Home | Articles | 

Editorial
Posted On: 24/10/20 11:25
ആശയക്കുഴപ്പത്തിൻറെ അരൂപി കേരള കത്തോലിക്കാ സഭയിൽ

 

രണ്ടുദിവസമായി കേരളകത്തോലിക്കാസഭയിലെ എല്ലാവരെയും ആശങ്കപ്പെടുത്തുന്ന ചില സംഭവവികാസങ്ങൾ നടക്കുകയാണ്. അതിൻറെ തുടക്കം ഫ്രാൻസിസ് പാപ്പാ സ്വവർഗ ബന്ധങ്ങളെ അനുകൂലിച്ചു എന്ന രീതിയിൽ പല പ്രമുഖപത്രങ്ങളും ന്യൂസ് ചാനലുകളും വലിയ പ്രാധാന്യത്തോടെ റിപ്പോർട്ടു ചെയ്തതായിരുന്നു. ആ വാർത്ത വായിച്ച സാധാരണ വിശ്വാസികളുടെ മനസ്സിൽ അതു സൃഷ്ടിച്ച ആഘാതം എത്ര വലുതായിരുന്നു എന്നു സോഷ്യൽ മീഡിയയിൽ വന്ന പ്രതികരണങ്ങളിൽ നിന്നു മനസിലാക്കാം.

 

കേരള കത്തോലിക്കാ സഭയുടെ ഔദ്യോഗിക സംവിധാനം ഉടൻ തന്നെ പ്രവർത്തനനിരതമായി. അതു വലിയ ഒരു അത്ഭുതമായിരുന്നു എന്നു പറയാതെ വയ്യ. കാരണം, കഴിഞ്ഞ ഏഴു മാസമായി വിശ്വാസികൾക്കു കുമ്പസാരവും പരിശുദ്ധ കുർബാനയും എന്തിനു അന്ത്യകൂദാശപോലും നിഷേധിക്കപ്പെട്ടപ്പോഴൊന്നും കാണാത്ത ആവേശമായിരുന്നു മാർപ്പാപ്പയ്ക്കു പ്രതിരോധം തീർക്കാൻ പലരും കാണിച്ചത്. കെസിബിസി യുടെ മീഡിയ കമ്മീഷൻ ചെയർമാൻ എന്ന നിലയിൽ അഭിവന്ദ്യ പാംപ്ലാനി പിതാവ് ആ വാർത്ത ശരിയല്ലെന്നും മാർപ്പാപ്പയെ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും പ്രസ്താവിച്ചു. നോബിൾ തോമസ് അച്ചൻ പതിവുപോലെ ഫ്രാൻസിസ് പാപ്പയ്ക്കു പ്രതിരോധവുമായി എത്തി. തൃശൂരിൽ നിന്നു ജിയോ തരകൻ അച്ചനും സോഷ്യൽ മീഡിയയിൽ കൂടി ഫ്രാൻസിസ് പാപ്പയെ ന്യായീകരിച്ചുകൊണ്ടു രംഗത്തെത്തി. വടവാതൂർ സെമിനാരിയിലെ റെക്ടറും മോറൽ തിയോളജി പ്രൊഫസറുമായ ബഹു. സ്കറിയ കന്യാകോണിൽ അച്ചൻ ദീപിക പത്രത്തിൽ ഒരു നെടുങ്കൻ ലേഖനമെഴുതി പാപ്പയെ കുറ്റവിമുക്തനാക്കി. കെസിബിസി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ബഹു. ജേക്കബ് പാലയ്ക്കാപ്പള്ളി അച്ചൻ പ്രസ്താവനയിലൂടെയും കേരളകത്തോലിക്കാസഭയുടെ നിലപാട് വ്യക്തമാക്കി.

 

ഇതൊക്കെ കാണുകയും കേൾക്കുകയും വായിക്കുകയും ചെയ്തപ്പോൾ ഒരു പാവം കത്തോലിക്കാ വിശ്വാസിയായ എൻറെ സംശയങ്ങൾ ഇരട്ടിക്കുകയാണുണ്ടായത്. അതുകൊണ്ട് എൻറെ സംശയങ്ങൾ അവതരിപ്പിക്കുകയാണ്. ആരെങ്കിലും മറുപടി തരുമെന്നു പ്രതീക്ഷിക്കുന്നു.

 

1. മാർപ്പാപ്പ അങ്ങനെ പറഞ്ഞിട്ടില്ല എന്നു കേരളത്തിലെ ചില വൈദികരും കെസിബിസി യും പറയുന്നു. എന്നാൽ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നു പോപ്പ് ഒരു പ്രസ്താവന ഇറക്കിയാൽ തീരുന്ന പ്രശ്നമല്ലേ ഉള്ളൂ. പോപ്പ് അങ്ങനെ ചെയ്തില്ലെന്നു മാത്രമല്ല വത്തിക്കാനിൽ നിന്ന് ഔദ്യോഗികമായി ഇതുവരെ ഒരു നിഷേധക്കുറിപ്പു പോലും ഇറക്കിയിട്ടില്ല. പാംപ്ലാനി പിതാവ് ഇന്നലെ പറഞ്ഞതു വത്തിക്കാനിൽ നിന്ന് ഔദ്യോഗികവിശദീകരണം വരുമെന്നു പ്രതീക്ഷിക്കുന്നു എന്നായിരുന്നു. ആ പ്രതീക്ഷ ഇനിയും തുടരുന്നതിൽ അർത്ഥമുണ്ടോ?

