Home | Articles | 

Editorial
Posted On: 03/01/20 20:11
തെറ്റായ പ്രബോധനങ്ങൾ വഴി കേരളസഭ കടുത്ത വിശ്വാസ പ്രതിസന്ധിയിലേക്ക്?

 

തെറ്റായ പ്രബോധനങ്ങൾ വഴി കേരളസഭ കടുത്ത വിശ്വാസ പ്രതിസന്ധിയിലേക്ക്?

നവീകരണ മേഖലയുമായി ബന്ധപ്പെട്ട്, തികഞ്ഞ കത്തോലിക്ക ആധ്യാത്മികതയുടെ അഭാവം അവിടെയുണ്ട് എന്ന ആരോപണം ശക്തമായി നിലനിൽക്കവേ, ഈ അടുത്തനാളുകളിൽ "ഗ്ലോറിയസ് ഗോസ്പൽ" എന്ന 'നവീന സുവിശേഷം' വഴി കേരള കത്തോലിക്കാസഭ കടുത്ത വിശ്വാസ തകർച്ച യെ നേരിട്ടുകൊണ്ടിരിക്കുന്നു എന്ന് എന്റെ സഹവിശ്വാസികളെ ബോധ്യപ്പെടുത്താനും ജാഗരൂകതയോടെ ആദ്ധ്യാത്മിക മേഖലകളെ വിലയിരുത്താനും സഹായിക്കാൻ വേണ്ടിയാണ് ഈ വിചിന്തനങ്ങൾ.

പാലാ രൂപതയിൽ നടത്തപ്പെട്ട (Dec 19-23) 37-മത് ബൈബിൾ കൺവെൻഷനിലെ മുഖ്യപ്രഭാഷകനായിരുന്ന, ബഹുമാനപ്പെട്ട Fr.ദാനിയേൽ പൂവണ്ണത്തിൽ, വചന വേദിയിൽ പങ്കുവെച്ച കാര്യത്തെക്കുറിച്ച്, ഒരു പരിചയക്കാരിക്കുണ്ടായ ആശയക്കുഴപ്പത്തെ തുടർന്നാണ് ഇത് എഴുതുന്നത്.
"മുട്ടിൽ നിന്ന്, തിരി കത്തിച്ചു വെച്ച് വായിക്കണം" എന്ന ആമുഖത്തോടെ, വിശുദ്ധ പൗലോസ് ശ്ലീഹയുടെ ലേഖനങ്ങൾ (എഫേസോസ് 2:1-6; 2 കോറിന്തോസ് 5:14) ഉദ്ധരിച്ച് കൊണ്ട് 'എല്ലാവരും സ്വർഗ്ഗത്തിൽ പ്രവേശിക്കു'മെന്നും, "പാലായിലെ കൺവെൻഷൻ ഗ്രൗണ്ടിലാണ് ഇരിക്കുന്നതെങ്കിലും സത്യത്തിൽ നിന്റെ ഇരുപ്പ് പിതാവിന്റെ വലതു ഭാഗത്താണ്" എന്നും ബഹുമാനപ്പെട്ട അച്ചൻ പ്രസംഗിക്കുന്നത് യുട്യൂബിൽ ലഭ്യമാണ്. ചില വ്യക്തികൾ ഈ തെറ്റായ പഠനം സന്തോഷത്തോടെ സ്വീകരിച്ചതായി അറിയാൻ കഴിഞ്ഞു.
ഇതിന്റെ ശ്രദ്ധിക്കാത്ത ഒരു മറുവശമാണ് "നരകം ഇല്ല" എന്നുള്ള തെറ്റായ പ്രബോധനം (എല്ലാവരും സ്വർഗ്ഗത്തിലാണെങ്കിൽ നരകമില്ലാതെ വരുമല്ലോ!). സമീപകാലത്ത്, പെന്തക്കോസ്ത് സെക്റ്റിൽ നിന്നും കത്തോലിക്കാ സഭയിലേക്ക് വന്ന പാസ്റ്റർ സജിത്ത് (ഗ്ലോറിയസ് ഗോസ്പൽ), അദ്ദേഹത്തിന്റെ ഗുരുസ്ഥാനീയനായ പാസ്റ്റർ ഷിബു പീഡിയേക്കൽ എന്നിവരും കത്തോലിക്കാസഭയിലെ വചനപ്രഘോഷകനായ Br.തോമസ് പോൾ, പുരോഹിതനായ Fr.മൈക്കിൾ പനച്ചിക്കൽ, എന്നിവരും "നരകത്തിൽ ആരും പോവുകയില്ല" എന്ന് പഠിപ്പിക്കുന്നവരാണ്. ഇതിൽ ആദ്യം പറഞ്ഞ മൂവരുമായും ബഹുമാനപ്പെട്ട ദാനിയേൽ അച്ഛന് അടുത്ത സുഹൃദമാണുള്ളതെന്ന് സജിത്തിന്റെ വാക്കുകളിൽ നിന്നും ഇവർ ഒരുമിച്ചുള്ള പ്രോഗ്രാമുകളിൽ നിന്നും വ്യക്തമാണ്.
"എല്ലാവരും സ്വർഗ്ഗത്തിൽ പോകും" എന്ന കത്തോലിക്കാ വിരുദ്ധവും, തെറ്റായതുമായ പ്രബോധനം അനേകം ചോദ്യങ്ങൾക്ക് വഴിവയ്ക്കും.ഗ്ലോറിയസ് ഗോസ്പൽ എത്ര മാത്രം തിരുസഭാ സത്യങ്ങളെ വികലമാക്കും എന്ന് കാട്ടാൻ ചില വസ്തുതകൾ അവതരിപ്പിക്കുകയാണ്.

