Home | Articles | 

Editorial
Posted On: 18/04/20 10:29
കൊറോണ രോഗവും ഫ്രാൻസിസ് പാപ്പയുടെ പ്രതികരണങ്ങളും

 

കൊറോണ രോഗവും ഫ്രാൻസിസ് പാപ്പയുടെ പ്രതികരണങ്ങളും


(ലൈഫ് സൈറ്റ് ന്യൂസിൽ ഈയടുത്ത ദിവസങ്ങളിൽ ജോൺ ഹെൻറി വെസ്റ്റൻ  എഴുതിയ ഒരു ലേഖനത്തിന്റെ പ്രസക്തഭാഗങ്ങളുടെ പരിഭാഷ താഴെക്കൊടുക്കുന്നു.)


ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു വിശുദ്ധവാരം കടന്നുപോയി. വത്തിക്കാനിലടക്കം ലോകത്തിൽ ഏതാണ്ടെല്ലായിടത്തും പരസ്യമായ കുർബാനയർപ്പണം ഉണ്ടായിരുന്നില്ല. സ്ത്രീകളെ ഡീക്കന്മാരാക്കുന്നതിനെക്കുറിച്ച്  പഠിക്കാൻ ഫ്രാൻസിസ് പാപ്പാ പുതിയൊരു കമ്മീഷനെ നിയമിച്ചു. കൂടാതെ കോറോണരോഗബാധ കൊണ്ടു ഭൂമിക്കുണ്ടായിട്ടുള്ള ഗുണങ്ങളെ പ്രകീർത്തിച്ചുകൊണ്ടുള്ള ഒരു ലേഖനം വത്തിക്കാന്റെ മുഖപത്രമായ വത്തിക്കാൻ ന്യൂസിൽ പ്രസിദ്ധീകരിച്ചു. അവസാനമായി  മഹാമാരിയുടെ കാലത്തു അർപ്പിച്ചിരുന്ന പ്രത്യേക കുർബാനയിൽ നിന്ന് ദൈവത്തിന്റെ ക്രോധത്തെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കം ചെയ്തു.


വിശുദ്ധവാരത്തിൽ  കത്തോലിക്കാ ദൈവാലയങ്ങൾ അടഞ്ഞുകിടക്കുകയും  വത്തിക്കാനിൽ പോലും പരസ്യമായ ആരാധനകൾ ഇല്ലാതിരിക്കുകയും സഭയ്ക്കുള്ള സംഭാവനകൾ വളരെയധികം കുറയുകയും ലോകത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും ഭയത്തിലും പരിഭ്രാന്തിയിലും  ആയിരിക്കുകയും ചെയ്യുമ്പോൾ ദൈവത്തിന്റെ നീതിയുക്തമായ കോപത്തെ തണുപ്പിക്കാനായി ലോകത്തോട് അനുതപിക്കാൻ മാർപ്പാപ്പ ആഹ്വാനം ചെയ്യും എന്നായിരിക്കും നിങ്ങൾ കരുതുക. എന്നാൽ നിങ്ങൾ കരുതുന്നതുപോലെയല്ല, അതിന്റെ നേർവിപരീതമാണ് സംഭവിച്ചത്.


മഹാമാരിയുടെ സമയത്ത് അർപ്പിക്കേണ്ട പരിശുദ്ധകുർബാനയിൽ ദൈവത്തിന്റെ ക്രോധത്തെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കം ചെയ്തുകൊണ്ടുള്ള പുതിയ കുർബാനക്രമം വത്തിക്കാനിൽ നിന്ന് കഴിഞ്ഞയാഴ്ച പുറത്തിറക്കി. ഫ്രാൻസിസ് പാപ്പാ നൽകിയ അധികാരമുപയോഗിച്ചുകൊണ്ട് സഭയുടെ Congregation of Divine Worship പഴയ ആരാധാനക്രമത്തിൽ നിന്ന് വ്യത്യസ്തമായി  ദൈവക്രോധത്തെയും പാപങ്ങൾക്കുള്ള ശിക്ഷയെയും കുറിച്ചുള്ള എല്ലാ പരാമർശങ്ങളും ഒഴിവാക്കിക്കൊണ്ടുള്ള പുതിയ കുർബാനക്രമം അവതരിപ്പിച്ചു.