 

2. നോബിളച്ചൻ കാര്യങ്ങൾ മുഴുവൻ പഠിക്കാതെയും അറിയാതെയുമാണു മറുപടി എഴുതിയതെന്ന് അച്ചൻ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. എങ്കിലും പോപ്പിൻറെ അഭിപ്രായത്തിനപ്പുറം നോബിളച്ചൻറെ ചില നിരീക്ഷണങ്ങൾ മറുപടി അർഹിക്കുന്നുണ്ട്. അച്ചൻ പറയുന്നതു സ്വവർഗലൈംഗികപ്രവണതയുള്ളവർ സ്വാഭാവിക ലൈംഗിക ബന്ധങ്ങളിലേക്കു വരാൻ ശ്രമിക്കണം എന്നും എന്നാൽ എല്ലാവർക്കും അതിനു സാധിച്ചുകൊള്ളണമെന്നില്ല എന്നുമാണ്. ഒന്നുകിൽ അച്ചനു തെറ്റി, അല്ലെങ്കിൽ കത്തോലിക്കാസഭയുടെ പ്രബോധനപീഠത്തിനു തെറ്റുപറ്റി. കാരണം കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പറയുന്നത് ഇപ്രകാരമാണ്:

 

' സ്വവർഗ്ഗഭോഗ പ്രവണതയുള്ള വ്യക്തികൾ ശുദ്ധതയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു. ആന്തരിക സ്വാതന്ത്ര്യം അഭ്യസിപ്പിക്കുന്ന ആത്മനിയന്ത്രണത്താലും ചിലപ്പോൾ സ്വാർത്ഥരഹിതമായ സുഹൃദ്ബന്ധത്തിൻറെ സഹായത്താലും പ്രാർത്ഥനയുടെയും കൗദാശിക കൃപാവരത്തിൻറെയും ശക്തിയാലും അവർക്കു ക്രമേണയായും തീർച്ചയായും ക്രിസ്തീയ പൂർണത പ്രാപിക്കാൻ സാധിക്കുന്നതാണ്, സാധിക്കേണ്ടതാണ്' (CCC 2359).

തീർച്ചയായും സാധിക്കുമെന്നും സാധിക്കണമെന്നും വത്തിക്കാനിൽ നിന്നു മാർപ്പാപ്പ പഠിപ്പിക്കുന്ന ഒരു കാര്യം സാധിച്ചുകൊള്ളണമെന്നില്ല എന്നു മാനന്തവാടിയിൽ നിന്ന് നോബിളച്ചൻ പറയുന്നു. എന്താ കഥ!

3. അച്ചൻ പറയുന്നു; "വ്യക്തികളുടെ ബോധപൂർവമായ തെരഞ്ഞെടുപ്പുകൾ എന്നതിനേക്കാൾ ശക്തമായ സ്വവർഗലൈംഗികാഭിമുഖ്യങ്ങളാണ് ഇത്തരം ബന്ധങ്ങളിലേക്ക് നയിക്കുന്നത്". സ്വവർഗ ലൈംഗികപ്രവണത സ്വതന്ത്ര ഇച്ഛയുടെ തിരഞ്ഞെടുപ്പല്ല എന്നു ശാസ്ത്രീയമായ പഠനങ്ങളുടെ വെളിച്ചത്തിൽ സഭ മനസിലാക്കിയിട്ടുണ്ട്".

 

അച്ചന് ഇത്രയും തെറ്റായ ഒരു വിവരം എവിടെ നിന്നാണു കിട്ടിയെന്നറിയാൻ താല്പര്യമുണ്ട്. 1975 ഡിസംബർ 29 ന് വത്തിക്കാനിൽ നിന്നു വിശ്വാസതിരുസംഘം പുറപ്പെടുവിച്ച Declaration on Certain Questions concerning Sexual Ethics എന്ന രേഖയിൽ പറയുന്നത് ഇപ്രകാരമാണ്: 'സ്വവർഗലൈംഗികാഭിമുഖ്യമുള്ള ചില വ്യക്തികളിൽ അതു തെറ്റായ വിദ്യാഭ്യാസം കൊണ്ടോ, സ്വാഭാവിക ലൈംഗിക വളർച്ചയുടെ അഭാവം കൊണ്ടോ, സ്വഭാവം കൊണ്ടോ, ദുർമാർതൃകകൾ കൊണ്ടോ, അതുപോലുള്ള മറ്റു കാരണങ്ങൾ കൊണ്ടോ ആണു രൂപമെടുക്കുന്നതെന്നു സഭ നിരീക്ഷിക്കുന്നു.അതു താൽക്കാലികമാകാം. അല്ലെങ്കിൽ ചുരുങ്ങിയ പക്ഷം അതു സുഖപ്പെടുത്താൻ കഴിയാത്ത ഒന്നല്ല' ( സെക്ഷൻ 8 ).

 

ഒന്നുകിൽ അച്ചനു തെറ്റി അല്ലെങ്കിൽ സഭയ്ക്കു തെറ്റി. സഭയുടെ വിശ്വാസതിരുസംഘം പറയുന്നു. പലരുടെയും സ്വവർഗലൈംഗിക പ്രവണത ജീവിതത്തിലെ ചില അനുഭങ്ങളുടെ ഫലമാണെന്ന്. അച്ചൻ പറയുന്നു അതെല്ലാം അവരുടെ സ്വതന്ത്രമായ ഇച്ഛയ്ക്ക് അപ്പുറത്താണെന്നു ശാസ്ത്രീയമായ പഠനങ്ങളിലൂടെ സഭ മനസിലാക്കിയിട്ടുണ്ടെന്ന്. ഈ രണ്ടു കാര്യങ്ങളിലും സഭ പറയുന്നതാണു ഞാൻ വിശ്വസിക്കുന്നത്. . ഭൂരിഭാഗം കേസുകളിലും സ്വവർഗലൈംഗികപ്രവണത പ്രാർത്ഥനകൊണ്ടും ചികിത്സ കൊണ്ടും മാറ്റിയെടുക്കാവുന്നതാണ് എന്നതിനു നമ്മുടെ കാലഘട്ടത്തിൽ, നമ്മുടെ നാട്ടിൽ തന്നെ അനേകം തെളിവുകൾ ലഭിക്കും എന്നതിൽ സംശയമില്ല. അച്ചൻ പറഞ്ഞതിൽ മറ്റൊരു അപകടം കൂടി ഒളിച്ചിരിപ്പുണ്ട്. സ്വവർഗലൈംഗികത ഒരു വ്യക്തിയുടെ സ്വതന്ത്രമായ ഇച്ഛയുടെ തെരഞ്ഞെടുപ്പല്ലെങ്കിൽ വ്യഭിചാരവും മോഷണവും കള്ളസാക്ഷി പറയുന്നതും എല്ലാം അതുപോലെ തന്നെയാണെന്ന് വാദിക്കാൻ കഴിയില്ലേ? താൻ ഒരു മോഷ്ടാവായതു തൻറെ പിതാവും മോഷ്ടാവായിരുന്നതുകൊണ്ടാണെന്നു ആരെങ്കിലും പറഞ്ഞാൽ കോടതി സമ്മതിക്കുമോ? അപൂർവം കേസുകളിലൊഴികെ സ്വവർഗലൈംഗികപ്രവണത ജീവിതാനുഭവങ്ങളിലൂടെ സ്വയം ആർജ്ജിച്ചെടുക്കുന്നതാണ് എന്നതാണു സത്യം. അത്തരം പ്രവണതയുള്ള വ്യക്തികൾക്ക് തീർച്ചയായും സാധാരണ സ്ത്രീപുരുഷ ബന്ധത്തിലേക്കു തിരിച്ചു വരാൻ കഴിയും എന്നും, കഴിയണം എന്നുമാണു സഭ പഠിപ്പിക്കുന്നത്. അതിൻറെയർത്ഥം അവർ ആയിരിക്കുന്ന അവസ്ഥയിൽ തുടർന്നുകൊള്ളട്ടെ എന്നു ചിന്തിക്കുകയല്ല, മറിച്ച് അവരുടെ തെറ്റ് അവരെ മനസിലാക്കിക്കൊടുക്കുകയാണു വേണ്ടതെന്നാണ്.

