും, ആശയക്കുഴപ്പവും, അജ്ഞതയും ഞാന്‍ കാണുന്നു. ഓ നഗരമേ, ഓ നഗരമേ, നിന്നെ എന്താണ് ഭീഷണിപ്പെടുത്തുന്നത്. കൊടുങ്കാറ്റ് വരുന്നു. ജാഗ്രതയായിരിക്കുക.

 

ജൂണ്‍ 1, 1821
ബിഷപ്പുമാരുടെ നീണ്ട പ്രദക്ഷിണമായിരുന്നു ഏറ്റവും അസാധാരണമായ കാര്യങ്ങളില്‍ ഒന്ന്. അവരുടെ ചിന്തകളും ഉരുവിടലുകളും, അവരുടെ വായില്‍ നിന്നും പുറപ്പെടുന്ന രൂപങ്ങളില്‍ നിന്നും എനിക്ക് വെളിപ്പെടുത്തിത്തന്നു. ബാഹ്യമായ വൈകൃതങ്ങളിലൂടെ, മതത്തിനുനേരേയള്ള അവരുടെ തെറ്റുകള്‍ കാണിച്ചിരുന്നു. കുറച്ചുപേര്‍ക്ക്, ശരീരത്തില്‍ തലക്കു പകരം, ഇരുണ്ട മേഘം കൊണ്ടുള്ള തലയായിരുന്നു ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ക്ക് തല മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവരുടെ ശരീരവും ഹൃദയവും കട്ടികൂടിയ നീരാവി പോലെയിരുന്നു. ചിലര്‍ മുടന്തരായിരുന്നു. മറ്റു ചിലര്‍ തളര്‍ന്നവര്‍. മറ്റുള്ളവര്‍ ഉറങ്ങുകയോ വേച്ചുവേച്ചു നടക്കുകയോ ചെയ്തു. ലോകത്തിലെ എല്ലാ ബിഷപ്പുമാരെന്നു തോന്നിക്കുന്നവരെ ഞാന്‍ കണ്ടു. പക്ഷേ, അവരില്‍ കുറച്ചുപേര്‍ മാത്രമായിരുന്നു പൂര്‍ണ്ണമായും നല്ലരീതിയിലുള്ളവര്‍. ദൈവഭയത്തോടെയും പ്രാര്‍ത്ഥനയിലുമിരിക്കുന്ന പരി. പിതാവിനേയും ഞാന്‍ കണ്ടു. ആശിക്കുവാനൊന്നുമില്ലാത്തതായി തോന്നിച്ചു. എന്നാല്‍, സഹനത്തിലൂടെയും പ്രായാധിക്യം കൊണ്ടും അദ്ദേഹം വളരെ ബലഹീനനായിരുന്നു. അദ്ദേഹത്തിന്‍റെ ശിരസ്സ് അങ്ങോട്ടുമിങ്ങോട്ടും ആടിയുലയുകയും, ഉറക്കും തൂങ്ങുന്നതുപോലെ നെഞ്ചിലേക്ക് വീണുകിടക്കുന്നുമുണ്ടായിരുന്നു. അദ്ദേഹത്തിന് പലപ്പോഴും തല കറങ്ങുകയും, മരിക്കാറായതുപോലെ തോന്നിക്കുകയും ചെയ്തു. എന്നാല്‍, അദ്ദേഹം പ്രാര്‍ത്ഥിക്കുകയായിരുന്നപ്പോള്‍, മിക്കപ്പോഴും, സ്വര്‍ഗ്ഗീയ ദര്‍ശനങ്ങളാല്‍ ആശ്വസിപ്പിക്കപ്പെട്ടിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്‍റെ ശിരസ്സ് നേരെയായി. എന്നാല്‍ അത് വീണ്ടും നെഞ്ചിലേക്ക് ചരിഞ്ഞപ്പോള്‍ വളരെയധികം ആള്‍ക്കാര്‍ ലോകത്തിന്‍റെ നേര്‍ക്ക് ഇടംവലം പെട്ടെന്ന് നോക്കുന്നത് ഞാന്‍ കണ്ടു.
അപ്പോള്‍, പ്രൊട്ടസ്റ്റന്‍റ് വിഭാഗത്തോട് ബന്ധപ്പെട്ടതെല്ലാം ക്രമേണ മുന്‍തൂക്കം നേടുന്നതും, കത്തോലിക്കാ മതം പരിപൂര്‍ണ്ണമായും അധപ്പതിക്കുന്നതും ഞാന്‍ കണ്ടു. മിക്ക വൈദികരും, യുവ സ്കൂള്‍ അദ്ധ്യാപകരുടെ തിളക്കമാര്‍ന്നതും,എന്നാല്‍ തെറ്റായതുമായ അറിവിനാല്‍, വശീകരിക്കപ്പെട്ടിരുന്നു. നശീകരണത്തിന്‍റെ പ്രവര്‍ത്തിക്ക് അവരെല്ലാവരും പങ്കുവഹിച്ചു.




Article URL:







Quick Links

വാഴ്ത്തപ്പെട്ട ആൻ കാതറിൻ കണ്ട യുഗാന്ത്യ ദർശനം

 മാര്‍ച്ച് 22, 1820 ‘മനുഷ്യരുടെ അസംഖ്യങ്ങളായ പാപങ്ങളും, മാര്‍ഗ്ഗഭ്രംശങ്ങളിലൂടെയുള്ള തെറ്റുകളും ഞാന്‍ വളരെ വ്യക്തമായി കണ്ടു. യുക്തിക്കും സത്യത്തിനും എതിരായ, തങ്ങളുടെ പ്രവര്&... Continue reading