1] "മനുഷ്യപുത്രന്‍ എല്ലാ ദൂതന്‍മാരോടുംകൂടെ മഹത്വത്തില്‍ എഴുന്നള്ളുമ്പോള്‍ അവന്‍ തന്‍െറ മഹിമയുടെ സിംഹാസനത്തില്‍ ഉപവിഷ്‌ടനാകും.
അവന്‍െറ മുമ്പില്‍ എല്ലാ ജനതകളും ഒരുമിച്ചു കൂട്ടപ്പെടും. ഇടയന്‍ ചെമ്മരിയാടുകളെ കോലാടുകളില്‍നിന്നു വേര്‍തിരിക്കുന്നതുപോലെ
അവന്‍ അവരെ തമ്മില്‍ വേര്‍തിരിക്കും. അവന്‍ ചെമ്മരിയാടുകളെ തന്‍െറ വലത്തുവശത്തും കോലാടുകളെ ഇടത്തുവശത്തും നിറുത്തും.
....അനന്തരം അവന്‍ തന്‍െറ ഇടത്തു ഭാഗത്തുള്ളവരോടു പറയും: ശപിക്കപ്പെട്ടവരേ, നിങ്ങള്‍ എന്നില്‍ നിന്നകന്ന്‌ പിശാചിനും അവന്‍െറ ദൂതന്‍മാര്‍ക്കുമായി സജ്‌ജമാക്കിയിരിക്കുന്ന നിത്യാഗ്‌നിയിലേക്കു പോകുവിന്‍"
(മത്തായി 25 : 31-41).... ഈ വചനം എങ്ങനെ മനസിലാക്കും? പിശാചിനും അവന്‍െറ ദൂതന്‍മാര്‍ക്കുമായി സജ്‌ജമാക്കിയിരിക്കുന്ന നിത്യാഗ്‌നിയിലേക്കു ചിലർ പോകാനുള്ള സാദ്ധ്യത നിലനിൽക്കുമ്പോൾ, എല്ലാവരും സ്വർഗ്ഗത്തിൽ പോകുമെന്ന് ബഹുമാനപ്പെട്ട അച്ചൻ, ഉറപ്പിച്ച് പറയുന്നതിന്റെ അടിസ്ഥാനം എന്താണ്?

2] എല്ലാവരും സ്വർഗ്ഗത്തിൽ പ്രവേശിച്ചു കഴിഞ്ഞുവെങ്കിൽ എന്തിന് സഭ ഉണ്ടായിരിക്കണം? സഭയിൽ എന്തിന് കൂദാശകൾ ഉണ്ടായിരിക്കണം? എന്തിന് ബൈബിൾ ഉണ്ടായിരിക്കണം?

3] തിരുസഭയിൽ വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ച ലക്ഷക്കണക്കിനു ആത്മാക്കളുടെ സമർപ്പണത്തെ അപമാനിക്കലല്ലേ ഇത്തരം പഠനങ്ങൾ?
അനുനിമിഷം രക്തസാക്ഷിത്വജീവിതം നയിച്ച വിശുദ്ധരെയും ഈ പ്രബോധനം അപമാനിക്കുന്നു. മുൻകാലങ്ങളെക്കാൾ വലിയ വിശുദ്ധരെ പ്രദാനം ചെയ്യേണ്ട സഭയിൽ വിശുദ്ധ ജീവിതം ആവശ്യമില്ല എന്നചിന്ത പകരുന്ന ഈ 'സുവിശേഷം' സ്വർഗ്ഗത്തിൽ നിന്നുള്ളതല്ല എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.

4] എല്ലാവരും സ്വർഗ്ഗം ഉറപ്പാക്കിയവരെങ്കിൽ,എന്തിന് തിരുവനന്തപുരത്തുള്ള ദാനിയേൽ അച്ഛൻ തന്നെയും, പാലായിൽ വന്ന് പ്രസംഗിക്കണം?വിശുദ്ധ ജീവിതത്തേക്കാൾ സുവിശേഷപ്രഘോഷണത്തിന് പ്രാധാന്യം നൽകി നീങ്ങിക്കൊണ്ടിരിക്കുന്ന നവീകരണ മേഖലയിലെ ശുശ്രൂഷകർക്ക്, ഇനി വിശുദ്ധ ജീവിതം മാത്രമല്ല ശുശ്രൂഷകളും ആവശ്യമില്ലയെന്ന് ഗ്ലോറിയസ് ഗോസ്പൽ ഒരർത്ഥത്തിൽ അറിയിക്കുന്നു.

6] നരകം ഇല്ലെങ്കിൽ,അന്ത്യവിധിക്ക് ശേഷം സാത്താൻ എവിടെ പോകും?... മാനസാന്തരപ്പെട്ട് സ്വർഗ്ഗത്തിലേക്കോ?
സാത്താൻ, പിശാചുക്കൾ ഇവ ഉണ്ട് എന്ന് 'ഗ്ലോറിയസ് ഗോസ്പൽ' പ്രചാരകർ വിശ്വസിക്കുന്നില്ലെന്ന് തോന്നുന്നു. സാത്താൻറെ പ്രവർത്തനങ്ങൾക്കെതിരെ അതിശക്തമായി പോരാടുന്ന ഫാദർ ഡൊമിനിക് വാളമ്നാലിന്റെയും മറ്റും ശുശ്രൂഷകളെ അവഹേളിക്കുന്ന തരത്തിലുള്ള ഒരു നീക്കമാണിത്.