 


4. ഇനി എനിക്ക് അർഥം മനസിലാകാത്ത ഒരു വാചകം അച്ചൻ എഴുതിയിട്ടുണ്ട്. ' അതിനാൽത്തന്നെ നിഷേധിക്കാനാവാത്ത ജൈവധാർമ്മികതയുടെ ക്രമരഹിതമായ പ്രകൃതത്തെ അംഗീകരിക്കുന്നുവെന്നതിനാൽ, അവരുടെ അത്തരത്തിലുള്ള ബന്ധങ്ങൾക്ക് നിയമപരിരക്ഷ നൽകണമെന്ന് കത്തോലിക്കാ സഭയ്ക്ക് പറയാൻ കഴിയുമോ?' അച്ചൻ എന്താണാവോ ഉദ്ദേശിച്ചത്?
അച്ചൻ തുടരുന്നു. 'സഭയുടെ ഔദ്യോഗിക ഉത്തരത്തിനായി നാം കാത്തിരിക്കണം'. അത് യഹൂദർ ഇപ്പോഴും മിശിഹായെ കാത്തിരിക്കുന്നതുപോലെയാണ്. കർത്താവു വന്നുപോയതൊന്നും അവർ അറിഞ്ഞിട്ടില്ല. കത്തോലിക്കാസഭ ഇക്കാര്യത്തിൽ ഔദ്യോഗികമായ ഉത്തരം പലതവണയായി പറഞ്ഞുകഴിഞ്ഞു. അച്ചൻ ഇനിയും എന്ത് ഉത്തരത്തിനു വേണ്ടിയാണോ കാത്തിരിക്കുന്നത്? 'സ്വവർഗ്ഗഭോഗപ്രവൃത്തികൾ അവയുടെ സഹജമായ പ്രകൃതിയാൽ തന്നെ ക്രമരഹിതമാണ്' എന്ന് CCC 2357 വ്യക്തമായി ഉത്തരം തന്നുകഴിഞ്ഞല്ലോ. സ്വവർഗഭോഗികളായ വ്യക്തികളുടെ ബന്ധങ്ങൾക്കു നിയമസാധുത നൽകുന്നതിനെ കത്തോലിക്കർ എതിർക്കണമെന്നു 2003ൽ വത്തിക്കാൻ വീണ്ടും നിർദേശിച്ചിട്ടുമുണ്ട്.

5..ജിയോ തരകൻ അച്ചൻ പറയുന്നു; സ്വവർഗലൈംഗികദമ്പതികളിലൊരാൾ പോപ്പിൻറെയടുത്തു തൻറെ "കുഞ്ഞിനെ" കൊണ്ടുവന്ന് ഇടവകയിൽ ചേർക്കാൻ ആവശ്യപ്പെട്ടപ്പോൾ പോപ്പ് കുടുംബജീവിതത്തെപ്പറ്റി ഒന്നും തന്നെ പറഞ്ഞില്ല എന്ന് ആ വ്യക്തി സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന്. മാരകപാപത്തിൽ ജീവിക്കുന്ന ഒരു വ്യക്തിയോടു നേരിട്ടു സംസാരിക്കുമ്പോൾ അദ്ദേഹത്തിനു തൻറെ തെറ്റ് എന്തെന്നു മനസിലാക്കികൊടുക്കുകയല്ലേ നാം ചെയ്യേണ്ടത്? "കുഞ്ഞിനെ" ഇടവകയിൽ ചേർക്കാൻ കൊണ്ടുവരുന്നതിനേക്കാൾ നല്ല മറ്റേതു സന്ദർഭമാണ് ഇതിനു ലഭിക്കുക? നമ്മുടെ ഇടവകകളിലും വരിസംഖ്യ കുടിശിക പിരിക്കുന്നതടക്കം പല കാര്യങ്ങളും ക്രമപ്പെടുത്തുന്നത് അവർ ഇതുപോലെ എന്തെങ്കിലും ആവശ്യവുമായി വികാരിയച്ചൻറെ അടുത്തു വരുമ്പോഴല്ലേ?