കോവിഡ്  രോഗബാധയുടെ പശ്ചാത്തലത്തിൽ ഈ പ്രത്യേക കുർബാന അർപ്പിക്കപ്പെടണമെന്നുള്ള വിശ്വാസികളുടെ   ആവശ്യം പരിഗണിച്ചായിരുന്നു ഈ നീക്കം. പഴയരീതിയിലുള്ള കുർബാനയിൽ 'മഹാമാരിയുടെ കാലത്ത് മരണത്തിൽ നിന്നും രക്ഷിക്കണമേ' എന്നുള്ള  പ്രാർത്ഥനയ്ക്ക് പകരം പുതിയതായി അവതരിപ്പിച്ച 'പകർച്ചവ്യാധിക്കാലത്തെ കുർബാന'യിൽ ചെയ്യുന്നത് ദൈവത്തിന്റെ കരുണ യാചിക്കുകയും രോഗത്താൽ ബുദ്ധിമുട്ടുന്നവർക്കും രോഗം കൊണ്ടു മരിച്ചുപോയവർക്കും അവരുടെ കുടുംങ്ങൾക്കും ആരോഗ്യപ്രവർത്തകർക്കും ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കും വേണ്ടി വിവിധതരത്തിലുള്ള സഹായങ്ങൾ അഭ്യർത്ഥിക്കുകയുമാണ്.


പഴയ കുർബാനയിലും ദൈവത്തിന്റെ കരുണയും സഹായവും യാചിക്കുന്നുണ്ട്. എന്നാൽ അതിനപ്പുറം പാപങ്ങൾക്കു പൊറുതി യാചിക്കുകയും 'അങ്ങയുടെ ക്രോധത്തിന്റെ വടി' എന്ന വാക്കുകൾ കൊണ്ട് ദൈവകോപത്തെ പരാമർശിക്കുകയും ചെയ്യുന്നുണ്ട്.


രണ്ടും തമ്മിലുള്ള വ്യത്യാസം ശ്രദ്ധേയമാണ്. 1962 ൽ പുറത്തിറക്കിയ പരമ്പരാഗത ലത്തീൻ കുർബാനയുടെ പ്രവേശനകീർത്തനത്തിൽ പറയുന്നത് ഇങ്ങനെയാണ്. 'അങ്ങയുടെ ഉടമ്പടി അനുസ്മരിക്കുകയും സംഹാരദൂതനോട് ഇപ്രകാരം പറയുകയും ചെയ്യണമേ', "സർവമനുഷ്യരെയും നശിപ്പിക്കാതിരിക്കാനും ദേശം ശൂന്യമാകാതിരിക്കാനുംവേണ്ടി നിന്റെ കരം പിൻവലിക്കുക". എന്നാൽ  പുതിയ ക്രമത്തിലെ പ്രവേശനകീർത്തനത്തിൽ 'സത്യമായും കർത്താവ് നമ്മുടെ അകൃത്യങ്ങൾ ഏറ്റെടുക്കുകയും നമ്മുടെ സങ്കടങ്ങൾ വഹിക്കുകയും ചെയ്തു' എന്ന ഒരു പ്രസ്താവന മാത്രമേ ഉള്ളൂ.


പഴയ ക്രമത്തിലെ പ്രാരംഭ പ്രാർത്ഥന  ഇപ്രകാരമായിരുന്നു. 'പാപി മരിക്കണമെന്നല്ല മറിച്ച് അവൻ അനുതപിക്കണം എന്ന് ആഗ്രഹിക്കുന്ന ദൈവമേ, അങ്ങയുടെ അടുത്തേക്ക് തിരിച്ചുവരുന്ന അങ്ങയുടെ മക്കളോട് ക്ഷമിച്ച് അവരെ സ്വീകരിക്കണമേ. അവർ അങ്ങയുടെ ശുശ്രൂഷയിൽ വിശ്വസ്തരായിരിക്കുന്നിടത്തോളം കാലം അങ്ങയുടെ കരുണയാൽ അങ്ങയുടെ ക്രോധത്തിന്റെ ദണ്ഡ് അവരിൽനിന്ന് പിൻവലിക്കുകയും ചെയ്യണമേ. അങ്ങയുടെ പുത്രനും ഞങ്ങളുടെ കർത്താവുമായ യേശുക്രിസ്തുവഴി, ആമേൻ'.


പുതിയ ക്രമത്തിലെ പ്രാർത്ഥനയിൽ ദൈവത്തോട് സഹായം ചോദിക്കുന്നുണ്ടെങ്കിലും പാപത്തെക്കുറിച്ചോ ശിക്ഷയെക്കുറിച്ചോ ഒന്നും പറയുന്നില്ല.