( 1 ) നരകത്തെക്കുറിച്ച്വിശുദ്ധ ബൈബിളിൽ നിന്ന്: സാക്ഷാൽ കർത്താവീശോമിശിഹായുടെ വാക്കുകളിൽ* ...

...സഹോദരനെ "വിഡ്‌ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്‌നിക്ക്‌ ഇരയായിത്തീരും.
(മത്തായി 5 : 22)

"വലത്തുകണ്ണ്‌ നിനക്കു പാപഹേതുവാകുന്നെങ്കില്‍ അതു ചൂഴ്‌ന്നെടുത്ത്‌ എറിഞ്ഞുകളയുക; ശരീരമാകെ നരകത്തിലേക്ക്‌ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്‌, അവയവങ്ങളിലൊന്നു നഷ്‌ടപ്പെടുകയാണ്‌.
വലത്തുകരം നിനക്കു പാപഹേതുവാകുന്നെങ്കില്‍, അതു വെട്ടി ദൂരെയെറിയുക. ശരീരമാകെ നരകത്തില്‍ പതിക്കുന്നതിനെക്കാള്‍ നല്ലത്‌, അവയവങ്ങളിലൊന്നു നഷ്‌ടപ്പെടുന്നതാണ്‌.
(മത്തായി 5 : 29-30)

"ശരീരത്തെ കൊല്ലുകയും ആത്‌മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ, മറിച്ച്‌, ആത്‌മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിൻ".
(മത്തായി 10 : 28)

"ഇരു കൈകളും ഉള്ളവനായി നരകത്തിലെ കെടാത്ത അഗ്‌നിയില്‍ നിപതിക്കുന്നതിനെക്കാള്‍ നല്ലത്‌ അംഗഹീനനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ്‌".
(മർക്കോസ്‌ 9 : 44)

"നിന്‍െറ കണ്ണുമൂലം നിനക്കു ദുഷ്‌പ്രരണ ഉണ്ടാകുന്നെങ്കില്‍ അതു ചൂഴ്‌ന്നെടുത്ത്‌ എറിഞ്ഞുകളയുക. ഇരുകണ്ണുകളും ഉള്ളവനായി,
പുഴു ചാകാത്തതും തീ കെടാത്തതുമായ നരകത്തിലേക്ക്‌ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്‌, ഒരു കണ്ണോടുകൂടെ ദൈവരാജ്യത്തിലേക്കു പ്രവേശിക്കുന്നതാണ്‌.
(മര്‍ക്കോസ്‌ 9 : 47-48).

"വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നിരവധിയാളുകള്‍ വന്ന്‌ അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും കൂടെ സ്വര്‍ഗരാജ്യത്തില്‍ വിരുന്നിനിരിക്കും.
രാജ്യത്തിന്‍െറ മക്കളാകട്ടെ, പുറത്തുള്ള അന്‌ധകാരത്തിലേക്ക്‌ എറിയപ്പെടും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും ".(മത്തായി 8 : 11-12)

"കളകള്‍ ശേഖരിച്ച്‌ അഗ്‌നിക്കിരയാക്കുന്നതെങ്ങനെയോ അങ്ങനെതന്നെ യുഗാന്തത്തിലും സംഭവിക്കും.
മനുഷ്യപുത്രന്‍ തന്‍െറ ദൂതന്‍മാരെ അയയ്‌ക്കുകയും
അവര്‍ അവന്‍െറ രാജ്യത്തുനിന്ന്‌ എല്ലാ പാപഹേതുക്കളെയും തിന്‍മ പ്രവര്‍ത്തിക്കുന്നവരെയും ഒരുമിച്ചു കൂട്ടി അഗ്നികുണ്‌ഡത്തിലേക്കെറിയുകയുംചെയ്യും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും .
അപ്പോള്‍ നീതിമാന്‍മാര്‍ തങ്ങളുടെ പിതാവിന്‍െറ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രശോഭിക്കും. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
(മത്തായി 13 : 40-43)

"അതിഥികളെക്കാണാന്‍ രാജാവ്‌ എഴുന്നള്ളിയപ്പോള്‍ വിവാഹവസ്‌ത്രം ധരിക്കാത്ത ഒരാളെ അവിടെ കണ്ടു.
രാജാവ്‌ അവനോടു ചോദിച്ചു: സ്‌നേഹിതാ, വിവാഹവസ്‌ത്രം ധരിക്കാതെ നീ ഇവിടെ പ്രവേശിച്ചതെങ്ങനെ? അവന്‍ മൗനം അവലംബിച്ചു.
അപ്പോള്‍ രാജാവ്‌ പരിചാരകന്‍മാരോടു പറഞ്ഞു: അവനെ കൈകാലുകള്‍ കെട്ടി പുറത്തെ അന്‌ധകാരത്തിലേക്ക്‌ വലിച്ചെറിയുക; അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.
(മത്തായി 22 : 11-13)