 


6. കുടുംബത്തിൽ ജീവിക്കാൻ സ്വവർഗഭോഗികൾക്ക് അവകാശമുണ്ടെന്നും അവരെ പുറത്താക്കാൻ ആർക്കും അധികാരമില്ല എന്നു പോപ്പ് പറഞ്ഞു എന്നും അച്ചൻ സൂചിപ്പിക്കുന്നു. എവിടെയാണച്ചോ അത്തരക്കാരെ കുടുംബത്തിൽ നിന്നു പുറത്താക്കുന്നത്? എവിടെയാണച്ചോ അവർക്കു വിവേചനം നേരിടുന്നത്?

 

7. നിയമപരമായി അവർക്കു സംരക്ഷണം വേണം എന്നു പോപ്പ് പറഞ്ഞു എന്നും അച്ചൻ സൂചിപ്പിക്കുന്നുണ്ട്.
ലോകത്തിലെ എല്ലാ രാജ്യത്തും അവർക്കു , സ്വത്തു സമ്പാദിക്കാനും, ജോലിചെയ്യാനും, വിദ്യാഭ്യാസംചെയ്യാനും കൃഷി ചെയ്യാനും ബാങ്കിൽ ഡെപ്പോസിറ് ചെയ്യാനും ഇൻഷുറൻസ് എടുക്കാനും മുദ്രാവാക്യം വിളിക്കാനും പാട്ടുപാടാനും യാത്രചെയ്യാനും ചികിത്സ തേടാനും ഒസ്യത്തെഴുതാനും സിനിമ കാണാനും മീൻ പിടിക്കാനും വാഹനം വാങ്ങാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഇഷ്ടമുള്ള ആഹാരം കഴിക്കാനും പൊതുസൗകര്യങ്ങ ൾ ഉപയോഗിക്കാനും രാജ്യത്തിൻറെ പസിഡണ്ടോ പ്രധാനമന്ത്രിയോ ആകാനും കോടതിയിൽ പോകാനും എന്നല്ല ഭരണഘടന അനുശാസിക്കുന്ന എല്ലാ ആനുകൂല്യങ്ങലും സംരക്ഷണവും ആസ്വദിക്കാനുള്ള അവകാശവും അർഹതയുമുണ്ട്. അതായത് എനിക്കും അച്ചനും ഒക്കെയുള്ള ഏതൊരവകാശവും അത്തരം മനുഷ്യർക്കുമുണ്ട്. പിന്നെയെന്ത് പ്രത്യേക നിയമസംരക്ഷണം ആണ് അവർക്കാവശ്യം? ഇക്കാര്യത്തിൽ അറിവില്ലാത്തവരെ ആശയക്കുഴപ്പത്തിലാക്കാം എന്നല്ലാതെ ഇത്തരം വാചകപ്രയോഗങ്ങൾ കൊണ്ടു മറ്റൊരു പ്രയോജനവുമില്ല.

 

8. ബഹു. സ്കറിയ കന്യകോണിൽ അച്ചനും പറയുന്നത് അവർക്കു കുടുംബത്തിൽ ജീവിക്കാനുള്ള അവകാശം നിഷേധിക്കരുതെന്നും അവരെ വീട്ടിൽ നിന്നു പുറത്താക്കരുതെന്നും അവരുടെ ജീവിതം ദുരിതത്തിലാക്കരുതെന്നുമാണ്. എവിടെയാണച്ചോ ഇതൊക്കെ സംഭവിക്കുന്നത്? അവരുടെ ഏത് പൗരാവകാശങ്ങളാണ് ഏതെങ്കിലും രാജ്യങ്ങളിൽ ഹനിക്കപ്പെട്ടിട്ടുള്ളത്? അഥവാ നമുക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത എന്തു പീഡനമാണ് അവർക്ക് അനുഭവിക്കേണ്ടി വന്നിട്ടുള്ളത്? എല്ലാക്കാര്യത്തിലും തുല്യാവകാശമുള്ള അവർക്കു പിന്നെ എന്ത് അവകാശമാണ് ഇനിയും നൈയാമികമാക്കാനുള്ളത്? മ്ലേച്ഛത എന്നു കത്തോലിക്കാസഭയും മറ്റെല്ലാ മതങ്ങളും മാനവധാർമ്മികതയും പഠിപ്പിക്കുന്ന സ്വവർഗബന്ധത്തിനു നിയമസാധുത കൊടുക്കുക എന്നതാണോ? അതോ അവരുടെ പാപവഴികളിൽ തന്നെ വളർത്താനായി ഒരു കുഞ്ഞിനെ ദത്തെടുക്കാൻ അനുവദിക്കുക എന്നതാണോ? അതുമല്ല സ്വവർഗലൈംഗികബന്ധങ്ങൾ പാപമാണ് എന്നു വിളിച്ചുപറയാനുള്ള സഭയുടെയും വ്യക്തികളുടെയും അവകാശത്തിനു കൂച്ചുവിലങ്ങിടുക എന്നതോ?

 

9 . പോപ്പ് ഉപയോഗിച്ച സ്പാനിഷ് വാക്ക് ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തപ്പോൾ വന്ന അബദ്ധമാണ് ഈ ആശയക്കുഴപ്പത്തിനു കാരണം എന്ന് അച്ചൻ പറയുന്നു. Convivencia civil എന്ന സ്പാനിഷ് വാക്ക് സഹവർത്തിത്വം എന്നർത്ഥം വരുന്ന coexistence എന്ന് ഇംഗ്ലീഷിൽ വരേണ്ടതിനു പകരം സ്വവർഗബന്ധത്തെ സൂചിപ്പിക്കുന്ന civil union എന്നായിപ്പോയി എന്നാണ് അച്ചൻ പറയുന്നത്. പോപ്പ് ഈ വാക്ക് ഉപയോഗിച്ച സന്ദർഭം മനസിലാക്കിയാൽ ഈ സംശയം തീരും. Convivencia Civil എന്നതിൻറെ ഇംഗ്ലീഷ് പരിഭാഷ civil coexistence എന്നാണെന്നാണ് എൻറെ സ്പാനിഷ് ഗുരുനാഥൻ പറയുന്നത്. വെറും സഹവർത്തിത്വമല്ല എന്നർത്ഥം.