ലോകം മുഴുവനും കൊറോണവൈറസിനെക്കുറിച്ചു ചിന്തിക്കുമ്പോൾ മറുവശത്ത് വത്തിക്കാനിലെ ലിബറൽ, പുരോഗമന അജണ്ടകൾ ഒട്ടും തന്നെ മന്ദഗതിയിലായിട്ടില്ല. വിശുദ്ധവാരത്തിൽ തന്നെ ഫ്രാൻസിസ് പാപ്പ സ്ത്രീകളെ ഡീക്കന്മാരായി നിയമിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് ആരായുന്നതിനായി പുതിയൊരു കമ്മീഷനെ നിയമിച്ചു. ഏപ്രിൽ എട്ടാം തിയതി വത്തിക്കാനിൽ നിന്ന് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നത് 'ഈയിടെ വിശ്വാസതിരുസംഘത്തിന്റെ തലവനായ കർദിനാൾ ലൂയിസ് ലഡാരിയയുമായുള്ള കൂടിക്കാഴ്ചയിൽ സ്ത്രീകളെ ഡീക്കന്മാരാകുന്നുന്നതിനെക്കുറിച്ച് പഠിക്കാൻ ഒരു പുതിയ കമ്മീഷനെ നിയമിക്കാൻ പോപ്പ് അനുവദിച്ചു' എന്നാണ്. തികച്ചും അവിശ്വസനീയം!


ഏപ്രിൽ 2 ന് ലൈഫ് സൈറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതുപോലെ ഒരു അത്ഭുതപ്പെടുത്തുന്ന നീക്കത്തിലൂടെ  പരിശുദ്ധസിംഹാസനത്തിന്റെ വാർഷിക ഡയറക്ടറിയായ 2020 പൊന്തിഫിക്കൽ ഇയർബുക്കിൽ നിന്ന്

'ക്രിസ്തുവിന്റെ വികാരി' എന്ന മാർപ്പാപ്പയുടെ   അതിപ്രധാന വിശേഷണം ഒഴിവാക്കി. ആ വിശേഷണം ഒരു ചരിത്രപരമായ ടൈറ്റിൽ  (historic title) ആയിരുന്നു എന്ന അടിക്കുറിപ്പോടെ ക്രിസ്തുവിന്റെ വികാരി എന്ന വിശേഷണത്തെ തരംതാഴ്ത്തി.


കഴിഞ്ഞവർഷം വരെ ഇയർബുക്കിൽ ക്രിസ്തുവിന്റെ വികാരി എന്ന മുഖ്യതലക്കെട്ടിനുതാഴെ മാർപ്പാപ്പയുടെ സ്ഥാനത്തിരിക്കുന്ന വ്യക്തിയുടെ പേര്  ചേർക്കുകയായിരുന്നു പതിവ്. എന്നാൽ ഈ വർഷം 'ജോർജ് മാരിയോ ബെർഗോഗ്ലിയോ' എന്ന ഫ്രാൻസിസ് പാപ്പയുടെ പഴയ പേരു മാത്രമാണ് കൊടുത്തിരിക്കുന്നത്.

ക്രിസ്തുവിന്റെ വികാരി എന്നത് പത്രോസിന് സഭയുടെ അധികാരത്തിന്റെ താക്കോൽ യേശു കൈമാറുന്ന  വിശുദ്ധഗ്രന്ഥ ഭാഗത്തിന്റെ അടിസ്ഥാനത്തിലുള്ള പദവിയാണ്.


മുൻ പേപ്പൽ നുൺഷിയോ ആയിരുന്ന ആർച്ച് ബിഷപ്പ് കാർലോ മരിയ വിഗാനോ  ഇതിനെപ്പറ്റി പ്രതികരിച്ചത്, ഈ നടപടി പോപ്പ് തന്നെത്തന്നെ (സഭയുടെ) സംരക്ഷകനായി ഇനിമേൽ കരുതുന്നില്ല  എന്നതിനാൽ പാപ്പാസ്ഥാനത്തിന് (papacy) ഔദ്യോഗികമായിത്തന്നെ മാറ്റം വരുത്തുന്നു എന്നാണ്.