"മരിച്ചവരെല്ലാവരും, വലിയവരും ചെറിയവരും, സിംഹാസനത്തിനുമുമ്പില്‍ നില്‍ക്കുന്നതു ഞാന്‍ കണ്ടു. ഗ്രന്‌ഥങ്ങള്‍ തുറക്കപ്പെട്ടു; മറ്റൊരുഗ്രന്‌ഥവും തുറക്കപ്പെട്ടു. അതു ജീവന്‍െറ ഗ്രന്‌ഥമാണ്‌. ഗ്രന്‌ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്ന പ്രവൃത്തികള്‍ക്കനുസൃതം, മരിച്ചവര്‍ വിധിക്കപ്പെട്ടു.
തന്നിലുണ്ടായിരുന്ന മൃതരെ സമുദ്രം വിട്ടുകൊടുത്തു. മരണവും പാതാളവും തങ്ങളിലുണ്ടായിരുന്നവരെയും വിട്ടുകൊടുത്തു. അവരെല്ലാവരും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസൃതം വിധിക്കപ്പെട്ടു.
മൃത്യുവും പാതാളവും അഗ്‌നിത്തടാകത്തിലേക്ക്‌ എറിയപ്പെട്ടു. ഇതാണു രണ്ടാമത്തെ മരണം- അഗ്‌നിത്തടാകം.
ജീവന്‍െറ ഗ്രന്‌ഥത്തില്‍ പേരെഴുതപ്പെടാത്തവരെല്ലാം അഗ്‌നിത്തടാകത്തിലേക്ക്‌ എറിയപ്പെട്ടു"
(വെളിപാട്‌ 20 : 12-15)

(II)*

നരകത്തെകുറിച്ച് കത്തോലിക്കാ തിരുസഭയുടെ പ്രബോധനങ്ങൾ

"നരകത്തിന്റെ അസ്തിത്വത്തെയും അതിൻറ നിത്യതയെയും സഭയുടെ പ്രബോധനം സ്ഥിരീകരിക്കുന്നു. മാരക പാപത്തിന്റെ അവസ്ഥയിൽ മരിക്കുന്നവരുടെ ആത്മാക്കൾ, മരിച്ചാൽ ഉടനെ നരകത്തിലേക്ക് പതിക്കുന്നു. അവിടെ അവർ 'നിത്യാഗ്നിയായ' നരക പീഡനങ്ങൾ അനുഭവിക്കും. നരകത്തിലെ പ്രധാന ശിക്ഷ ദൈവത്തിൽ നിന്നുള്ള എന്നേക്കുമായ വേർപാടാണ്".
(മതബോധനഗ്രന്ഥം - 1035).

"നരകത്തിൽ പോകാൻ ആരെയും ദൈവം മുൻകൂട്ടി നിശ്ചയിക്കുന്നില്ല. കാരണം, അതിന് ദൈവത്തിൽനിന്ന് മനപ്പൂർവമുള്ളള ഒരു പിന്തിരിയലും(മാരകപാപം) അവസാനം വരെ അതിൽ ഉറച്ച് നിൽക്കലും അത്യാവശ്യമാണ്. 'ആരും നശിക്കാതിരിക്കാനും', 'എല്ലാവരും പശ്ചാത്തലത്തിലേക്ക് വരാനും' ആഗ്രഹിക്കുന്ന ദൈവത്തിന്റെ കാരുണ്യത്തിനായി സഭ കുർബാനയിലും തന്റെ വിശ്വാസികളുടെ അനുദിന പ്രാർത്ഥനകളിലും അപേക്ഷിക്കുന്നുണ്ട്".
(മതബോധന ഗ്രന്ഥം-1037).

"നരകം എന്നത് ദൈവത്തിൽ നിന്നുള്ള ശാശ്വതമായ വേർപെടലാണ്. സ്നേഹത്തിന്റെ തികഞ്ഞ അസാന്നിധ്യമാണ്.... ഒരുവൻ ബോധപൂർവം പൂർണസമ്മതത്തോടെ, അനുതപിക്കാതെ, ഗൗരവമുള്ള പാപത്തിൽ മരിക്കുകയും ദൈവത്തിന്റെ കരുണാപൂർണവും ക്ഷമാവഹവുമായ സ്നേഹം എന്നേക്കും നിരസിക്കുകയും ചെയ്യുമ്പോൾ അയാൾ ദൈവത്തോടും വിശുദ്ധരോടുള്ള ഐക്യത്തിൽ നിന്ന് തന്നെത്തന്നെ ഒഴിവാക്കുന്നു. ആരെങ്കിലും മരണ നിമിഷത്തിൽ സമ്പൂർണ്ണ സ്നേഹത്തിന്റെ മുഖത്ത് നോക്കുകയും എന്നാലും "വേണ്ട" എന്ന് പറയുകയും ചെയ്യുമോയെന്ന് നമുക്ക് അറിഞ്ഞുകൂടാ. പക്ഷേ നമ്മുടെ സ്വാതന്ത്ര്യം അത് സാധ്യമാക്കുന്നുണ്ട് . തന്റെ സഹോദരീസഹോദരന്മാർക്കെതിരെ ഹൃദയം അടയ്ക്കുന്നത് വഴി നമ്മെത്തന്നെ തന്നിൽനിന്ന് എന്നേക്കുമായി വേർപെടുത്തരുതെന്ന് യേശു നമുക്ക് വീണ്ടും വീണ്ടും മുന്നറിയിപ്പ് നൽകുന്നുണ്ട്. " ശപിക്കപ്പെട്ടവരെ, എന്നിൽ നിന്ന് അകന്നു പോകുവിൻ .....ഏറ്റവും എളിയവരിൽ ഒരുവന് നിങ്ങൾ ഇത് ചെയ്യാതിരുന്നപ്പോൾ എനിക്ക് തന്നെയാണ് ചെയ്യാതിരുന്നത് (മത്താ 25: 41,45)
(Youcat -161).