 

10. സ്വവർഗലൈംഗികബന്ധത്തെ അനുകൂലിക്കുന്ന കോടതിവിധികൾ പല രാജ്യത്തും വരുന്നതിനാൽ ഇക്കാര്യത്തിൽ ശരിതെറ്റുകളെക്കുറിച്ചുള്ള ആശയക്കുഴപ്പം പൊതുസമൂഹത്തിൽ ഉടലെടുത്തിട്ടുണ്ട് എന്ന അച്ചൻറെ നിരീക്ഷണം ശരിയല്ല. പൊതുസമൂഹത്തിന്, പ്രത്യേകിച്ച് ക്രിസ്തീയവിശ്വാസികൾക്ക് ഇക്കാര്യത്തിൽ ഒരു ആശയക്കുഴപ്പവുമില്ല. സ്വവർഗലൈംഗികബന്ധം പണ്ടും പാപമായിരുന്നു. ഇപ്പോഴും പാപമാണ്, ഇനിയങ്ങോട്ടും പാപമായിരിക്കും. ആത്മപ്രശംസ പറയുകയാണെന്നു ചിന്തിക്കരുത്. ഇക്കാര്യത്തിൽ ആശയക്കുഴപ്പമുള്ള ഒരു വ്യക്തിയെപ്പോലും ഇന്നുവരെ കാണാൻ എനിക്ക് ഇടയായിട്ടില്ല.

11. സഭയുടെ ധാർമികപ്രബോധനവും കരുണാർദ്രമായ അജപാലനാഭിമുഖ്യവും തമ്മിലുള്ള വ്യത്യാസം മനസിലാക്കിയാൽ മാത്രമേ പാപ്പയുടെ അഭിപ്രായത്തിൻറെ പൊരുൾ വ്യക്തമാകുകയുള്ളൂ എന്ന് അച്ചൻ പറയുന്നു. സഭയുടെ ധാർമികപ്രബോധനവും അജപാലനാഭിമുഖ്യവും തമ്മിൽ വ്യത്യാസമുണ്ടാകുമെന്നാണ് അച്ചൻ സൂചിപ്പിച്ചതെങ്കിൽ അതു തെറ്റാണെന്ന് വിനയപൂർവം പറയട്ടെ. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഇങ്ങനെ പഠിപ്പിക്കുന്നു; 'സഭയുടെ അജപാലകന്മാരുടെ പ്രബോധനാധികാരം ധാർമികകാര്യങ്ങളെ സംബന്ധിച്ചിടത്തോളം മതബോധനത്തിലും പ്രഘോഷണത്തിലും ദൈവശാസ്ത്രജ്ഞന്മാരുടെയും ആധ്യാത്മികഗ്രന്ഥകാരന്മാരുടെയും സഹായത്തോടെ നിർവഹിക്കപ്പെടുന്നു. അങ്ങനെ അജപാലകരുടെ നേതൃത്വത്തിനും ജാഗ്രതയ്ക്കും കീഴിൽ ക്രൈസ്തവധാർമികപ്രബോധനങ്ങളുടെ 'നിക്ഷേപം' തലമുറയിൽ നിന്നു തലമുറയിലേക്കു കൈമാറപ്പെടുന്നു...... (CCC 2083). സഭയുടെ ധാർമിക പ്രബോധനം സംരക്ഷിക്കുക എന്നതാണ് അജപാലകരുടെ പ്രധാന കർത്തവ്യം. മറ്റെന്ത് ആഭിമുഖ്യവും സഭയുടെ ധാർമ്മികപ്രബോധനത്തിനു വിധേയമായിട്ടായിരിക്കണം . മറ്റൊരുവിധത്തിൽ പറഞ്ഞാൽ ധാർമികപ്രബോധനവും കരുണാർദ്രമായ അജപാലനാഭിമുഖ്യവും രണ്ടു വ്യത്യസ്തമാനദണ്ഡങ്ങളിലൂടെ അളക്കാൻ കഴിയുന്നവയല്ല. അവ ഒന്നിനോടൊന്നു ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടു പോപ്പിൻറെയെന്നല്ല ആരുടെയും അജപാലനാഭിമുഖ്യത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളുടെ പൊരുൾ സഭയുടെ ധാർമികപ്രബോധനങ്ങളുമായി തട്ടിച്ചുനോക്കിയിട്ടുവേണം വിലയിരുത്താൻ. ഇക്കാര്യത്തിൽ യേശുക്രിസ്തു തന്നെയാണു നമ്മുടെ മാതൃക. അവിടുന്നു തൻറെ ധാർമികപ്രബോധനത്തെയും കരുണാർദ്രമായ അജപാലനാഭിമുഖ്യത്തെയും ഒരുമിച്ചു ചുരുങ്ങിയ വാക്കുകളിൽ ഒതുക്കിയിട്ടുണ്ട്: " ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക. ഇനിമേൽ പാപം ചെയ്യരുത്". ഇതിൽ ആദ്യത്തെ ഭാഗം കരുണയും അവസാനത്തെ ഭാഗം ധാർമികപ്രബോധനവുമാണല്ലോ. ധാർമികപ്രബോധനത്തിനു വിലകൊടുക്കാതെ കരുണ, കരുണ എന്ന് എപ്പോഴും വിളിച്ചുപറയുന്നതാണു നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ അബദ്ധങ്ങളിലൊന്ന് എന്നു ഞാൻ വിശ്വസിക്കുന്നു.