അദ്ദേഹം തുടരുന്നു. കത്തോലിക്കാസഭയുടെ ഔദ്യോഗികരേഖയിൽ ഇത്തരമൊരു മാറ്റം വരുത്തുന്നു എന്നത് അവഗണിക്കാനാവില്ല. ഫ്രാൻസിസ് പാപ്പയുടെ എളിമയുടെ നിദർശനമായിട്ടും ഇക്കാര്യം കാണാൻ  കഴിയില്ല. കാരണം അദ്ദേഹത്തിന്റെ പേര് വളരെ പ്രാമുഖ്യത്തോടെ തന്നെ ഇയർബുക്കിൽ ചേർത്തിട്ടുണ്ടല്ലോ. താൻ ക്രിസ്തുവിന്റെ വികാരിയല്ല എന്നു പറയുന്നതിലൂടെ - നിശബ്ദമായിട്ടാണെങ്കിലും - സമ്മതിക്കപ്പെടുന്നത് ഇപ്പോൾ ഭരിക്കുന്നത് 'ദൈവദാസന്മാരുടെ ദാസനല്ല' മറിച്ച് ക്രിസ്തുവിന്റെ വികാരി എന്നതും  അപ്പസ്തോലപ്രമുഖന്റെ പിൻഗാമി എന്നതും പരമാചാര്യൻ എന്നതും കഴിഞ്ഞകാലത്തിന്റെ വെറും ശേഷിപ്പുകൾ മാത്രമാണെന്നതിനാൽ അവയെ വെറും ചരിത്രപരമായ ടൈറ്റിലുകൾ എന്ന രീതിയിൽ  

തരംതാഴ്ത്തുന്ന ജോർജ് മാരിയോ ബെർഗോഗ്ലിയോ എന്ന വ്യക്തിയാണ് ഇപ്പോൾ ആ സ്ഥാനം കയ്യാളുന്നത് എന്നാണ്.


കഴിഞ്ഞയാഴ്ച തന്നെ ആമസോണിയൻ മുഖമുള്ള ഒരു പ്രാദേശികസഭയെ വാർത്തെടുക്കാനായി പുതിയൊരു മെത്രാൻ സമിതിയെ നിയമിക്കാനും പോപ്പ് അനുവദിച്ചു. അതനുസരിച്ച്, ആമസോൺ സിനഡിന്റെ അന്തിമരേഖയുടെ  ശുപാർശകളുടെ അടിസ്ഥാനത്തിലുള്ള ഒരു പാൻ ആമസോണിയൻ എപ്പിസ്‌കോപ്പൽ സമിതിയ്ക്ക് ലാറ്റിൻ അമേരിക്കൻ സഭാ കൂട്ടായ്മയുടെ പ്രസിഡന്റായ കർദിനാൾ ക്ലൗഡിയോ ഹ്യൂമെസ് രൂപം കൊടുത്തു. ഇതിൽ നിന്ന് മനസിലാക്കുന്നത് തന്റെ സിനഡാനന്തര രേഖയായ Querida Amazonia  പ്രസിദ്ധീകരിക്കുമ്പോൾ ഫ്രാൻസിസ് പാപ്പാ സിനഡിന്റെ അന്തിമരേഖയിലെ വിവാദപരമായ ശുപാർശകൾ തള്ളിക്കളയുകയോ അസാധുവാക്കുകയോ ചെയ്തിട്ടില്ല എന്നാണ്.


പുതിയ ആമസോണിയൻ മെത്രാൻ സമിതി എന്താണു ചെയ്യാൻ പോകുന്നതെന്ന് അറിയണമെങ്കിൽ, സിനഡിന്റെ ഫൈനൽ ഡോക്യൂമെന്റിൽ നിന്ന് ഒരു ഭാഗം ശ്രദ്ധിച്ചാൽ മതി. "ആമസോൺ മേഖലയിലെ സഭകൾ തമ്മിൽ സിനഡാലിറ്റി വളർത്താനും സഭയുടെ ആമസോണിയൻ മുഖം  പ്രദർശിപ്പിക്കാനും സുവിശേഷവൽക്കരണത്തിന് പുതിയ മാർഗങ്ങൾ - പ്രത്യേകിച്ചും സമഗ്ര പാരിസ്ഥിതിക ബോധത്തിന്റെ (integral ecology) ആശയങ്ങൾ ഉൾക്കൊള്ളുന്ന തരത്തിലുള്ള പുതിയ മാർഗങ്ങൾ - കണ്ടെത്തുന്ന ശ്രമം തുടരാനും വേണ്ടി മെത്രാന്മാർ ഉൾക്കൊള്ളുന്ന ഒരു സംവിധാനം  ഏർപ്പെടുത്താൻ ഞങ്ങൾ നിർദേശിക്കുന്നു."