"നാമെല്ലാവരും പറുദീസയിൽ ആയിരിക്കണമെന്നു താൻ ആഗ്രഹിക്കുന്നുവെന്നും നമ്മുടെ കാലത്ത് അല്പം മാത്രം പറയുന്ന നരകം ഉണ്ടെന്നും തന്റെ സ്നേഹത്തിനെതിരെ ഹൃദയമടയ്ക്കുന്ന എല്ലാവർക്കും അത് ശാശ്വതമായിരിക്കുമെന്നും നമ്മോട് പറയാൻ വേണ്ടി ഈശോ വന്നു"
(Pope Benedict 16)

(III)
നരകത്തെക്കുറിച്ച് വിശുദ്ധരുടെ സാക്ഷ്യങ്ങളും വാക്കുകളും

"നരകഭയം വിവേകത്തിന്റെ തുടക്കവും മാനസാന്തരത്തിന്റെ ആരംഭവുമാണ്".
(ആവിലായിലെ വിശുദ്ധ ത്രേസ്യാ).
[..... ഈശോ, ആവിലായിലെ വിശുദ്ധ ത്രേസ്യായ്ക്ക് സ്വർഗ്ഗത്തിൻറെ ദർശനം നൽകി. എങ്കിലും അത് അവളിൽ വേണ്ട പ്രതികരണം ഉണ്ടാക്കിയില്ല. എന്നാൽ ആദ്യം ചരിച്ചിരുന്ന വഴിയിൽ കൂടി നടന്നിരുന്നെങ്കിൽ അവൾ ചെന്നെത്തുമായിരുന്ന നരകത്തിൻറെ സ്വഭാവം കാട്ടിക്കൊടുത്തപ്പോഴാണ്, സ്വർഗ്ഗത്തിന്റെ മഹാത്മ്യം അവൾ ശരിയായി മനസ്സിലാക്കിയത് ]

"നിത്യനാശത്തിലെ വേദനകൾ ഒരിക്കലും അവസാനിക്കുകയില്ല എന്ന വസ്തുതയാണ് എൻറെ വേദന കഠിനമാക്കിയത്"..... [വിശുദ്ധ അമ്മത്രേസ്യയ്ക്കുണ്ടായ നരകപീഡാ അനുഭവം].

"നരകത്തിൽ പതിച്ച ഭൂരിഭാഗവും നരകം ഇല്ലെന്ന് വിശ്വസിച്ചിരുന്നവരാണ്"
(വിശുദ്ധ ഫൗസ്റ്റീന)

"മുകളിലേക്ക് (ദൈവത്തിലേക്ക്) ഉയരാനുള്ള ആഗ്രഹം മനുഷ്യന് എപ്പോഴും ഉണ്ടായിരിക്കും. കാരണം ഏറ്റവും വലിയവനും ഉന്നതനുമായ ദൈവത്തിന് വേണ്ടിയാണ് അവൻ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. മുറിയിൽ അടയ്ക്കപ്പെട്ടിരിക്കുന്ന പക്ഷി, മുകൾത്തട്ടിലേക്ക് പറന്നിട്ട് വീണ്ടും കീഴോട്ട് വീഴുന്നതുപോലെ, നരകവാസി മുകളിലേക്ക് ഉയരുന്നുവെങ്കിലും ദൈവ നീതിയാകുന്ന മച്ചിൽ തട്ടി വീണ്ടും കീഴോട്ടു വീഴുന്നു"
(വിശുദ്ധ ജോൺ മരിയ വിയാനി)

സഭാപിതാവായ ഒരിജൻ, യുഗാന്ത്യത്തിൽ നരകം ഇല്ലാതായിത്തീരുമെന്ന് പഠിപ്പിച്ചിരുന്നുവെങ്കിലും ആ അബദ്ധപ്രബോധനം പിന്നീട് പിൻവലിച്ചത് ഗ്ലോറിയസ് ഗോസ്പൽ പ്രചാരകർ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.

IV
നരകദർശനം ലഭിച്ച വിശുദ്ധർ

St. John the apostle ( വെളിപാട് പുസ്തകത്തിൽ പ്രതിപാദിക്കുന്നു),
St. Bede, St. Catherine of Siena, St. Theresa of Avila, Blessed Maria de Agreda, St. Veronica Guiliani, Blessed Anne Catherine Emmerich, St. John Bosco, child visionaries of Fathima, St. Faustina മുതലായവർ.