 

12 . സഭാപ്രബോധനം ഡോക്യൂമെൻററിയിലൂടെ അല്ല വരുന്നതെന്ന് അച്ചൻ പറഞ്ഞതിനെ അംഗീകരിക്കുന്നു. ചാക്രികലേഖനങ്ങളിൽ കൂടിയും അപ്രമാദിത്വമുള്ള സഭാപ്രബോധനം വരില്ല എന്നാണ് എൻറെ അറിവ്. പ്രത്യേകിച്ച് എടുത്തുപറയാത്തിടത്തോളം കാലം ചാക്രികലേഖനങ്ങൾക്ക് അപ്രമാദിത്വ സ്വഭാവം ഇല്ല എന്നാണു ഞാൻ മനസിലാക്കുന്നത്. മാർപ്പാപ്പയുടെ ചാക്രികലേഖനങ്ങളെ ബൈബിളിനേക്കാളും മതബോധനഗ്രന്ഥത്തെക്കാളും കൂടുതൽ ഉയർത്തിപ്പിടിക്കുന്ന തികച്ചും തെറ്റായ ഒരു പ്രവണത ഈയടുത്ത കാലത്തായി കേരളസഭയിൽ വർധിച്ചുവരുന്നുണ്ട് എന്നതിനാലാണ് ഇതു സൂചിപ്പിക്കേണ്ടിവന്നത്.

 

13. പോപ്പ് സാന്ദർഭികമായി പറയുന്ന കാര്യങ്ങൾ ഒന്നും സഭാപ്രബോധനത്തിൽ നിന്നുള്ള വ്യതിചലനമായി വ്യാഖ്യാനിക്കാൻ സാധ്യമല്ല എന്ന് അച്ചൻ പറയുന്നതിനോടു യോജിക്കാൻ എനിക്കു കഴിയില്ല. ഒരു സെമിനാരി റെക്ടറായ അച്ചൻ സുഹൃദ്‌സംഭാഷണത്തിനിടയിൽ തമാശയായി പ്രമാണങ്ങൾ പത്തില്ല, എട്ടേയുള്ളൂ എന്നു പറഞ്ഞെന്നിരിക്കട്ടെ. അത് ഒരു തമാശയായോ പരമാവധി അച്ചൻറെ വ്യക്തിപരമായ അഭിപ്രായമായോ മാത്രമേ സുഹൃത്തുക്കൾ എടുക്കുകയുള്ളൂ. എന്നാൽ ഏതെങ്കിലും കാരണവശാൽ അത് കേൾക്കാനിടവരുന്ന സെമിനാരി വിദ്യാർത്ഥികളുടെ മനസിലേക്കു കടന്നുവരുന്ന ചിന്ത എന്തായിരിക്കും! മാർപ്പാപ്പ ഒരു വലിയ സ്ഥാനം വഹിക്കുന്ന വ്യക്തിയാണ്. അദ്ദേഹം ഔദ്യോഗികമായിട്ടാണെങ്കിലും സാന്ദർഭികമായിട്ടാണെങ്കിലും പറയുന്ന ഓരോ വാക്കും കൃത്യമായി അളന്നുമുറിച്ചവയായിരിക്കണം എന്നാണ് എല്ലാ കത്തോലിക്കാ വിശ്വാസികളെയുംപോലെ എൻറെയും ആഗ്രഹം. 2013 വരെ മാർപാപ്പമാർ പറഞ്ഞ വാക്കുകൾ എല്ലാം കൃത്യമായ അർത്ഥങ്ങളുള്ളവയും രണ്ടുതരത്തിൽ വ്യാഖ്യാനിക്കാൻ ഒരിക്കലും കഴിയാത്തവയുമായിരുന്നു. അതൊരു കാലം!

 

14. സ്വാഭാവിക ലൈംഗീകതയിലെന്നതുപോലെ സ്വവർഗ ലൈംഗികതയിലും ക്രമരഹിതമായ പ്രവർത്തികൾ ഉണ്ടാകാതെ സൂക്ഷിക്കേണ്ടതാണ് എന്ന് അച്ചൻ പറയുന്നു. ഇവിടെ ചെറിയൊരു ക്രമപ്രശ്നമുണ്ട്. 'സ്വവർഗഭോഗപ്രവർത്തികൾ അവയുടെ സഹജമായ പ്രകൃതിയാൽ തന്നെ ക്രമരഹിതമാണ്' എന്ന് CCC 2357 പഠിപ്പിക്കുന്നു. ആരംഭംമുതൽ തന്നെ ക്രമരഹിതമെന്നു സഭ വിലയിരുത്തുന്ന ഒരു പ്രവർത്തിയിൽ വീണ്ടും ക്രമരഹിതമായ പ്രവർത്തികൾ ഉണ്ടാകാതെ സൂക്ഷിക്കണം എന്നു പറയുന്നതിൻറെ ആവശ്യം എന്താണ്? എനിക്കു തോന്നുന്നതു സ്വവർഗ ലൈംഗികാഭിമുഖ്യം എന്ന പദവും സ്വവർഗലൈംഗികപ്രവർത്തി എന്ന പദവും തമ്മിൽ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നുണ്ട് എന്നാണ്.

 

പലപ്പോഴും പോപ്പ് പറയുന്ന പല കാര്യങ്ങളും ഒന്നിലധികം വിധത്തിൽ വ്യാഖ്യാനിക്കാവുന്നവയാണ് എന്നിടത്താണ് ഈ പ്രശ്നങ്ങളുടെയെല്ലാം തുടക്കം എന്നു ഞാൻ കരുതുന്നു. കാര്യങ്ങൾ വളച്ചുകെട്ടില്ലാതെ നേരെചൊവ്വേ പറഞ്ഞാൽ ജനങ്ങൾക്കു മനസിലാകും. ഒരു ആശയക്കുഴപ്പവുമുണ്ടാകില്ല. ഇതു പോപ്പിൻറെ പല മുൻപ്രസ്താവനകളും കൂടി കണക്കിലെടുത്തുകൊണ്ട് എനിക്കു തോന്നിയ അഭിപ്രായമാണ്. നേരെചൊവ്വേ പറഞ്ഞാൽ പത്രക്കാർ വളച്ചൊടിച്ചു എന്ന പരാതി വരില്ല. അഥവാ വളച്ചൊടിച്ചാൽ തന്നെ ഈ 'സിവിൽ യൂണിയൻ' പ്രശ്നത്തിൽ അവർക്കെതിരെ സിവിലായും ക്രിമിനലായും കേസ് കൊടുക്കാമല്ലോ.
എന്തുകൊണ്ടാണ് ഇത്ര ഗുരുതരമായ ഒരു ഇടർച്ചയ്ക്കു കാരണമാകാവുന്ന വ്യാജവാർത്ത പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് ഈ മാധ്യമങ്ങൾക്കെതിരെ ഒരു വക്കീൽനോട്ടീസ് അയയ്ക്കാൻ പോലും കെസിബിസി താല്പര്യമെടുക്കാത്തത് എന്നതു ചിന്തിക്കേണ്ട വിഷയമല്ലേ?