പരിസ്ഥിതിയെക്കുറിച്ചുള്ള വത്തിക്കാന്റെ   പരിഗണനയെക്കുറിച്ചു പറയുമ്പോൾ കഴിഞ്ഞയാഴ്ച തന്നെ ഇക്കാര്യത്തിൽ കൂടുതൽ വെളിച്ചം വീശുന്ന ഒരു കാര്യം സംഭവിച്ചിട്ടുണ്ട്. അവിശ്വസനീയം എന്നു തന്നെ പറയാം, കൊറോണ വൈറസ് പരിസ്ഥിതിയ്ക്ക് കൊണ്ടുവന്ന ഗുണങ്ങളെ വർണ്ണിച്ചുകൊണ്ടും കോറോണവൈറസിനെ   പോസിറ്റീവായി (ഗുണകരമായി) ചിത്രീകരിച്ചുകൊണ്ടും ഒരു ജെസ്യൂട്ട്  

വൈദികൻ എഴുതിയ ലേഖനം വത്തിക്കാൻ ന്യൂസിൽ കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ചു.  മാരകമായ കൊറോണവൈറസിനെ ഭൂമിയുടെ കൂട്ടാളിയായി ചിത്രീകരിച്ചുകൊണ്ടുള്ള ഈ ലേഖനം പരിശുദ്ധസിംഹാസനത്തിന്റെ ഔദ്യോഗിക  വാർത്താ ഏജൻസിയിലാണ്  

പ്രസിദ്ധീകരിക്കപ്പെട്ടത്. ഫാദർ ബെനഡിക്ട് മയാക്കി എഴുതിയ ഈ ലേഖനത്തിന്റെ തലക്കെട്ട്  'കൊറോണവൈറസ് - ഭൂമിയുടെ അപ്രതീക്ഷിത കൂട്ടാളി' എന്നാണ്. അതിനുതാഴെ ചെറിയ തലക്കെട്ടിൽ കൊടുത്തിരിക്കുന്നത് 'കോവിഡ് 19 പകർച്ചവ്യാധിയെത്തുടർന്നു മനുഷ്യരുടെ  സ്വഭാവരീതികളിൽ ഉണ്ടായ മാറ്റങ്ങൾ നമ്മുടെ ഗ്രഹത്തിന് ഉദ്ദേശിക്കാത്ത നേട്ടങ്ങൾ കൊണ്ടുവരുന്നു' എന്നാണ്.


ലേഖകൻ ഒരു വൈദികനായിരുന്നിട്ടും ഈ രോഗം മൂലമുണ്ടായ പതിനായിരക്കണക്കിനു മരണങ്ങളെക്കുറിച്ച്

പരാമർശിക്കുന്നതേയില്ല. ആകെയുള്ളത് ഈ പകർച്ചവ്യാധി ഒരു ആരോഗ്യ പ്രശ്‌നം  ആണെന്ന പ്രസ്താവന മാത്രം. എന്നാൽ ഫാദർ മയാക്കി തുടർന്ന് എഴുതുന്നു; 'അതിന് (കൊറോണ വൈറസിന്) ഒരു ഗുണകരമായ വശമുണ്ട്. മനുഷ്യന്റെ പ്രവർത്തനങ്ങൾ കുറയുന്നതനുസരിച്ച് ഭൂമി തന്നെത്തന്നെ സൗഖ്യപ്പെടുത്തുകയാണ്. ഇറ്റലിയിൽ വെനീസിലെ കനാലുകളിൽ വീണ്ടും മൽസ്യങ്ങൾ ദൃശ്യമായി. ടൂറിസവും ജലഗതാഗതവും കുറഞ്ഞതോടെ  വെള്ളത്തിലെ ചെളി അടിഞ്ഞു വൃത്തിയായി. ദേശാടനപ്പക്ഷികൾ വീണ്ടും ജലാശയങ്ങൾക്കരികിൽ വന്നുതുടങ്ങി. കര, ജല, വ്യോമഗതാഗതത്തിലുള്ള കുറവ് കാർബൺ നിർഗമനം കുറച്ചുകൊണ്ട് ഭൂമിയ്ക്ക് ഗുണകരമായി. വളരെയധികം വിമർശനങ്ങൾക്കുശേഷം വത്തിക്കാൻ ന്യൂസിന് ഈ ലേഖനം പിൻവലിക്കേണ്ടിവന്നു.