ഗ്ലോറിയസ് ഗോസ്പലിന് മറ്റേതൊക്കെ കാര്യങ്ങളിൽ കത്തോലിക്കാ വിശ്വാസത്തിൽ നിന്ന് വ്യത്യാസങ്ങളുണ്ട് എന്ന് കൃത്യമായറിയില്ല. നരകമില്ല, എല്ലാവരും സ്വർഗ്ഗത്തിൽ കയറിക്കഴിഞ്ഞു തുടങ്ങിയ അബദ്ധപ്രബോധനങ്ങൾ പ്രൊട്ടസ്റ്റൻറ് വിശ്വാസത്തെയും ബാധിക്കുന്നതിനാൽ അവരുടെ പ്രമുഖ പാസ്റ്റർമാരും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കത്തോലിക്കാസഭയ്ക്കും പെന്തക്കോസ്തൽ സഭകൾക്കും അന്യമായ ഒരു 'സുവിശേഷമാണ്' ഇവർ പ്രഘോഷിക്കുന്നതെന്ന് പാസ്റ്റർമാർ അഭിപ്രായപ്പെട്ടു കഴിഞ്ഞു.

എന്റെ വ്യക്തിപരമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും:

- കേരള സഭയിലെ മെത്രാന്മാർ ഇക്കാര്യങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. അവരെ കബളിപ്പിച്ച് ആണ് ഇവർ ശുശ്രൂഷകൾ നടത്തുന്നത് എന്നു വേണം കരുതുവാൻ. തനതു വിധിയും നരകവുമായി ബന്ധപ്പെട്ട തെറ്റായ പഠനങ്ങളും നൽകിയതിന്റെ പേരിൽ ബ്രദർ ടോം സഖറിയയെയും 'സ്പിരിറ്റ് ഇൻ ജീസസി'നെയും മാറ്റിനിർത്തിയ മെത്രാന്മാർ ഈ അബദ്ധ പ്രബോധനങ്ങൾ അറിഞ്ഞിരുന്നെങ്കിൽ തക്ക നടപടി എടുത്തേനെ എന്നത് ഉറപ്പാണ്.

-
ഡാനിയൽ അച്ഛനെ കൂടാതെ മലങ്കര സഭയിലെ ഒരു പേരുകേട്ട ആൽമായനും മറ്റു മതങ്ങളുമായി ബന്ധപ്പെട്ട് വളരെ തെറ്റായ പഠനങ്ങൾ നൽകിവരുന്നത് അനേകരും ശ്രദ്ധിക്കുന്നുണ്ട്. മലങ്കര സഭാപിതാക്കന്മാർ എല്ലാ റീത്തുകളെയും ബാധിക്കുന്ന ഈ വിഷയത്തിൽ വേണ്ട രീതിയിലുള്ള തിരുത്തൽ നൽകണമെന്ന് വിശ്വാസികളായ ഞങ്ങൾ ആഗ്രഹിക്കുന്നു.മറ്റു മതസ്ഥർക്കും സഭാ വിഭാഗങ്ങൾക്കുമൊക്കെ തിരുസഭയെ സംബന്ധിച്ച് തെറ്റായ സന്ദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന ഇങ്ങനെയുള്ളവർക്ക് ശരിയായ ബോധ്യങ്ങൾ നൽകാൻ എത്രയും പെട്ടെന്ന് മനസ് കാട്ടണം എന്ന് അപേക്ഷിക്കുന്നു.

ഗ്ലോറിയസ് ഗോസ്പൽ എന്ന അബദ്ധ പ്രബോധത്തെയും അതിൻറെ പ്രചാരകരെയും പ്രോത്സാഹിപ്പിക്കുന്ന മറ്റു ധ്യാനഗുരുക്കന്മാർ ഒരു പക്ഷേ അറിയാതെയെങ്കിലും തിരുസഭയെ മുറിപ്പെടുത്തുന്ന പ്രവർത്തികളിൽ ആണ് ഏർപ്പെട്ടിരിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് എത്രയും പെട്ടെന്ന് ഇവരെ പ്രോത്സാഹിപ്പിക്കുന്നതിൽനിന്ന് പിന്മാറണം. ഗ്ലോറിയസ് ഗോസ്പലിന്റെ അബദ്ധ പ്രബോധനങ്ങളെ തള്ളിക്കളയുന്നതിനോടൊപ്പം അവരെ പ്രോത്സാഹിപ്പിക്കാൻ നിർബന്ധബുദ്ധി കാട്ടുന്ന ധ്യാനഗുരുക്കന്മാരെയും വിശ്വാസികൾ അകറ്റി നിർത്തി തിരുസഭാസ്നേഹം പ്രകടമാക്കണം.