 

ഇപ്പോൾ സംഭവിച്ചതു മനോരമയിലും മാതൃഭൂമിയിലും മംഗളത്തിലും ഏഷ്യാനെറ്റിലും ഒക്കെ അവർ രണ്ടുദിവസം സഭയെ വസ്ത്രാക്ഷേപം ചെയ്തു രസിച്ചു. . അതിനു നമ്മൾ സോഷ്യൽ മീഡിയയിൽ മറുപടി എഴുതി, കെസിബിസി പ്രസ്താവന ഇറക്കി, ദീപികയിൽ ലേഖനമെഴുതി. മറ്റു പത്രങ്ങളും ടി വി ചാനലുകളും ഒന്നും തങ്ങൾക്കു തെറ്റു പറ്റിയെന്നും തിരുത്തു കൊടുക്കുന്നു എന്നും പറയാൻ പോകുന്നില്ല. അഥവാ തിരുത്തു കൊടുത്താലും എട്ടാം പേജിൽ ഏറ്റവും അടിയിൽ രണ്ടുവരിയിൽ ഒതുക്കും. അതായത് ഈ വാർത്ത കൊണ്ടു സാമാന്യജനത്തിൻറെ ഇടയിൽ ഉണ്ടായ ആശയക്കുഴപ്പം പരിഹരിക്കപ്പെടില്ല എന്നർത്ഥം. എല്ലാത്തിനും കാരണം പലവിധത്തിൽ വ്യാഖ്യാനിക്കാവുന്ന തരത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുന്ന വത്തിക്കാൻറെ ആധുനിക രീതിയാണ്.

 

നമുക്ക് അതിനൊന്നും പോകേണ്ട ആവശ്യമില്ലല്ലോ. സ്പാനിഷിലായാലും ഇംഗ്ലീഷിലായാലും സുറിയാനിയിലായാലും മലയാളത്തിലായാലും കാര്യങ്ങൾ ലളിതമായ ഭാഷയിൽ വളച്ചുകെട്ടില്ലാതെ പറഞ്ഞാൽ കഴിഞ്ഞ രണ്ടു ദിവസം കേരളത്തിലെ കത്തോലിക്കർ അനുഭവിച്ച വിഷമവും വേദനയും ഒഴിവാക്കാമായിരുന്നു. അതോടൊപ്പം ബിഷപ്പും സെമിനാരി റെക്ടറും ദീപികയും വൈദികരും കന്യാസ്ത്രീകളും അൽമായരും അടക്കം ലക്ഷക്കണക്കിനു വിശ്വാസികൾ ഈ വിഷയത്തെക്കുറിച്ചു വായിച്ചും ചിന്തിച്ചും പ്രതികരിച്ചും ലേഖനമെഴുതിയും മനസ് വിഷമിപ്പിച്ചും നഷ്ടപ്പെടുത്തിയ ആയിരക്കണക്കിനു മണിക്കൂറുകൾ എന്തെങ്കിലും ഗുണകരമായ കാര്യത്തിനുവേണ്ടി നമുക്ക് ഉപയോഗിക്കാമായിരുന്നില്ലേ? ഇതുപോലുള്ള അനാവശ്യവിഷയങ്ങളിൽ വൈദികരെയും സഭാമക്കളെയും കുടുക്കിയിടുന്നതിൽ കർത്താവ് തീർച്ചയായും സന്തോഷിക്കുന്നുണ്ടാവില്ലല്ലോ.

 

ബഹു. സ്കറിയ അച്ചൻ വിവർത്തനത്തിൽ വന്ന പിഴവിനെക്കുറിച്ചു സൂചിപ്പിച്ചുവല്ലോ. സാന്ദർഭികമായി ഒരു കാര്യം പറയട്ടെ. കെസിബിസി വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ച കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിലും വിവർത്തനത്തിൽ പിഴവുകളുണ്ട്. ഉദാഹരണത്തിന് CCC 2357 ൻറെ അവസാനഭാഗത്ത് 'They do not proceed from a genuine affective and sexual complementarity. Under no circumstances can they be approved' എന്നതിൻറെ വിവർത്തനം കൊടുത്തിരിക്കുന്നത് ' അവ ശരിയായ വൈകാരിക ലൈംഗികപൂരകത്വത്തിൽ നിന്നു പുറപ്പെടുന്നവയും യാതൊരു സാഹചര്യത്തിലും അവയെ അംഗീകരിക്കുവാൻ സാധ്യമല്ല' എന്നാണ്. ശരിയായ വിവർത്തനം ' അവ ശരിയായ ലൈംഗിക പൂരകത്വത്തിൽ നിന്നു പുറപ്പെടുന്നവയല്ല' എന്നല്ലേ വേണ്ടിയിരുന്നത്.

 

ഒരു കാര്യം കൂടി പറഞ്ഞസാനിപ്പിക്കട്ടെ. സ്വവർഗലൈംഗികതയെ പിന്തുണയ്ക്കുന്നവർ സൗകര്യപൂർവം എടുത്തുപയോഗിക്കുന്നത് CCC 2358 ആണ്. നമുക്ക് അതൊന്നു വായിക്കാം.