വത്തിക്കാൻ ന്യൂസിലെ ഈ ലേഖനം ഫ്രാൻസിസ് പാപ്പയുടെ തന്നെ ഈ വിഷയത്തിലുള്ള അഭിപ്രായങ്ങളുമായി  ചേർന്നുപോകുന്നവയാണ്. 'കൊറോണവൈറസ് എന്ന ശിക്ഷയിൽ പോപ്പിന്റെ ഉത്തരവാദിത്വം' എന്ന എന്റെ മാർച്ച് 31ലെ പരിപാടിയിൽ ഞാൻ പറഞ്ഞ കാര്യം ഓർമ്മിക്കുക. കൊറോണ വൈറസ്  ദൈവത്തിന്റെ ശിക്ഷയല്ല മറിച്ച് നാം പരിസ്ഥിതിയെ വേണ്ടവിധം ഗൗനിക്കാത്തതുകൊണ്ട് പ്രകൃതി തിരിച്ചടിച്ചതാണെന് ഫ്രാൻസിസ് പാപ്പാ പറഞ്ഞ കാര്യം അന്നു ഞാൻ സൂചിപ്പിച്ചിരുന്നുവല്ലോ.


അതിനുശേഷം പല കർദിനാൾമാരും  ബിഷപ്പുമാരും പോപ്പിന്റെ നിലപാടിനെ എതിർത്തുവെങ്കിലും കഴിഞ്ഞയാഴ്ചയിൽ ഇക്കാര്യം വീണ്ടും ഊന്നിപ്പറയുകയാണ്  പോപ്പ് ചെയ്തത്. ടാബ്‌ലറ്റ് എന്ന മാധ്യമസ്ഥാപനത്തിനു കൊടുത്ത ഇന്റർവ്യൂവിൽ അദ്ദേഹം പറഞ്ഞത്; "നമ്മൾ ചെറുകിട ദുരന്തങ്ങൾക്കൊന്നും പ്രതികരിച്ചിട്ടില്ല. ആരാണ് ഇപ്പോൾ ആസ്ട്രേലിയയിലെ കാട്ടുതീയെക്കുറിച്ചോ മഞ്ഞുകട്ടകൾ ഉരുകിയതുകാരണം 18  മാസം മുൻപ് ഉത്തരധ്രുവം ഒരു ബോട്ടിൽ വലംവയ്ക്കാൻ കഴിയുമായിരുന്നതിനെക്കുറിച്ചോ വെള്ളപ്പൊക്കത്തെക്കുറിച്ചോ ഒക്കെ ചർച്ചചെയ്യുന്നത്? ഇതെല്ലാം പ്രകൃതിയുടെ പ്രതികാരമാണോ എന്ന് എനിക്കറിയില്ല. പക്ഷെ അവ തീർച്ചയായും പ്രകൃതിയുടെ പ്രതികരണമാണ്".


കൊള്ളാം, ചിലർക്കെങ്കിലും കാര്യം പിടികിട്ടിയല്ലോ. കൊറോണ വൈറസ്  ദൈവത്തിൽ നിന്നുള്ള ശിക്ഷയാണ് എന്നു ചിന്തിക്കുന്ന കത്തോലിക്കാശ്രേഷ്ഠന്മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ് എന്നും അതിൽ ഏറ്റവുമൊടുവിലത്തെ ആൾ  ജർമ്മൻ കർദിനാൾ ആയ പോൾ ജോസഫ് കോർഡ്‌സ് ആണെന്നും കഴിഞ്ഞയാഴ്ച ലൈഫ് സൈറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നല്ലോ. അദ്ദേഹത്തിന്റെ വാക്കുകൾ; "ദൈവത്തിന് എതിരായി ജീവിച്ചാൽ അത് രോഗത്തിലേക്കു നയിക്കുമെന്നു ദൈവവചനം വ്യക്തമായി പറയുന്നുണ്ട്". ഈ കർദിനാൾ Pontifical Council Cor Unum ന്റെ മുൻ അധ്യക്ഷൻ ആണ്. ആധികാരികതയുള്ള  തിരുവചനവ്യാഖ്യാതാക്കൾ പാപത്തിന്റെ പ്രതിഫലമാണ് രോഗം എന്നു പ്രസ്താവിച്ചിട്ടുണ്ട് എന്നും കൂട്ടിച്ചേർക്കുന്ന അദ്ദേഹം മാർക്കോസിന്റെ സുവിശേഷത്തിലെ തളർവാത രോഗിയുടെ കഥ പാപവും രോഗവും തമ്മിലുള്ള നിഷേധിക്കാനാവാത്ത ബന്ധത്തെ സൂചിപ്പിക്കുന്നു എന്നും പറയുന്നുണ്ട്.


ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡറും കൊറോണ വൈറസ് പാപം നിറഞ്ഞ ലോകത്തെയും സഭയെയും ശിക്ഷിക്കാനും വിശുദ്ധീകരിക്കാനുമുള്ള ദൈവിക ഇടപെടലാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്.


ഇത് ബിഷപ്പുമാരുടെയോ കർദിനാൾമാരുടെയോ മാത്രം അഭിപ്രായമല്ല. എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങൾക്ക് മനസ്സിലാകുന്നുണ്ട്. കഴിഞ്ഞയാഴ്ച നടത്തിയ ഒരു സർവേയിൽ അമേരിക്കയിലെ പകുതിയോളം പേർ പറഞ്ഞത് കൊറോണ വൈറസ് നമ്മെ ഉണർത്താനും  വിശ്വാസത്തിലേക്ക് തിരികെക്കൊണ്ടുവരാനുമുള്ള ദൈവത്തിന്റെ ആഹ്വാനമാണെന്നായിരുന്നു. ദേശീയതലത്തിൽ നടത്തിയ ഒരു സർവേയിൽ മൂന്നിലൊന്നുപേർ പറഞ്ഞത് ഇത് ബൈബിളിൽ പറഞ്ഞിട്ടുള്ള അന്ത്യകാലമാണെന്ന് അവർ വിശ്വസിക്കുന്നു എന്നായിരുന്നു. കൂടാതെ പ്രതിസന്ധി തുടരുന്നതനുസരിച്ച് ക്രൈസ്തവരും  അക്രൈസ്തവരും ഒന്നുപോലെ ബൈബിളിലേക്കും മതത്തിലേക്കും തിരിയുന്നുണ്ട് എന്നും ആ പഠനം ചൂണ്ടിക്കാണിക്കുന്നു.


ട്വിറ്ററിൽ 22 ലക്ഷം ഫോളോവേഴ്‌സ് ഉള്ള  പ്രശസ്ത റെസ്‌ലിംഗ്‌ താരവും സിനിമാനടനുമായ Hulk Hogan തന്റെ ആരാധകരോട് പറഞ്ഞത് പരിഹാരം ചെയ്യാനാണ്. 2 ദിനവൃത്താന്തം 7:13-14  ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് കൊറോണ വൈറസ് മനുഷ്യരാശിയ്ക്ക് ദൈവം അയച്ച ഏറ്റവും ശക്തമായ സമ്മാനമാണ് എന്നായിരുന്നു. "ഞാൻ മഴ തരാതെ ആകാശം അടയ്ക്കുകയോ ദേശത്തെ കൃഷി നശിപ്പിക്കാൻ വെട്ടുക്കിളിയെ നിയോഗിക്കുകയോ എന്റെ ജനത്തിനിടയിൽ മഹാമാരി അയയ്ക്കുകയോ ചെയ്യുമ്പോൾ എന്റെ  നാമം പേറുന്ന എന്റെ ജനം എന്നെ അന്വേഷിക്കുകയും തങ്ങളെത്തന്നെ എളിമപ്പെടുത്തി പ്രാർത്ഥിക്കുകയും തങ്ങളുടെ ദുർമാർഗങ്ങളിൽനിന്നു പിന്തിരിയുകയും ചെയ്‌താൽ ഞാൻ സ്വർഗത്തിൽ നിന്ന് അവരുടെ പ്രാർത്ഥന കേട്ട് അവരുടെ പാപങ്ങൾ ക്ഷമിക്കുകയും അവരുടെ ദേശം സമ്പുഷ്ടമാക്കുകയും ചെയ്യും'.