ബഹുമാനപ്പെട്ട ഡാനിയേൽ അച്ഛന്റെ പ്രബോധനങ്ങളെക്കുറിച്ച് സഭ ഒന്നാകെ ജാഗരൂകമായിരിക്കണം. പെന്തക്കോസ്തൽ പഠനങ്ങൾ തന്റെ പ്രബോധനങ്ങളിൽകൂടി ഏറെ പങ്കുവച്ചിട്ടുള്ള അദ്ദേഹം കത്തോലിക്കാ സഭ എന്ന പേരും സഭയുടെ മതബോധന ഗ്രന്ഥവും ഉപയോഗിച്ചു തുടങ്ങിയത് ഏതാനും നാളുകൾക്കുള്ളിൽ മാത്രമാണ്. സ്വാഭാവികമായും കത്തോലിക്കാസഭാ പഠനങ്ങൾ അവതരിപ്പിക്കാൻ പറ്റിയ ഒരു പക്വത അദ്ദേഹത്തിൽ പ്രകടമാകുന്നില്ല എന്നതിനാൽ സഭയെക്കുറിച്ചും സഭാ സത്യങ്ങളെക്കുറിച്ചും സഭാത്മകമായി പഠിച്ചതിനുശേഷം ഇത്തരം ശുശ്രൂഷകൾ ചെയ്യുവാൻ അദ്ദേഹത്തെ അനുവദിക്കുന്നതാകും ഉചിതം എന്ന് എനിക്ക് തോന്നുന്നു.
ഒന്നാം പ്രമാണ ലംഘനമാണ് സഭയുടെ സർവ്വ പ്രശ്നങ്ങളുടെയും കാരണമെന്ന് പ്രഘോഷിച്ചു അനേകരെ വൈകാരികമായി ഉത്തേജിപ്പിച്ച അച്ഛൻ, ഇപ്പോൾ എല്ലാ പ്രമാണങ്ങളും ലംഘിച്ചാലും, ക്രിസ്തുവിനെ തള്ളി പറഞ്ഞാൽ പോലും ഒരു പ്രശ്നവുമില്ല, അവർ സ്വർഗ്ഗത്തിൽ എത്തും എന്ന് പഠിപ്പിച്ചു മറ്റൊരു രീതിയിൽ വിശ്വാസികളെ വികാരം കൊള്ളിക്കുകയാണ്.എന്നാൽ ആദ്യത്തെ തെറ്റിനേക്കാൾ വളരെ വലുതാണ് ഇപ്പോൾ പഠിപ്പിക്കുന്ന തെറ്റ്.

- കഴിഞ്ഞ പെന്തക്കുസ്തായ്ക്ക് ശേഷം താൻ പുതിയ അഭിഷേകം പ്രാപിച്ചുവെന്നും, അതിനു മുമ്പുണ്ടായിരുന്ന പ്രഭാഷണങ്ങളിൽ അപൂർണതകൾ ഉണ്ടായിരുന്നുവെന്നും, അദ്ദേഹത്തിന്റെ ഭാഷയിൽ "വിവരക്കേട്" ആയിരുന്നു താൻ സംസാരിച്ചുകൊണ്ടിരുന്നത് എന്നും ബഹുമാനപ്പെട്ട ഡാനിയേലച്ചൻ പറയുകയുണ്ടായി. "ആ വിവരക്കേടുകൾ" യൂട്യൂബിൽ നിന്നും ഒഴിവാക്കാൻ ബഹുമാനപ്പെട്ട അച്ചൻ സന്മനസ്സ് കാണിക്കണം. അതുപോലെ പാസ്റ്റർ സജിത്തും, തിരുസഭയുടെ വിശ്വാസം സ്വീകരിക്കുന്നതിനു മുമ്പുണ്ടായിരുന്ന "പെന്തക്കോസ്ത് പ്രഭാഷണങ്ങൾ" നീക്കം ചെയ്യണം !..... ഇരുവരും സത്യവിശ്വാസം പ്രഘോഷിക്കട്ടെ!പെന്തക്കുസ്തയ്ക്ക് ശേഷം താൻ മറ്റൊരു അഭിഷേകം പ്രാപിച്ചു എന്ന് പറഞ്ഞപ്പോൾ ശരിയായ സത്യത്തിലേക്ക് അദ്ദേഹം വന്നതിന്റെ തെളിവായി സന്തോഷിച്ചപ്പോൾ, ആദ്യത്തേതിനേക്കാൾ വലിയ തെറ്റുമായി വന്നിരിക്കുന്നത് വലിയ വേദന ഉളവാക്കുന്നു.

-സാധിക്കുമെങ്കിൽ തിരഞ്ഞെടുക്കപ്പെട്ടവരെ പ്പോലും വഴിതെറ്റിക്കുന്ന പ്രവർത്തികൾ സാത്താൻ ചെയ്യും എന്ന ഈശോയുടെ വചനങ്ങൾ ഇവരുടെ പ്രവർത്തനങ്ങളിലൂടെ പൂർത്തിയാകുന്നത് പോലെ അനുഭവപ്പെടുന്നു. ഈശോയെക്കാളും, സഭയെക്കാളും, മെത്രാന്മാരെക്കാളുമൊക്കെ ധ്യാനഗുരുക്കന്മാരെ സ്നേഹിച്ചുകൊണ്ടും ചിലപ്പോഴൊക്കെ ആരാധിച്ചു കൊണ്ടുമിരിക്കുന്ന സഭാതനയർക്ക് ഒരുകണ്ണു തുറക്കലാകണം ഈ സംഭവവികാസങ്ങൾ. വിവേചനത്തോടുകൂടി ധ്യാനഗുരുക്കന്മാരേയും ശുശ്രൂഷകളും കാണുവാൻ ഇത് കാരണമായിത്തീരണം.