 

"രൂഢമൂലമായ സ്വവർഗ്ഗഭോഗപ്രവണതയുള്ള സ്ത്രീപുരുഷന്മാരുടെ എണ്ണം അവഗണിക്കാവുന്നതല്ല. വസ്‌തുനിഷ്‌ടമായി ക്രമരഹിതമായ ഈ പ്രവണത അവരിൽ ഭൂരിഭാഗത്തിനും ഒരു പരീക്ഷണം തന്നെയാണ്. ആദരവോടും സഹാനുഭൂതിയോടും പരിഗണയോടും കൂടി അവരെ സ്വീകരിക്കണം. അവർക്കെതിരെ അന്യായമായ വിവേചനത്തിൻറെ സൂചനകൾ ഒന്നും ഉണ്ടാകരുത്. ഈ വ്യക്തികൾ തങ്ങളുടെ ജീവിതത്തിൽ ദൈവത്തിൻറെ ഇഷ്ടം നിറവേറ്റാൻ വിളിക്കപ്പെട്ടിരിക്കുന്നു. കൂടാതെ, ക്രിസ്ത്യാനികളെങ്കിൽ , തങ്ങളുടെ അവസ്ഥയിൽ നിന്നുളവാകുന്ന ബുദ്ധിമുട്ടുകളെ കർത്താവിൻറെ കുരിശിലെ ബലിയോടു ചേർക്കുവാനും അവർ വിളിക്കപ്പെട്ടിരിക്കുന്നു".

 

അതായത് നാം പ്രത്യേകമായ ആദരവും സഹാനുഭൂതിയും പരിഗണയും കൊടുത്തു സ്വീകരിക്കേണ്ടത് സ്വവർഗലൈംഗികത എന്ന തങ്ങളുടെ സ്വഭാവം ഒരു പരീക്ഷണമായി അനുഭവപ്പെടുന്ന ഭൂരിപക്ഷം മനുഷ്യരെയാണ്. അല്ലാതെ തങ്ങൾ ചെയ്യുന്ന മ്ലേച്ഛതയിൽ അഭിരമിക്കുകയും സന്തോഷിക്കുകയും അതിൽ തന്നെ തുടരുമെന്നു തീരുമാനമെടുക്കുകയും ചെയ്യുന്നവരെയല്ല. തങ്ങളുടെ ബലഹീനത ഒരു പരീക്ഷണമായി മനസിലാക്കുകയും തങ്ങളുടെ ജീവിതത്തിൽ തങ്ങൾ ദൈവത്തിൻറെ ഇഷ്ടം നിറവേറ്റാൻ വിളിക്കപ്പെട്ടിരിക്കുന്നു എന്നു മനസിലാക്കുകയും ചെയ്യുന്ന വ്യക്തികളെ അന്യായമായ യാതൊരു വിവേചനത്തിൻറെയും സൂചനകൾ നൽകാതെ ഹൃദയപൂർവം സ്വീകരിക്കണം എന്നാണു സഭ പഠിപ്പിക്കുന്നത് എന്നാണ് എനിക്കു മനസിലായത്. തങ്ങൾ ആയിരിക്കുന്ന പാപാവസ്ഥയിൽ ബുദ്ധിമുട്ടൊന്നും തോന്നാത്ത വ്യക്തികളെ അവരുടെ പാപത്തിൽ തുടരാൻ പ്രോത്സാഹിപ്പിക്കുക എന്നതു സഭ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല.

 

പ്രാർഥനാപൂർവം നിർത്തുന്നു.

ഒരു വിശ്വാസി.
Article URL:Quick Links

ആശയക്കുഴപ്പത്തിൻറെ അരൂപി കേരള കത്തോലിക്കാ സഭയിൽ

രണ്ടുദിവസമായി കേരളകത്തോലിക്കാസഭയിലെ എല്ലാവരെയും ആശങ്കപ്പെടുത്തുന്ന ചില സംഭവവികാസങ്ങൾ നടക്കുകയാണ്. അതിൻറെ തുടക്കം ഫ്രാൻസിസ് പാപ്പാ സ്വവർഗ ബന്ധങ്ങളെ അനുകൂലിച്ചു എന്ന രീതിയിൽ പല പ്രമുഖപത്രങ്ങളും ന്യൂസ്... Continue reading


ഇത് കേരളസഭയാണ് ഇവിടെ ഇങ്ങനെയെ നടക്കു...............

സുവിശേഷ പ്രഘോഷണം എന്നാൽ ബൈബിൾ വചനങ്ങൾ കാണാതെ പഠിച്ചു മറ്റുള്ളവരോട് പറയുന്നത് മാത്രമാണോ ? സ്വന്തം ജീവിതത്തിൽ പ്രവർത്തികമാക്കാൻ സാധിക്കാത്ത കാര്യങ്ങൾ പ്രഘോഷിച്ചിട്ടു അത് ഫലം ചൂടുന്നത് കാണാൻ ആഗ്രഹിക്ക... Continue reading


'തെറ്റായ പ്രബോധനങ്ങൾ വഴി കേരള സഭ കടുത്ത വിശ്വാസ പ്രതിസന്ധിയിലേക്ക്'? എന്ന ഡോക്ടർ അനീഷ് ജോൺ എഴുതിയ പോസ്റ്റിന് വിശദീകരണം. ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ്

'തെറ്റായ പ്രബോധനങ്ങൾ വഴി കേരള സഭ കടുത്ത വിശ്വാസ പ്രതിസന്ധിയിലേക്ക്'? എന്ന ഡോക്ടർ അനീഷ് ജോൺ എഴുതിയ പോസ്റ്റിന് വിശദീകരണം. ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ്   CCC 907 - "അൽമായർക്ക് തങ്ങളുടെ അറ... Continue reading


തെറ്റായ പ്രബോധനങ്ങൾ വഴി കേരളസഭ കടുത്ത വിശ്വാസ പ്രതിസന്ധിയിലേക്ക്?

തെറ്റായ പ്രബോധനങ്ങൾ വഴി കേരളസഭ കടുത്ത വിശ്വാസ പ്രതിസന്ധിയിലേക്ക്? നവീകരണ മേഖലയുമായി ബന്ധപ്പെട്ട്, തികഞ്ഞ കത്തോലിക്ക ആധ്യാത്മികതയുടെ അഭാവം അവിടെയുണ്ട് എന്ന ആരോപണം ശക്തമായി നിലനിൽക്കവേ, ഈ അടുത്തന... Continue reading