അദ്ദേഹത്തിന്റെ വാക്കുകൾ; "ഇതാ ദൈവം പറയുന്നു; നിങ്ങൾ കായികതാരങ്ങളെ ആരാധിക്കാൻ ആഗ്രഹിച്ചു. ഞാൻ സ്റ്റേഡിയങ്ങൾ അടച്ചുപൂട്ടിക്കും. നിങ്ങൾ സംഗീതജ്ഞരെ ആരാധിക്കാൻ ആഗ്രഹിച്ചു. ഞാൻ സിവിക് സെന്ററുകൾ അടച്ചുപൂട്ടിക്കും. നിങ്ങൾ സിനിമാനടന്മാരെ ആരാധിക്കാൻ ആഗ്രഹിച്ചു. ഞാൻ തിയേറ്ററുകൾ അടച്ചുപൂട്ടിക്കും. നിങ്ങൾ പണത്തെ ആരാധിക്കാൻ ആഗ്രഹിച്ചു. ഞാൻ "സമ്പദ്‌വ്യവസ്ഥയെ   അടച്ചുപൂട്ടുകയും സ്റ്റോക്ക് മാർക്കറ്റിനെ തകർക്കുകയും ചെയ്യും. നിങ്ങൾക്ക് ദൈവാലയത്തിൽ പോകാനോ എന്നെ ആരാധിക്കാനോ താല്പര്യമില്ല. ഞാൻ നിങ്ങൾക്ക് ദൈവാലയത്തിൽ പോകാൻ സാധിക്കാത്ത അവസ്ഥ വരുത്തും. നമുക്കുവേണ്ടത് ഒരു വാക്സിൻ അല്ലെന്നു പറയാം. ഈ ലോക്ക് ഡൗണിന്റെ കാലം നമുക്ക് ഭൗതികകാര്യങ്ങളിൽ നിന്നു ശ്രദ്ധ അകറ്റി സ്വയം നവീകരിക്കാനും ഈ ലോകത്തിൽ സത്യത്തിൽ നമുക്ക് ആവശ്യമുള്ള ഒരേയൊരു കാര്യത്തിൽ - യേശുവിൽ തന്നെ -  ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള സമയമാണ്.


എന്നിരുന്നാലും വിശുദ്ധവാരത്തിലെ ഏറ്റവും നല്ല വാർത്ത കർദിനാൾ ജോർജ് പെല്ലിനെ ആസ്ട്രേലിയയിലെ പരമോന്നതകോടതി കുറ്റവിമുക്തനാക്കി എന്നതാണ്. അദ്ദേഹം  ഒരു വർഷത്തിലധികമായി അന്യായമായി തടവറയിലായിരുന്നു. 78 വയസുള്ള അദ്ദേഹം ശിക്ഷിക്കപ്പെട്ടത് പതിറ്റാണ്ടുകൾക്കുമുന്പേ അദ്ദേഹം ചെയ്തുവെന്നാരോപിക്കപ്പെടുന്ന ഒരു കുറ്റത്തിന് വെറും ഒരേയൊരാളുടെ  സ്ഥിരീകരിക്കാനാകാത്ത മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു. ജയിലിൽ നിന്നിറങ്ങിയ അദ്ദേഹം പറഞ്ഞത് അദ്ദേഹം ഏറ്റവുമാദ്യം ചെയ്യാൻ പോകുന്ന കാര്യം പരിശുദ്ധകുർബാന അർപ്പിക്കുക എന്നതാണെന്നാണ്. (ഒരു ഇന്റർവ്യൂവിൽ അദ്ദേഹം പറഞ്ഞത് തന്റെ ജയിൽവാസവും വത്തിക്കാനിലെ അധികാരികളും തമ്മിൽ ബന്ധമുണ്ടെന്ന കാര്യം റോമിലെ ഉന്നതവ്യക്തികൾക്ക്  അറിയാം എന്നായിരുന്നു).





Article URL:







Quick Links

കൊറോണ രോഗവും ഫ്രാൻസിസ് പാപ്പയുടെ പ്രതികരണങ്ങളും

കൊറോണ രോഗവും ഫ്രാൻസിസ് പാപ്പയുടെ പ്രതികരണങ്ങളും (ലൈഫ് സൈറ്റ് ന്യൂസിൽ ഈയടുത്ത ദിവസങ്ങളിൽ ജോൺ ഹെൻറി വെസ്റ്റൻ  എഴുതിയ ഒരു ലേഖനത്തിന്റെ പ്രസക്തഭാഗങ്ങളുടെ പരിഭാഷ താഴെക്കൊടുക്കുന്നു.) ... Continue reading