കത്തോലിക്കാസഭയെ കുറിച്ചും മാർപ്പാപ്പയെ കുറിച്ചും തീഷ്ണമായി പ്രഘോഷിക്കുകയും, കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം ഉപയോഗിക്കുകയും ചെയ്തിട്ട്, അബദ്ധ പ്രബോധനങ്ങൾ നൽകുക സാത്താന്റെ വേറിട്ട ഒരു കെണിയാണ്. ഫാദർ ഡാനിയേലും ബ്രദർ തോമസ് പോളും ഇപ്രകാരം ഒരു ശൈലിയാണ് അവലംബിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു. അതിനാൽ ഇവരുടെ ശുശ്രൂഷകളെ തികച്ചും സഭാത്മകമാക്കുവാൻ മെത്രാന്മാർ ഉടനടി നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
ഇതെഴുതേണ്ടി വന്നത്, "എഴുതുന്നയാൾ" വിശുദ്ധനായതു കൊണ്ടല്ല...മറിച്ച് "തിരുസ്സഭ" വിശുദ്ധയായതുകൊണ്ടാണ്...... വിശുദ്ധ കത്തോലിക്കാ സഭയിൽ സത്യവിശ്വാസം വെള്ളം ചേർക്കാതെ,കലർപ്പില്ലാതെ പ്രഘോഷിക്കപ്പെടട്ടെ, ആമേൻ !!!
🌟🌟🌟🌟🌟🌟🌟🌟

25 വർഷത്തോളമായി കാഞ്ഞിരപ്പള്ളി രൂപതയിൽ നല്ലതണ്ണി എന്ന മലയിൽ ഒരു ചെറുസമൂഹം പ്രാർത്ഥനയിലും പരിത്യാഗത്തിലും തീക്ഷ്ണതയോടെ ജീവിക്കുന്നുണ്ട്. ബഹുമാനപ്പെട്ട ഡാനിയേൽ അച്ഛന്റെ പ്രഭാഷണം വഴി അവരെ അനേകർക്ക് അറിയാം. അവിടെയുള്ള ബ്രദറിനോട്, നരകത്തിൽ ആരും പോവുകയില്ല എന്ന 'ഗ്ലോറിയസ് ഗോസ്പൽ' പങ്കുവച്ചപ്പോൾ അദ്ദേഹം പറഞ്ഞു, "പോവുകയല്ലായിരിക്കും അവിടെ കൊണ്ടുപോയി ഇടുകയായിരിക്കും ചെയ്യുന്നത്" എന്ന്!!

 

ഇതുമായി ബന്ധപ്പെട്ട് ഒരു കമൻറ് ലഭിച്ചത്:

"Good morning bro, Br Thomas paul was conducting a retreat near my house and I was to attend it but could not. So they shared the videos on YouTube. In 1 of his talks he said that our salvation is guaranteed. I messaged him asking as to y he's teaching that n many of his teaching was that like the reformed protestant. He said that we need not follow the 10 commandments and I sent him the vatican 2 where it says if u say that we don't have to follow the 10 commandments its anathema. And he started sending me fr Daniel's talks. In 1 of his talks fr says that his teaching was influenced by bro Thomas Paul. Later I used to watch shibu peediyakal and sajith kannur videos as someone had sent me the links . Since I liked orthodox theology I had studied it a little bit but shibu peediyakal's teaching was not in line with orthodoxy. And what I was hearing was what fr Daniel n bro was preaching. There is no eternal hell. Fr dint preach that openly . I contacted bro sajith and once he asked me if I believed in hell and I said yes. Then he stopped messaging. That's y I said that their teaching are the same''.

 

myparish.net Member




Article URL:







Quick Links

തെറ്റായ പ്രബോധനങ്ങൾ വഴി കേരളസഭ കടുത്ത വിശ്വാസ പ്രതിസന്ധിയിലേക്ക്?

തെറ്റായ പ്രബോധനങ്ങൾ വഴി കേരളസഭ കടുത്ത വിശ്വാസ പ്രതിസന്ധിയിലേക്ക്? നവീകരണ മേഖലയുമായി ബന്ധപ്പെട്ട്, തികഞ്ഞ കത്തോലിക്ക ആധ്യാത്മികതയുടെ അഭാവം അവിടെയുണ്ട് എന്ന ആരോപണം ശക്തമായി നിലനിൽക്കവേ, ഈ അടുത്തന... Continue reading


'തെറ്റായ പ്രബോധനങ്ങൾ വഴി കേരള സഭ കടുത്ത വിശ്വാസ പ്രതിസന്ധിയിലേക്ക്'? എന്ന ഡോക്ടർ അനീഷ് ജോൺ എഴുതിയ പോസ്റ്റിന് വിശദീകരണം. ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ്

'തെറ്റായ പ്രബോധനങ്ങൾ വഴി കേരള സഭ കടുത്ത വിശ്വാസ പ്രതിസന്ധിയിലേക്ക്'? എന്ന ഡോക്ടർ അനീഷ് ജോൺ എഴുതിയ പോസ്റ്റിന് വിശദീകരണം. ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ്   CCC 907 - "അൽമായർക്ക് തങ്ങളുടെ അറ... Continue reading


മാമ്മോദീസാ സ്വീകരിച്ച് കുർബാന സ്വീകരിക്കുന്നവൻ ഒരിക്കലും പേടിക്കേണ്ട, അവന് ശിക്ഷാവിധിയില്ലായെന്ന് തറപ്പിച്ച് അച്ചൻ പറയുമ്പോൾ നരകത്തിന്റെ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടും.

സംശയങ്ങൾ മാറ്റിത്തരുമോ? Praise the Lord. എന്റെ പേര് എലിസബത്ത് എന്നാണ്. ഞാൻ Qatar ൽ നിന്നാണ് ഇതെഴുതുന്നത്.25 വർഷത്തോളമായി നവീകരണ മേഖലയിൽ പ്രവർത്തിക്കുന്നു.   നരകത്തിന്റെ അസ്ഥിത്വവു... Continue reading